തൃശൂർ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്ര ധനകമീഷൻ ഗ്രാൻറിനുള്ള ഉപപദ്ധതി ഉടൻ സമർപ്പിക്കാൻ കേന്ദ്ര സർക്കാറിെൻറ അന്ത്യശാസനം. പദ്ധതികൾ പൂർത്തിയായി സമർപ്പിച്ചില്ലെങ്കിൽ ആദ്യഗഡു വൈകുകയോ നഷ്ടപ്പെടുകയോ ചെയ്യുമെന്നാണ് ആശങ്ക. ഈ സാഹചര്യം ഒഴിവാക്കേണ്ടതുണ്ടെന്നും ഉടൻ പദ്ധതി നടപടി പൂർത്തിയാക്കി കേന്ദ്രസർക്കാറിെൻറ ഇ-ഗ്രാം സ്വരാജ് എന്ന പോർട്ടലിൽ നൽകണമെന്നും തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. അതേസമയം, കോവിഡ് പ്രതിരോധ തിരക്കിലായ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്ര ധനകമീഷൻ ഗ്രാൻറിെൻറ വിനിയോഗത്തിനുള്ള പദ്ധതികൾ തയാറാക്കാനാകില്ലെന്ന നിസ്സഹായാവസ്ഥയിലാണ്. വകുപ്പ് മന്ത്രി പോലുമില്ലാത്ത സാഹചര്യത്തിൽ കാവൽ മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഇടപെട്ട് തീയതി നീട്ടാൻ നടപടി സ്വീകരിക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യം.
അതേസമയം, തദ്ദേശ ഭരണ സ്ഥാപനങ്ങൾ അടിയന്തരമായി പദ്ധതി അന്തിമമാക്കണമെന്നാണ് തദ്ദേശ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ കർശന നിർദേശം. പദ്ധതി രൂപവത്കരണം വിലയിരുത്താൻ ജില്ലതലത്തിൽ ജില്ല ആസൂത്രണ സമിതി ചെയർപേഴ്സൻ അധ്യക്ഷനായ സമിതി രൂപവത്കരിക്കാനും ഉത്തരവിൽ ആവശ്യെപ്പട്ടിട്ടുണ്ട്. മേയ് 20നകം ജില്ല ആസൂത്രണ സമിതിക്ക് പദ്ധതി സമർപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുംമുമ്പ് വാർഷിക പദ്ധതി സമർപ്പിക്കാൻ കഴിയാതിരുന്ന 43 തദ്ദേശ സ്ഥാപനങ്ങൾ അവരുടെ വാർഷിക പദ്ധതികൾ ജില്ല ആസൂത്രണ സമിതിക്ക് സമർപ്പിച്ചിട്ടില്ല. മാത്രമല്ല കോർപറേഷനുകളും മലപ്പുറം മുനിസിപ്പാലിറ്റി ഒഴികെ മറ്റെല്ലാ തദ്ദേശ സ്ഥാപനങ്ങളും അവരുടെ കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാൻറിെൻറ വിനിയോഗത്തിനുള്ള ഉപപദ്ധതിയും തയാറാക്കി മേയ്10 നകം സമിതിക്ക് സമർപ്പിക്കാൻ വകുപ്പ് ഏപ്രിൽ 28ന് നൽകിയ ഉത്തരവിൽ നിർദേശിച്ചിരുന്നു.
എന്നാൽ, കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിവന്നതിനാൽ വേണ്ടത്ര പുരോഗതി ഉണ്ടായില്ല. ഇതോടെയാണ് ഇക്കഴിഞ്ഞ ദിവസം തദ്ദേശ വകുപ്പിെൻറ പുതുനിർദേശമെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.