നടവയൽ: ഉള്ളുലച്ച ദുരന്ത ഓർമകളെ വകഞ്ഞുമാറ്റി അതിജീവനത്തിന്റെ പുതിയ പാതയിൽ പിച്ചവെക്കുന്ന വയനാടിന് ഇനി മധുരമൂറും രാപ്പകലുകൾ. ലയ ശ്രുതി ശബ്ദ താളങ്ങളുടെ രാപ്പകലുകൾ നടവയലിനെ ധന്യമാക്കും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കമായ കേരളത്തിന്റെ സ്കൂൾ കലാമേളയുടെ മുന്നോടിയായി 43ാമത് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ആതിഥേയത്വത്തിൽ അരങ്ങുണർന്നു. ബുധനാഴ്ച ആരംഭിക്കുന്ന സ്റ്റേജ് മത്സരങ്ങൾക്കു മുന്നോടിയായി ചൊവ്വാഴ്ച സ്റ്റേജ് ഇതര മത്സരങ്ങൾ പൂർത്തിയാക്കി. ഒമ്പത് വേദികളിലായി 240 ഇനങ്ങളിൽ മൂവായിരത്തോളം പ്രതിഭകൾ മാറ്റുരക്കുന്ന കലാമേളം നാടിന്റെ തന്നെ ഉത്സവമാകും. 103 വിദ്യാർഥികളാണ് ഇത്തവണ അപ്പീലുമായി മത്സരത്തിനെത്തുന്നത്. അഞ്ച് ഗോത്ര ഇനങ്ങൾ കൂടി മത്സരത്തിൽ ഇടം പിടിച്ചത് വയനാടിന് അഭിമാനമാകും. മുൻവർഷങ്ങളിലെ പരാതികളും പോരായ്മകളും പരിഹരിച്ച് വേണ്ടത്ര മുന്നൊരുക്കം നടത്തി മേളയെ കുറ്റമറ്റതാക്കാനുള്ള നെട്ടോട്ടത്തിലാണ് നാട്ടുകാരും സംഘാടകരും ആതിഥേയ സ്കൂളും.
ഹയർ സെക്കൻഡറി, എൽ.പി സ്കൂൾ, കെ.ജെ ഓഡിറ്റോറിയം, കോഓപറേറ്റിവ് കോളജ് എന്നീ സ്ഥാപനങ്ങളിൽ സൂര്യകാന്തി, ജ്വാലാമുഖി, സ്വർണച്ചാമരം, ഇന്ദ്രനീലം, രജനീഗന്ധി, സാലഭഞ്ജിക, ചിത്രവനം, ചക്കരപ്പന്തൽ, ചന്ദ്രകളഭം എന്നീ പേരുകളിലാണ് വേദികളുടെ സജ്ജീകരണം. 4500 പേർക്ക് മൂന്നു നേരവും ഭക്ഷണം ലഭ്യമാക്കും. ബുധനാഴ്ച വൈകീട്ട് 3.30ന് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്യും. സമാനതകളില്ലാത്ത പ്രകൃതി ദുരന്തങ്ങളും പ്രളയങ്ങളും വന്യമൃഗശല്യവുമെല്ലാം നെഞ്ചുപൊട്ടിച്ച ഒരു നാടിനെ വല്ലാതെ പിടിച്ചുലക്കുമ്പോൾ അവയെല്ലാം ഓർമകളിലേക്ക് മാറ്റിനിർത്തി കുടിയേറ്റ മേഖലയിലേക്ക് ആദ്യമായെത്തിയ കലാമേളയെ നെഞ്ചിലേറ്റാനുള്ള ഒരുക്കത്തിലാണ് നടവയൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.