ആ 'വാശി'യെ തോൽപിച്ച് വയനാട് ജില്ല സ്റ്റേഡിയത്തിന് 'ആദ്യജയം'

കൽപറ്റ: വയനാടിന്റെ കായിക മോഹങ്ങൾക്ക് ചിറകേകി മരവയലിൽ പൂർത്തിയാവുന്ന ജില്ല സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിനായി നാട് കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. വർഷങ്ങളായി നടക്കുന്ന സ്റ്റേഡിയം നിർമാണം അവസാനഘട്ടത്തിലാണിപ്പോൾ. സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെ സ്ഥാപിച്ച് ഏറെ മികവിൽ നിർമാണം പൂർത്തിയാവുന്ന സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ആഘോഷമാക്കി നടത്താൻ നാട് കാത്തുകാത്തിരിക്കുകയായിരുന്നു.

എന്നാൽ, അതിനിടയിലാണ് മേയ് 14ന് ജില്ല സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടത്താൻ കേവലം രണ്ടുദിവസം മുമ്പ് സംസ്ഥാന കായിക വകുപ്പ് പൊടുന്നനെ തീരുമാനിച്ചതായി ജില്ല സ്പോർട്സ് കൗൺസിൽ ഉൾപ്പെടെയുള്ളവർക്ക് വിവരം ലഭിച്ചത്.

മേയ് 14ന് പൊലീസ് അസോസിയേഷൻ യോഗത്തിൽ പങ്കെടുക്കാനെത്തുന്ന കായിക മന്ത്രി സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാൻ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നുവേത്ര. ആഘോഷമായ ഉദ്ഘാടനത്തിന് കാത്തുനിന്ന ജില്ലയിലെ കായിക സംഘാടകരെ നിരാശപ്പെടുത്തുന്നതായിരുന്നു വിവരം. സ്റ്റേഡിയത്തിന്റെ അവസാന വട്ട നിർമാണമടക്കം ബാക്കിയിരിക്കെയാണിത്. സ്റ്റേഡിയം നിർമാണത്തിന്റെ ചുമതലയിലുള്ള ഉദ്യോഗസ്ഥരെ ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങൾക്കായി ചുമതലപ്പെടുത്തുകയും ചെയ്തു. ശിലാഫലകമടക്കം ഒരുക്കാൻ നിർദേശം നൽകി. പന്തലൊരുക്കാൻ ഓർഡർ ചെയ്തു.

ജില്ലയിൽ സ്റ്റേഡിയം നിർമാണവുമായി അത്രയേറെ ബന്ധപ്പെട്ട പലരെയും അകറ്റിനിർത്തിയായിരുന്നു കാര്യങ്ങൾ. സ്റ്റേഡിയം നിർമാണത്തിന്റെ കാര്യത്തിൽ ഏറെ പ്രവർത്തനങ്ങൾ നടത്തിയ മുൻ എം.എൽ.എ സി.കെ. ശശീന്ദ്രനെപ്പോലും ക്ഷണിച്ചിരുന്നില്ല. സ്റ്റേഡിയത്തിന് സ്ഥലം സംഭാവന ചെയ്തവരും ഉദ്ഘാടന വിവരം അറിഞ്ഞില്ല. ജില്ലയിലെ ഒളിമ്പ്യന്മാരടക്കമുള്ള താരങ്ങൾക്കും വിവരമൊന്നും കിട്ടിയില്ല.

സ്ഥലം എം.എൽ.എ അധ്യക്ഷനും മന്ത്രി ഉദ്ഘാടകനുമായാണ് കാര്യങ്ങൾ തീരുമാനിക്കപ്പെട്ടത്. ഇത്ര ധിറുതിയിൽ ഉദ്ഘാടനം നിശ്ചയിക്കുന്നതിന്റെ അസാംഗത്യം എം.എൽ.എ സൂചിപ്പിക്കുകയും ചെയ്തിരുന്നു. കായിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളൊന്നുമറിയാതെ, സംഘാടക സമിതി പോലും രൂപവത്കരിക്കാതെ നിശ്ചയിച്ച 'ഉദ്ഘാടന'ത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാരായിരുന്നു പ്രധാന ക്ഷണിതാക്കളിൽ ചിലർ.

സ്റ്റേഡിയത്തിന്റെ നടത്തിപ്പുകാരായ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന് നന്ദി പറയാനുള്ള അവസരമാണ് നൽകിയത്. സംസ്ഥാനത്ത് പൂർണമായും സ്വന്തം സ്ഥലത്ത് ജില്ല സ്പോർട്സ് കൗൺസിലിന് കീഴിലുള്ള ഏക സ്റ്റേഡിയമാണ് മരവയലിൽ ഒരുങ്ങുന്നത്.

പല കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നിട്ടും നിശ്ചയിച്ച ഉദ്ഘാടനം മാറ്റിവെക്കാൻ കായിക വകുപ്പ് തയാറായിരുന്നില്ല. ജില്ലയുടെ കായിക ചരിത്രത്തിലെ തിലകക്കുറിയായി മാറുന്ന സ്റ്റേഡിയം ഉദ്ഘാടനം കേവല ചടങ്ങിലേക്കൊതുക്കപ്പെടുന്നതിൽ പ്രതിഷേധം ശക്തമായതോടെ ഒടുക്കം കായിക വകുപ്പിന് വഴങ്ങേണ്ടിവന്നു. ഉദ്ഘാടനം മാറ്റിയ വിവരം വെള്ളിയാഴ്ച രാത്രിയോടെയാണ് ബന്ധപ്പെട്ടവരെ അറിയിച്ചത്.

ശനിയാഴ്ച ജില്ലയിലെത്തുന്ന മന്ത്രി രണ്ടിന് സ്റ്റേഡിയം സന്ദർശിക്കും. ജില്ല കലക്ടറും ഉന്നത ഉദ്യോഗസ്ഥരും എൻജിനീയർമാരുമടങ്ങുന്ന സംഘത്തോടൊപ്പം സ്റ്റേഡിയത്തിന്റെ നിർമാണത്തെക്കുറിച്ച് മൂന്നിന് അവലോകന യോഗത്തിൽ പങ്കെടുക്കുമെന്നാണ് പുതിയ വിവരം.

എന്തായാലും, ആഗ്രഹിച്ചതുപോലെ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ആഘോഷമായി നടത്താൻ വഴിയൊരുങ്ങുമെന്ന പ്രതീക്ഷയിലാണിപ്പോൾ ജില്ലയിലെ കായിക സംഘാടകർ.

Tags:    
News Summary - Wayanad District Stadium gets 'first win'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.