കൽപറ്റ: കന്നിയങ്കത്തിനിറങ്ങിയ പ്രിയങ്ക ഗാന്ധിയുടെ തിളക്കത്തിൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ എൽ.ഡി.എഫിന് ഇത്തവണ അടിതെറ്റി. കഴിഞ്ഞ ഏപ്രിൽ 26ന് നടന്ന ലോക്സഭ പൊതു തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജ നേടിയതിനെക്കാൾ 71,616 വോട്ടിന്റെ കുറവാണ് ഇത്തവണ സത്യൻ മൊകേരിക്ക് ലഭിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ വോട്ടിങ്ങിൽ 8.76 ശതമാനത്തിന്റെ കുറവുണ്ടായത് എൽ.ഡി.എഫ് വോട്ടുകളെ തന്നെയാണ് കൂടുതൽ ബാധിച്ചതെന്നു വേണം കരുതാൻ. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സി.പി.എം വേണ്ടത്ര സഹകരിച്ചില്ലെന്ന സി.പി.ഐയിലെ ഒരു വിഭാഗത്തിന്റെ ആരോപണം ശരിവെക്കുന്നത് കൂടിയാണ് മുക്കാൽ ലക്ഷത്തോളം വോട്ടിന്റെ ഇടിവ്. മുൻ തെരഞ്ഞെടുപ്പികളെ അപേക്ഷിച്ച് പല പ്രദേശങ്ങളിലും എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ടഭ്യർഥിച്ചുള്ള ബോർഡുകൾപോലും ഇല്ലാത്തത് പ്രചാരണ സമയത്തുതന്നെ ചർച്ചയായിരുന്നു.
2014ൽ കോൺഗ്രസിലെ എം.ഐ. ഷാനവാസിനെതിരെ മത്സരിച്ച് വൻ മുന്നേറ്റം നടത്തുകയും 25,000ത്തിന് താഴെ വോട്ടിന്റെ മാത്രം ഭൂരിപക്ഷം നൽകുകയും ചെയ്ത് യു.ഡി.എഫ് കോട്ടയെ വിറപ്പിച്ച സത്യൻ മൊകേരിയെ ഇത്തവണ രംഗത്തിറക്കുമ്പോൾ എൽ.ഡി.എഫ് കേന്ദ്രങ്ങൾ വലിയ പ്രതീക്ഷയിലായിരുന്നു. കർഷക നേതാവുകൂടിയായ സത്യൻ മൊകേരി മത്സരിച്ചാൽ ജയിക്കാനായില്ലെങ്കിലും പ്രിയങ്കയുടെ ഭൂരിപക്ഷത്തിൽ വലിയ വിള്ളലുണ്ടാക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, ഈ പ്രഭാവം ഇത്തവണ ഏശിയില്ല. 2014ൽ ആകെ പോൾ ചെയ്തതിന്റെ 28.51 ശതമാനം വോട്ടുകൾ നേടാൻ സത്യൻ മൊകേരിക്ക് കഴിഞ്ഞെങ്കിൽ ഇന്ന് 22.08 ശതമാനത്തിലേക്ക് ചുരുങ്ങുകയായിരുന്നു. കഴിഞ്ഞ തവണ രാഹുൽ ഗാന്ധിക്കെതിരെ ആനിരാജ നേടിയത് 283,023 വോട്ടുകളായിരുന്നു.
ഇത്തവണയാകട്ടെ സത്യന് മൊകേരിയുടെ പെട്ടിയിലായത് 211407 വോട്ട് മാത്രം. ഉരുൾദുരന്ത ബാധിതരോട് സർക്കാർ കാണിക്കുന്ന നിസ്സംഗതയും ഭരണവിരുദ്ധവികാരവുമടക്കം തെരഞ്ഞെടുപ്പിൽ കാര്യമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിലെ എൽ.ഡി.എഫിന്റെ വോട്ട് ചോർച്ച എത്രമാത്രം ബാധിക്കുമെന്ന് കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.