പനമരം: പഞ്ചായത്തിലെ ആദിവാസി വിഭാഗങ്ങൾക്ക് വിതരണംചെയ്ത ആടുകൾ ചത്തൊടുങ്ങാൻ കാരണം ശ്വാസകോശത്തെ ബാധിക്കുന്ന ബാക്ടീരിയൽ ന്യൂമോണിയയെന്ന് റിപ്പോർട്ട്.
ചത്തൊടുങ്ങിയ ആടുകളുടെ ആന്തരീകാവയവങ്ങൾ പൂക്കോട് വെറ്ററിനറി കോളജിൽ എത്തിച്ച് നടത്തിയ പഠനത്തിലാണ് മരണ കാരണം തണുപ്പുമൂലം ഉണ്ടാകുന്ന രോഗബാധയാണെന്ന് കണ്ടെത്തിയത്.
ചെമ്പോട്ടി, പാതിരിയമ്പം, പൂപ്പാളി പുത്തങ്ങാടി കോളനികളിൽ ദിവസങ്ങൾക്ക് മുമ്പ് വിതരണം ചെയ്ത 59 ആടുകളിൽ എട്ടെണ്ണമാണ് ചത്തത്. ചെമ്പോട്ടി കോളനിയിലെ 25 ആടുകളിൽ ആറെണ്ണം ചാവുകയും നാലെണ്ണം രോഗബാധിതരാകുകയും ചെയ്തു.
ഇതോടെ ആട് വിതരണത്തിൽ അപാകത ആരോപിച്ച് കോളനിക്കാർ രംഗത്തെത്തിയിരുന്നു. തുടർന്ന് പനമരം വെറ്ററിനറി സർജൻ കെ. മുസ്തഫയുടെ നേതൃത്വത്തിലുള്ള സംഘം കോളനികളിലെത്തി ചികിത്സ ആരംഭിച്ചു.
നാല് ദിവസം തുടർച്ചയായി രോഗപ്രതിരോധ കുത്തിവെപ്പ് നടത്തി. ഇതിനിടെ ഒരാട് കൂടി ചത്തെങ്കിലും ബാക്കിയുള്ളവയെല്ലാം രോഗമുക്തി നേടി.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ആസൂത്രണംചെയ്ത പെണ്ണാട് പദ്ധതി പ്രകാരമായിരുന്നു പനമരം ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി എസ്.ടി വിഭാഗങ്ങള്‍ക്ക് ആടുകളെ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.