തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ഡൗണിൽ യാത്ര നിയന്ത്രണം കർശനമായി തുടരും. അത്യാവശ്യഘട്ടങ്ങളിൽ പൊലീസ് നൽകുന്ന പാസ് ഉപയോഗിച്ച് യാത്ര ചെയ്യാം. ഇതിനുള്ള നടപടിക്രമങ്ങൾ ഏതാണ്ട് പൂർത്തിയായി. ജില്ലാ പൊലീസ് മേധാവിമാരുടെ വെബ്സൈറ്റിൽ ഓൺലൈനായാണ് പാസിന് അപേക്ഷിക്കേണ്ടത്. മൊബൈലിലോ ഇ-മെയിലിലോ പാസ് ലഭിക്കും. ഈ സംവിധാനം ഇന്ന് വൈകീട്ടോടെയാണ് നിലവിൽ വരിക. അതുവരെ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഉപയോഗിച്ച് യാത്രചെയ്യാം.
പാസിന് അപേക്ഷിക്കുേമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- തിരിച്ചറിയൽ കാർഡുള്ള അവശ്യസേവന വിഭാഗക്കാർക്കു ജോലിക്കു പോകാൻ പാസ് വേണ്ട.
- ഇന്ന് സ്വയം തയാറാക്കിയ സാക്ഷ്യപത്രം മതി.
- അടിയന്തര ആവശ്യങ്ങൾക്ക് (മരണം, ആശുപത്രി, വിവാഹം തുടങ്ങിയവ) യാത്ര ചെയ്യുന്നവർക്കും ഇന്ന് സത്യവാങ്മൂലം കരുതിയാൽ മതി.
- ഇന്ന് ൈവകീട്ടോടെ ഓൺലൈൻ സംവിധാനം നിലവിൽ വരും.
- വീട്ടുജോലിക്കാർ, കൂലിപ്പണിക്കാർ, തൊഴിലാളികൾ തുടങ്ങി തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർ ഓൺലൈനിൽ പാസിന് അപേക്ഷ നൽകണം. ഇത് നേരിട്ടോ തൊഴിൽദാതാവ് വഴിയോ ചെയ്യാം.
- ലോക്ഡൗണിൽ ഇളവ് നൽകിയിരിക്കുന്ന തൊഴിൽ മേഖലയിലുള്ളവർക്കും പാസ് നൽകും
- അവശ്യസേവന വിഭാഗങ്ങൾ ഒഴികെയുള്ളവർ പുറത്തിറങ്ങുമ്പോൾ ഈ പാസ് നിർബന്ധമായും കൈയ്യിൽ കരുതണം
തൃശൂർ റൗണ്ടിൽ പൊലീസ് നടത്തുന്ന പരിശോധന -ഫോട്ടോ: ജോൺസൺ വി. ചിറയത്ത്
ട്രെയിൻ, വിമാന യാത്രക്കാർ ശ്രദ്ധിക്കാൻ:
ലോക്ഡൗണിൽ റോഡ്, ജല പൊതുഗതാഗതം പുർണമായും നിർത്തിവെച്ചിരിക്കുകയാണ്. ചുരുക്കം ചില ട്രെയിനുകളും വിമാനങ്ങളും മാത്രമാണ് സർവിസ് നടത്തുന്നത്. ഇതിനായി വിമാനത്താവളങ്ങളിലേക്കും റെയിൽവെസ്റ്റേഷനിലേക്കും ടാക്സി, സ്വകാര്യ വാഹനങ്ങളിൽപോകുന്നവർ ടിക്കറ്റ് കൈയിൽ കരുതണം. പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഇത് കാണിച്ച് കൊടുക്കണം.
ടാക്സി, സ്വകാര്യവാഹനങ്ങൾ അവശ്യഘട്ടത്തിൽ പുറത്തിറക്കാം
ചികിത്സ, മരുന്ന്, കോവിഡ് വാക്സിനേഷൻ തുടങ്ങിയ അവശ്യഘട്ടങ്ങളിൽ മാത്രമേ സ്വകാര്യ വാഹനങ്ങളിലും ഓൺലൈൻ, ടാക്സി വാഹനങ്ങളിലും യാത്ര അനുവദിക്കൂ. ഇത്തരം യാത്രകളിൽ പാസ് കൈയിൽ കരുതണം.
ജോലിസ്ഥലത്തേക് പോകുന്ന നിർമാണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വാക്സിൻ എടുക്കേണ്ടവർ, ചികിത്സക്കും കൂട്ടിരിപ്പിനുമായി ആശുപത്രിയിൽ പോകുന്നവർ, കോവിഡ് സന്നദ്ധ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, വീട്ടുജോലിക്കാർ, പ്രായമായവരെയും കിടപ്പുരോഗികളെയും പരിചരിക്കുന്നവർ എന്നിവർക്കും യാത്ര ചെയ്യാം. പ്രവർത്തനാനുമതിയുള്ള തൊഴിൽമേഖലയിലുള്ളവർ തിരിച്ചറിയൽ രേഖ കൈയ്യിൽ കരുതണം.
