മലപ്പുറം: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിെൻറ നാലാം ഘട്ടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവുകൾ നടപ്പാക്കാതെ സംസ്ഥാന സർക്കാർ. ആഗസ്റ്റ് 29ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പുറത്തിറക്കിയ ഉത്തരവനുസരിച്ച് അന്തർസംസ്ഥാന യാത്രകൾക്കോ ചരക്കു നീക്കത്തിനോ പ്രത്യേക പാസോ അനുമതിയോ ആവശ്യമില്ല.
എന്നാൽ തമിഴ്നാട് അതിർത്തിയായ നാടുകാണിയിൽ യാത്ര വാഹനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ഉത്തരവ് ഇറങ്ങിയതിന് ശേഷവും തുടരുകയാണ്. കണ്ടെയ്ൻമെൻറ് സോണുകൾക്ക് പുറത്ത് സംസ്ഥാന സർക്കാറുകൾക്കോ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കോ സ്വന്തം നിലയിൽ ലോക് ഡൗൺ ഏർപ്പെടുത്താൻ അനുവാദമില്ലെന്നും അങ്ങനെ ചെയ്യുന്നതിന് മുമ്പായി കേന്ദ്രത്തിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണമെന്നും ഉത്തരവിൽ പറയുന്നു.
ഇതനുസരിച്ച് കണ്ടെയ്ൻമെൻറ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനോ യാത്രകൾക്കോ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനോ വിലക്കുകളൊന്നുമില്ലെന്ന് വ്യക്തമാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മാത്രമേ നിഷ്കർഷിക്കുന്നുള്ളൂ. ഞായറാഴ്ചകളിൽ ചില ജില്ലകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ ലോക്ക്ഡൗണും ഇനി തുടരാനാവില്ല.
അതേസമയം, ഉത്തരവ് ഇറങ്ങി ദിവസങ്ങൾക്ക് ശേഷവും വ്യാപാര സ്ഥാപനങ്ങൾക്ക് രാത്രി ഏഴു മണിവരെ മാത്രമേ പ്രവർത്തിക്കാൻ അനുവാദമുള്ളൂ എന്ന് ചില ജില്ല കലക്ടർമാർ ഉത്തരവിറക്കിയിട്ടുണ്ട്. കേന്ദ്ര ഉത്തരവിന് വിരുദ്ധമാണ് ഈ നടപടി. ഇക്കാര്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന സമയ പരിധി ജില്ല കലക്ടർ വെള്ളിയാഴ്ച മുതൽ എടുത്തു കളഞ്ഞു. സെപ്റ്റംബർ ഒന്നിന് സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുറത്തിറക്കിയ ഉത്തരവിലും കേന്ദ്ര മാർഗനിർദേശങ്ങൾ സംസ്ഥാനത്തിന് മുഴുവനായും ബാധകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കണ്ടെയ്ൻമെൻറ് സോണുകളിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ല കലക്ടർമാർക്ക് തുടർന്നും അനുവാദമുണ്ടായിരിക്കും.
അല്ലാത്ത പ്രദേശങ്ങളിൽ ലോക്ക്ഡൗണിെൻറ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, തിയറ്ററുകൾ തുടങ്ങി കേന്ദ്ര സർക്കാർ തുടരുന്ന നിയന്ത്രണങ്ങളല്ലാതെ മറ്റൊന്നും ഏർപ്പെടുത്താൻ കലക്ടർമാർക്ക് അനുവാദമില്ലെന്ന് തന്നെയാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവിലും വ്യക്തമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.