ഗൂഡല്ലൂർ: മേഫീൽഡ് എസ്റ്റേറ്റ് ബംഗ്ലാവിന് സമീപം മറ്റൊരു പശുവിനെ വീണ്ടും കടുവ കൊന്നു. മഹേഷ് എന്ന തൊഴിലാളിയുടെ കറവപ്പശുവിനെ ആണ് കൊന്നത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു ആക്രമണം. ദേവൻ എസ്റ്റേറ്റിൽ ചന്ദ്രനെ കൊന്ന ഭാഗത്ത് കടുവയെ പിടികൂടാനുള്ള സന്നാഹങ്ങളുമായി നിൽക്കുന്ന സ്ഥലത്തിെൻറ സമീപപ്രദേശമാണ് മേഫീൽഡ്. ഇതോടെ മേഫീൽഡ് എസ്റ്റേറ്റ് തൊഴിലാളികളും പരിസരത്തുള്ളവരും ഭീതിയിലായിരിക്കുകയാണ്.
രണ്ടുദിവസം ജനം പുറത്തിറങ്ങരുതെന്ന് കലക്ടർ
ഗൂഡല്ലൂർ: തോട്ടംതൊഴിലാളിയെ കൊന്നതിനെ തുടർന്ന് കടുവയെ പിടികൂടാനുള്ള നടപടികളെക്കുറിച്ചും ജാഗ്രതാനിർദേശം നൽകുന്നതിനുമായി ജില്ല കലക്ടർ ജെ. ഇന്നസെൻറ് ദിവ്യ ദേവൻ എസ്റ്റേറ്റ് സന്ദർശിച്ചു. കലക്ടർക്കൊപ്പം മുതുമല കടുവസങ്കേതം ഡയറക്ടർ വെങ്കിടേഷ്, ഊട്ടി ഡി.എഫ്.ഒ സച്ചിൻ ദുക്കാറെ, ആർ.ഡി.ഒ ശരവണ കണ്ണൻ, തഹസിൽദാർ കൃഷ്ണമൂർത്തി, ഡിവൈ.എസ്.പി കുമാർ, ശ്രീമധുര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിൽ, ദേവർഷോല എക്സിക്യൂട്ടിവ് ഓഫിസർ വേണു, മറ്റ് വനംവകുപ്പ്, റവന്യൂ അധികൃതരും ഉണ്ടായിരുന്നു.
രണ്ടു ദിവസത്തേക്ക് തൊഴിലാളികൾ അടക്കമുള്ള ജനങ്ങൾ പുറത്തേക്കിറങ്ങരുതെന്ന് കലക്ടർ ഉത്തരവിട്ടു. ഭക്ഷ്യവസ്തുക്കളടക്കമുള്ള അവശ്യസാധനങ്ങൾ വീടുകളിൽ എത്തിക്കാൻ പഞ്ചായത്ത്, റവന്യൂ അധികൃതർക്ക് നിർദേശം നൽകി. ജനങ്ങൾ പുറത്തിറങ്ങുന്നത് തടയാൻ പൊലീസ് സഹായത്തോടെ സംഘത്തെ നിയോഗിക്കാനും ആർ.ഡി.ഒക്ക് നിർദേശവും നൽകി. ഇവിടേക്കുള്ള ബസ് സർവിസും തൽക്കാലം നിർത്തിവെക്കാൻ ആവശ്യപ്പെട്ടു.
കടുവയെ പിടികൂടാൻ ജനങ്ങളുടെ സഹകരണം അനിവാര്യം
ഗൂഡല്ലൂർ: കടുവയെ വേഗത്തിൽ പിടികൂടാൻ പ്രദേശവാസികളുടെ സഹകരണം അനിവാര്യമാണെന്ന് മുതുമല കടുവ സങ്കേത ഡയറക്ടർ വെങ്കിടേഷ്. കഴിഞ്ഞ ദിവസം പശുവിനെ പിടിച്ച സമയത്ത് ജനങ്ങളൊന്നടങ്കം ബഹളം വെക്കുകയും കൂട്ടം കൂടിയതാണ് കടുവ പിന്നീട് പശുവിനെ തിന്നാൻ വരാൻ വൈകിയത്. പരിസരത്തു നിന്ന് ചെറിയ ശബ്ദംകേട്ടാൽ പോലും മൃഗം അവിടെ നിന്ന് സ്ഥലം മാറും. ഇത് കടുവയെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടും. അതുകൊണ്ട് ജനങ്ങൾ കൂട്ടം കൂടുന്നതും ബഹളം വെക്കുന്നതും ഒഴിവാക്കിയാൽ അധികൃതരുടെ നടപടികൾ എളുപ്പമാവുമെന്നും എഫ്.ഡി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.