വൈത്തിരി: പിണങ്ങോട് ഡബ്ല്യു.എം.ഒ ഹയർ സെക്കൻഡറി സ്കൂൾ രസതന്ത്രം അധ്യാപകൻ ടി. മുജീബ് രക്ഷിതാക്കൾക്കും സഹ അധ്യാപകർക്കും നാട്ടുകാർക്കും ഒരുപോലെ വിജ്ഞാനദായകനാണ്. വിദ്യാഭ്യാസ, മോട്ടിവേഷന്‍ രംഗത്തെ കേരളത്തിലെ ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് ചാനലായ എം.ടി വ്ലോഗിെൻറ ഉടമയാണ്. ആധികാരികവും വിജ്ഞാനപ്രദവും അത്യന്താപേക്ഷിതവുമായിട്ടുള്ള അഞ്ഞൂറിലധികം വിഡിയോകൾ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.
പഠന മനന തന്ത്രങ്ങൾ, കരിയർ ഗൈഡൻസ്, മോട്ടിവേഷൻ, വ്യക്തിത്വ വികസനം, മോഡേൺ ടെക്നോളജി, ഇൻറർവ്യൂകളിൽ പ്രാവീണ്യം, കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിൽ ഉപയോഗിക്കാവുന്ന വിദ്യകൾ തുടങ്ങി നിരവധി വിഷയങ്ങളെ ആസ്പദമാക്കിയുള്ള യൂട്യൂബ് ചാനലിൽ 18 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുണ്ട്. ഫേസ്ബുക്കിലാണെങ്കിൽ നാലു ലക്ഷവും. എം.ടി എന്ന പേരിലാണ് മുജീബ് മാഷിെൻറ ബ്ലോഗ്. വിവിധ ജില്ലകളിലായി വിവിധ വിഷയങ്ങളിലൂന്നിയ കൗൺസലിങ് ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ആയിരത്തിലധികം സ്റ്റേജുകളിൽ പതിനായിരത്തിലധികം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ക്ലാസെടുത്തു. അധ്യാപകർക്ക് മാനേജ്മെൻറ് പരിശീലനവും ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകളിൽ പ്രാവീണ്യവും നൽകുന്ന എം.ടി മാനേജ്മെൻറ് അക്കാദമി സ്വന്തമായുണ്ട്.
മെഡിക്കൽ, എൻജിനീയറിങ് പോലുള്ള വിവിധ എൻട്രൻസ് കോഴ്സുകൾ, ശാസ്ത്രമേളകൾ, കലോത്സവം, എൻ.എസ്.എസ്, കരിയർ ഗൈഡൻസ് കോഴ്സുകൾ എന്നിവയുടെ കോഓഡിനേറ്ററാണ്. കുടുംബ പ്രശ്നങ്ങൾ, മാനസിക സമ്മർദങ്ങൾ, മയക്കുമരുന്നിെൻറയും മറ്റു ദുശ്ശീലങ്ങളുടെയും അടിമപ്പെടൽ, മൊബൈൽ ഫോണിന് അഡിക്ടാവൽ, ജീവിതവൈകൃതങ്ങൾ തുടങ്ങി വിവിധ പ്രയാസങ്ങളനുഭവിക്കുന്നവരെ ക്രമപ്രദമായ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ ഇദ്ദേഹത്തിെൻറ ക്ലാസുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മാഷിെൻറ പഠനകാലം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. ഏഴാം ക്ലാസ് മുതൽ ഹോട്ടൽ ജോലി ചെയ്തു. ഈ പ്രയാണത്തിൽ പ്രചോദനം ഉമ്മ ആസ്യയാണെന്ന് മാഷ് പറയന്നു. ചെന്നലോട് സ്വദേശിയാണ്. ഭാര്യ: മർജാൻ. അഞ്ചാം ക്ലാസ് വിദ്യാർഥി മിസ്ഹാജ് ഏകമകനാണ്.
