വെള്ളമുണ്ട: വർഷങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ ഭൂമി ലഭിച്ചെങ്കിലും ദുരിതത്തിനു മാത്രം അറുതിയില്ലാതെ ആദിവാസികൾ.
വെള്ളമുണ്ട പഞ്ചായത്തിലെ പെരുങ്കുളം സമരഭൂമിയിലെ ആദിവാസി കുടുംബങ്ങളാണ് പ്രയാസങ്ങളുടെ നടുവിൽ കഴിയുന്നത്. മിച്ചഭൂമി കൈയേറി കുടിൽ കെട്ടിയ ആദിവാസി കുടുംബങ്ങൾക്ക് സ്ഥലം ലഭിച്ചെങ്കിലും കിടന്നുറങ്ങാൻ വീടില്ല പലർക്കും.
ഭൂമി കൈവശരേഖ ലഭിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും വീടിനുള്ള അപേക്ഷ പരിഗണിച്ചിരുന്നില്ല. മഴക്കാലത്ത് മണ്ണിടിച്ചിലും ഉരുൾപൊട്ടലുകളും ആവർത്തിക്കുന്ന ഭൂമിയിൽ നിന്ന് മാറ്റിപ്പാർപ്പിക്കാൻ രണ്ടുവർഷം മുമ്പ് അധികൃതർ തീരുമാനിച്ചതോടെയാണ് ഇവരുടെ ജീവിതം ആശങ്കയിലായത്.
മുളകൊണ്ട് കെട്ടിയുണ്ടാക്കിയ കുടിലുകളിലാണ് പലരും താമസിക്കുന്നത്. 15 വർഷത്തിലധികമായി ഇവിടെ താമസിക്കുന്ന പലർക്കും വീട് ഇപ്പോഴും സ്വപ്നമാണ്. മഴയിൽ ഏക റോഡ് ഒലിച്ചുപോയതിനാൽ മലമുകളിലെ ഇവരുടെ ഭൂമിയിലേക്കെത്താൻ സൗകര്യപ്രദമായ വഴിയില്ല. ഇതോടെ സമരം ചെയ്ത് നേടിയ ഭൂമി ഇട്ടെറിഞ്ഞ് പല കുടുംബങ്ങളും മറ്റ് കോളനികളിലേക്ക് താമസം മാറ്റിയിട്ടുണ്ട്.
ശക്തമായ കാറ്റിലും മഴയിലും കുടിലുകൾ തകർന്നതും ഇവരുടെ ജീവിതം ദുസ്സഹമാക്കി. ചോരുന്ന കൂരകളിൽ അടച്ചുറപ്പില്ലാത്ത പന്തലുകൾക്കകത്തെ ഇവരുടെ ദുരിതജീവിതം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. മഴ തുടങ്ങിയതോടെ ഈ കുടുംബങ്ങൾ ഭീതിയുടെ നിഴലിലാണ്.
മുമ്പ് ശക്തമായ ഉരുൾപൊട്ടലുണ്ടായി ആദിവാസി സ്ത്രീ മരണപ്പെട്ട പ്രദേശമാണിത്. കഴിഞ്ഞ രണ്ടു വർഷവും വ്യാപക ഉരുൾപൊട്ടലും മണ്ണിടിച്ചിലും ആദിവാസി കോളനികളിലടക്കം ഉണ്ടായിരുന്നു.
തുടർന്നാണ് ഭൂമി ആദിവാസി പദ്ധതിയിലുൾപ്പെടുത്തി ഇവരെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ, വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ലഭിച്ച ഭൂമി വിട്ടുകൊടുത്ത് പകരം കുറഞ്ഞ ഭൂമിയും വീടും ഏറ്റെടുക്കാൻ ആദിവാസികളിൽ പലരും തയ്യാറായിട്ടുമില്ല.
മഴ കനക്കുന്നതോടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാനുള്ള നടപടികളാണ് നിലവിൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.