തിരുനെല്ലി: കാടിനു നടുവിലെ തിരുനെല്ലിക്ക് വീണ്ടും ഗദ്ദികക്കാലം. ചുവപ്പു പട്ടുടുത്ത് നെറ്റിയിൽ കുറിവരച്ച് അനുഷ്ഠാനത്തിന്റെ കൈകൾ കോർത്ത് അടിയ സമുദായം ഓർമകളെ തിരികെ വിളിച്ചു. തിരുനെല്ലി ക്ഷേത്രനടയിൽനിന്ന് തുടങ്ങി വീടുവീടാന്തരം കയറിയിറങ്ങി നാടിന്റെ നല്ല കാലത്തിനായാണ് ഗദ്ദികയുടെ ഉണർത്തുപാട്ടുകൾ. തിരുനെല്ലിയിലും തൃശ്ശിലേരിയിലും മാത്രം ഒതുങ്ങുകയാണ് ഇന്ന് ഈ അനുഷ്ഠാനങ്ങൾ. ഗദ്ദികയുടെ ആചാര്യനായിരുന്ന പി.കെ. കാളനും മരുമകൻ പി.കെ. കരിയനുംശേഷം ഗദ്ദികയെ ഗോത്രഗ്രാമങ്ങളിൽ നില നിർത്താൻ സമുദായവും പാടുപെടുകയാണ്.
നാട്ടുഗദ്ദികയെന്ന ആചാരത്തനിമയുടെ നിധിസൂക്ഷിപ്പുകാരാണ് അടിയസമൂഹം. ഗോത്രജീവിതത്തിന്റെ അതിവേഗം പിന്നിട്ടുപോകുന്ന കാഴ്ചകളിൽ നാട്ടുഗദ്ദിക സവിശേഷമാണ്. മൂപ്പൻ പാട്ടുപാടി അനുഷ്ഠാനത്തെ ഉണർത്തുമ്പോൾ സ്ത്രീ വേഷം കെട്ടിയ പുരുഷൻമാർ കുടിലിനകത്തുനിന്ന് ഇറങ്ങുകയായി. ഒറ്റച്ചെണ്ടയിൽ മേളം കനക്കുന്നതിനനുസരിച്ച് ചുവടുകൾക്ക് ചടുലതയും താളവും കൈവരികയായി.
ഉറഞ്ഞുതുള്ളിയ മൂപ്പൻമാർ കൽപിക്കുന്ന വിധിയുടെ അനന്തരം ജാതിമത ഭേദമന്യേ വീടുവിടാന്തരം നാട്ടുഗദ്ദിക കയറിയിറങ്ങുകയായി. കാലം പരിഷ്കാരങ്ങൾ അതിവേഗം ഏറ്റുവാങ്ങുമ്പോൾ അനുഷ്ഠാനകലകൾ നിലനിർത്താൻ പാടുപെടുകയാണ് ഇന്ന് ഈ സമൂഹം. വർഷംതോറും നാടിന്റെ നന്മക്കായി അവതരിപ്പിക്കുന്ന ഗദ്ദിക ഏഴു ദിവസം നീണ്ടുനിൽക്കുന്നതാണ്. അരിയും തേങ്ങയും മുത്താറിയുമാണ് ഗദ്ദികയ്ക്കു വേണ്ടത്. മുറം ചാരി ചൂരൽവടിവെച്ച് കാണിക്കയർപ്പിച്ചാണ് ഈ ചടങ്ങുകൾ തുടങ്ങിയിരുന്നത്. ഗദ്ദിക നടത്താൻ സംഹാരമൂർത്തിയായ ശിവനോട് അനുവാദം ചോദിക്കുന്നതും അനുഷ്ഠാനമാണ്.
കർണാടകയിൽനിന്നുമാണ് അടിയരുടെ വയനാട്ടിലേക്കുള്ള കുടിയേറ്റം. കന്നട കൂട്ടിക്കലർത്തിയ ഭാഷയും ജീവിതരീതിയുമാണ് ഇവരിൽ ശേഷിക്കുന്നത്. ഏറെക്കാലം ഇവരുടെ കുടിലുകളിൽത്തന്നെയാണ് ഗദ്ദിക എന്ന കലാരൂപം ഒതുങ്ങിനിന്നത്. പി.കെ. കാളനാണ് ഈ അനുഷ്ഠാനത്തിൻറ അൽപം ഭാഗമെങ്കിലും പുറംലോകത്തിനായി പരിചയപ്പെടുത്തിയത്.
‘നമുക്കിടയിൽ മാത്രം ഒതുങ്ങിനിൽക്കേണ്ട കലാരൂപവും അനുഷ്ഠാനവുമല്ല ഇത്. വരുംതലമുറകൾ ഇതിനെ ഏറ്റെടുക്കണം. ഇതിനായി നാട്ടുഗദ്ദികയെ ജനസമക്ഷം അവതരിപ്പിക്കുന്നു’ എന്നാണ് പി.കെ. കാളൻ പറഞ്ഞത്.
സ്വന്തം സമുദായത്തിൽ ഇതിനോട് വിയോജിച്ചുനിന്നവരോടെല്ലാം കലഹിച്ച് നിർബന്ധബുദ്ധിയോടെ ഗദ്ദികയെ കാളൻ പൊതുവേദിയിൽ പരിചയപ്പെടുത്തി. പിന്നീട് കേരള ഫോക് ലോർ അക്കാദമി ചെയർമാൻ പദവി ഏറ്റെടുത്തപ്പോൾ ഗദ്ദികയ്ക്കായി ഒരു അക്കാദമി സ്വന്തം നാട്ടിൽ സ്ഥാപിക്കണമെന്നായി കാളന്റെ ആഗ്രഹം. എന്നാൽ, ഇതിനുമുമ്പേ ഈ കുലപതി അരങ്ങൊഴിഞ്ഞു.
കാളന്റെ മരുമകൻ പി.കെ. കരിയൻ ആവുന്നപോലെ ഈ കലാരൂപത്തെ സംരക്ഷിക്കാൻ പരിശ്രമങ്ങൾ നടത്തി. ഇപ്പോൾ ഈ അനുഷ്ഠാനം സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം പിൻതലമുറയിൽ എത്തിനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.