കണ്ണൂരിൽ പൊലീസ് നടത്തുന്ന പരിശോധന -ഫോട്ടോ: പി. സന്ദീപ്
അന്തർജില്ല യാത്രക്ക് പാസില്ല
മറ്റു ജില്ലകളിലേക്കുള്ള യാത്രക്ക് നിലവിൽ പാസ് അനുവദിക്കില്ല. അത്യാവശ്യഘട്ടത്തിൽ പോകുന്നവർ പേരും വിലാസവും യാത്രാ ഉദ്ദേശ്യവും രേഖപ്പെടുത്തി സ്വയം തയാറാക്കിയ സത്യവാങ്മൂലം കരുതണം.
ചരക്ക് വാഹനങ്ങൾക്കും അടിയന്തര സേവനങ്ങൾക്കും ജില്ലക്ക് പുറത്തേക്ക് പോകാം. ഇവർ കോവിഡ് പോർട്ടലിൽ (covid19jagratha.kerala.nic.in) റജിസ്റ്റർ ചെയ്യണം.
ലോക്ഡൗണിലെ പ്രധാന നിർദേശങ്ങൾ:
- അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്
- മറ്റ് സംസ്ഥാന യാത്ര ചെയ്തുവരുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്യേണ്ടത് നിര്‍ബന്ധം. അല്ലെങ്കില്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറൻറീനില്‍ കഴിയണം
- ബാങ്കുകൾ, ഇൻഷുറൻസ്, ധനകാര്യ സ്ഥാനങ്ങൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ. ഇടപാടുകാരില്ലാതെ 2 വരെ പ്രവർത്തിക്കാം.
- ഹാര്‍ബര്‍ ലേലം ഒഴിവാക്കും
- അന്തര്‍ജില്ല യാത്രകള്‍ പരമാവധി ഒഴിവാക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പേരും മറ്റ് വിവരങ്ങളും യാത്രയുടെ ഉദ്ദേശ്യവും ഉള്‍പ്പെടുത്തി തയാറാക്കിയ സത്യവാങ്മൂലം കരുതണം
- വിവാഹം, മരണാനന്തര ചടങ്ങുകള്‍, വളരെ അടുത്ത രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, രോഗിയെ മറ്റൊരിടത്തേക്ക് കൊണ്ടുപോകൽ മുതലായ ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങള്‍ക്കുമാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂ
- മരണാനന്തര ചടങ്ങുകള്‍, നേരത്തേ നിശ്ചയിച്ച വിവാഹം എന്നിവക്ക് കാർമികത്വം വഹിക്കേണ്ട പുരോഹിതന്മാർക്ക് ജില്ല വിട്ട് യാത്രചെയ്യുന്നതിനും തിരിച്ചുപോകുന്നതിനും നിയന്ത്രണമില്ല. ഇവർ സ്വയം തയാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവ കരുതണം.
- വാര്‍ഡ്തല സമിതിക്കാര്‍ക്ക് വാര്‍ഡില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കും
- അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തുപോകുന്നവർ പൊലീസിൽനിന്ന് മുൻകൂട്ടി പാസ് വാങ്ങണം
- ആരോഗ്യ പ്രവര്‍ത്തകര്‍ മതിയാകാതെ വരുമ്പോള്‍ വിദ്യാര്‍ഥികളെ പരിശീലനം നല്കി സന്നദ്ധ പ്രവര്‍ത്തനം പ്രയോജനപ്പെടുത്തും
- അന്തർസംസ്ഥാന തൊഴിലാളി കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കി അവര്‍ക്ക് നിർമാണ സ്ഥലത്തുതന്നെ താമസസൗകര്യവും ഭക്ഷണവും നല്‍കേണ്ട ബാധ്യത കരാറുകാരന്/ കെട്ടിട ഉടമക്കുണ്ട്.
- അതിനു സാധിക്കാത്തപക്ഷം അവര്‍ക്ക് യാത്രാ സൗകര്യമൊരുക്കണം
- വീട്ടിനുള്ളില്‍ പൊതു ഇടങ്ങള്‍ കുറക്കണം.
- അയല്‍ വീട്ടുകാരുമായി ഇടപെടുമ്പോള്‍ ഡബ്ള്‍ മാസ്ക് നിര്‍ബന്ധം. അവരില്‍നിന്ന് എന്തെങ്കിലും സ്വീകരിച്ചാല്‍ കൈകഴുകണം.
- പുറത്തുപോയിവരുന്ന മുതിര്‍ന്നവര്‍ കുട്ടികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം.
- വീട്ടില്‍ വായുസഞ്ചാരം ഉറപ്പാക്കാന്‍ ജനാലകള്‍ തുറന്നിടണം.
ലോക്ഡൗണിൽ ആളൊഴിഞ്ഞ കോഴിക്കോട് മിഠായിത്തെരുവ് -ഫോട്ടോ: കെ. വിശ്വജിത്ത്
ലോക്ഡൗണിൽ വിജനമായ കോഴിക്കോട് മൊഫ്യൂസൽ ബസ്സ്റ്റാൻഡ് -ഫോട്ടോ: കെ. വിശ്വജിത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.