സുനില്‍കുമാറിന് അർഹതക്ക് അംഗീകാരം
കൽപറ്റ: കാക്കവയല്‍ ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ പ്രധാനാധ്യാപകന് എം. സുനില്‍കുമാറിന് സംസ്ഥാന അധ്യാപക അവാര്‍ഡ് അർഹതക്കുള്ള അംഗീകാരമാണ്. സെക്കൻഡറി വിഭാഗത്തിലാണ് അവാർഡ്. പഠനത്തിനും പാഠ്യേതരപ്രവര്ത്തനത്തിനും ഒരുപോലെ പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളാണ് അവാർഡിന് അർഹനാക്കിയത്. 1999 ജൂലൈ 19ന് കരിങ്കുറ്റി ഗവ. ഹൈസ്കൂളില്‍ ബയോളജി അധ്യാപകനായാണ് സേവനം തുടങ്ങിയത്. പടിഞ്ഞാറത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും പനമരം ടി.ടി.ഐയിലും ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ എസ്.എസ്.എയുടെ വൈത്തിരി ബി.ആര്.സിയില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫിസറായും പ്രവര്‍ത്തിച്ചു. 2020 ജൂണ്‍ ഒന്നിനു പത്തനംതിട്ട കീക്കൊഴൂര്‍ ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകനായി. എന്‍.എസ്.എസ് കോഓഡിനേറ്റര്‍, കില ട്രെയിനര്‍, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ എംപാനല്‍ഡ് സോഷ്യല്‍ വര്‍ക്കര്‍, ദുരന്ത നിവാരണം കൗണ്‍സിലര്‍, വയനാട് ജില്ല ആര്‍ച്ചറി അസോസിയേഷന് അംഗം, ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് ജില്ല അക്കാദമിക് കോഓഡിനേറ്റര്‍, സ്പിക്മാക്കെ ജില്ല കോഒാഡിനേറ്റര്‍, ഡബ്ല്യു.ഡബ്ല്യു.എഫ് പ്രോഗ്രാം കോഓഡിനേറ്റര്‍, ദേശീയ ഹരിതസേന (എന്‍.ജി.സി) ജില്ല ജോ.കോഓഡിനേറ്റര്‍, ജീവശാസ്ത്ര കൗണ്‍സില്‍ ചെയര്മാന്, ജീവശാസ്ത്രത്തിെൻറ സംസ്ഥാന-ജില്ല റിസോഴ്സ് പേഴ്സൻ തുടങ്ങിയ പദവികള്‍ വഹിച്ചു.
ഭാര്യ വി.എം. ശ്രീജ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ അധ്യാപികയാണ്. മക്കള്‍: അദ്വൈത് (ബി.ടെക് വിദ്യാര്‍ഥി), ആദര്‍ശ് (ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി, ഡബ്ല്യു.എം.ഒ പിണങ്ങോട്). മുണ്ടേരി എച്ച്.എസ് നഗറില്‍ വൈഗയിലാണ് താമസം.
ശ്യാലിന് ഇത് പ്രതിബദ്ധതക്കുള്ള അംഗീകാരം
കൽപറ്റ: ഹയർ സെക്കൻഡറി വിഭാഗത്തിലെ സംസ്ഥാന അധ്യാപക അവാർഡ് കെ.എസ്. ശ്യാലിന് പാഠ്യ-പാഠ്യേതര രംഗങ്ങളിലെ ആത്മാർഥമായ പ്രവർത്തനത്തിനുള്ള അംഗീകാരമാണ്. അമ്പലവയൽ നെല്ലാർച്ചാൽ ഒഴലക്കൊല്ലിയിൽ കറുത്തുപാറൻ വീട്ടിൽ ശ്യാൽ 16 വർഷമായി എസ്.കെ.എം.ജെ ഹയർ സെക്കൻഡറി കെമിസ്ട്രി അധ്യാപകനാണ്. അധ്യാപനത്തോടൊപ്പമുള്ള പൊതുപ്രവർത്തനമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.
രണ്ടു വർഷമായി എൻ.എസ്.എസ് ജില്ല കൺവീനർ ചുമതല നിർവഹിക്കുന്നു. 2016ൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസറായായിരുന്നു തുടക്കം. പിന്നീട് 11 സ്കൂളുകളുടെ ചുമതലയുള്ള ക്ലസ്റ്റർ കൺവീനർ ചുമതല ഏറ്റെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസറായിരുന്നപ്പോൾ പെരുന്തട്ടയിലെ ലക്ഷ്മിയമ്മക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചു. ഇപ്പോൾ ചെമ്പോത്തറയിൽ ഒരു വീടിെൻറ പണി പൂർത്തീകരിക്കുവാനുള്ള ഒരുക്കത്തിലാണ്. വയനാട് ജില്ല ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീം കൂട്ടായ്മ നിർമിക്കുന്ന സ്നേഹഭവനത്തിെൻറ പ്രധാന വാർപ്പ് പൂർത്തിയായി. എസ്.കെ.എം.ജെ സയൻസ് ക്ലബ് കൺവീനറായിരുന്നപ്പോൾ ബാലശാസ്ത്ര കോൺഗ്രസിൽ പ്രോജക്ട് അവതരിപ്പിച്ചതിെൻറ ഫലമായി സ്കൂളിന് ദേശീയ അംഗീകാരം നേടിക്കൊടുത്തു.
2019ൽ എൻ.എസ്.എസ് സംസ്ഥാന അവാർഡ് ലഭിച്ചു. കെ.ആർ. ശിവശങ്കരൻ-എൻ.ബി. ശോഭന ദമ്പതികളുടെ മകനാണ്. ഭാര്യ: ടി.എസ്. സുഷ. മക്കൾ: അദ്വിക്, അദ്രിജ. അപ്രതീക്ഷിതമായിരുന്നു പുരസ്കാരമെന്നും ഏറെ സന്തോഷമുണ്ടെന്നും ശ്യാൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.