കൊല്ലം: ഏറ്റവും അധികം രാഷ്ട്രീയ സംഘടനകൾ മത്സരിക്കുന്നത് കൊല്ലം ലോക്സഭ മണ്ഡലത്തിൽ. എട്ട് സംഘടനകളുടെ സ്ഥാനാർഥികളാണ് ഇവിടെ ശക്തി പരീക്ഷണത്തിനൊരുങ്ങുന്നത്. അതിൽ ഏറെയും സമര സംഘടനകളാണെന്ന പ്രത്യേകതയുമുണ്ട്. എട്ടു സംഘടനാ സ്ഥാനാർഥികളെ കൂടാതെ നാലു സ്വതന്ത്രരും മത്സരിക്കാനുണ്ട്, അതിലൊരാൾ അപരനും.
യു.ഡി.എഫിനുവേണ്ടി ആർ.എസ്.പിയുടെ എൻ.കെ. പ്രേമചന്ദ്രനും എൽ.ഡി.എഫിനുവേണ്ടി സി.പി.എമ്മിന്റെ എം. മുകേഷും എൻ.ഡി.എക്കുവേണ്ടി ബി.ജെ.പിയുടെ ജി. കൃഷ്ണകുമാറും മുന്നണി സ്ഥാനാർഥികളായി ജനവിധി തേടുമ്പോൾ ബി.എസ്.പിക്കുവേണ്ടി വിപിൻലാൽ വിദ്യാധരനാണ് മത്സരിക്കുന്നത്. സോഷ്യലിസ്റ്റ് യൂനിറ്റി സെന്റർ ഓഫ് ഇന്ത്യ കമ്യൂണിസ്റ്റ് (എസ്.യു.സി.ഐ) സ്ഥാനാർഥിയായി ട്വിങ്കിൾ പ്രഭാകരൻ. മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ യുനൈറ്റഡ് (എം.സി.പി.ഐ.യു) സ്ഥാനാർഥിയായി പി. കൃഷ്ണമ്മാളാണ് മത്സരിക്കുന്നത്. തെലങ്കാന, ആന്ധ്ര, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലും മത്സരിക്കുന്ന എം.സി.പി.ഐ.യുവിന്റെ കേരളത്തിലെ ഏക സ്ഥാനാർഥിയാണ് ദേശീയതലത്തിൽ അറിയപ്പെടുന്ന തൊഴിലാളി നേതാവുകൂടിയായ കൃഷ്ണമ്മാൾ.
അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ(എ.പി.ഐ) ജോസ് സാരാനാഥ് ആണ് മറ്റൊരു സ്ഥാനാർഥി. എ.പി.ഐക്ക് മാവേലിക്കരയിലും പത്തനംതിട്ടയിലും സ്ഥാനാർഥിയുണ്ട്. ഇവരുടെ ദേശീയ അധ്യക്ഷൻ വിജയ് മങ്കർ നാഗ്പൂരിൽ സ്ഥാനാർഥിയാണ്. വിമുക്തഭടന്മാരും കർഷക പ്രതിനിധികളും ചേർന്ന് രൂപവത്കരിച്ച ഭാരതീയ ജവാൻ കിസാൻ പാർട്ടി (ബി.ജെ.കെ.പി)യും കൊല്ലത്ത് മത്സരിക്കാനുണ്ട്. പ്രദീപ് കൊട്ടാരക്കരയാണ് സ്ഥാനാർഥി. കണ്ണൂരും കോഴിക്കോടുമാണ് ബി.ജെ.കെ.പിക്ക് വേറെ സ്ഥാനാർഥികളുള്ളത്. ബി.എസ്.പിക്ക് വടകരയും കണ്ണൂരുമൊഴിച്ച് എല്ലായിടത്തും സ്ഥാനാർഥികളുണ്ട്. എസ്.യു.സി.ഐക്ക് എട്ടുമണ്ഡലങ്ങളിൽ സ്ഥാനാർഥികളുണ്ട്. കൊല്ലത്തെ നാലുസ്വതന്ത്രരിൽ ഒരാളായ പ്രേമചന്ദ്രൻ നായർ യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രന് അപരനാണ്. മൺവെട്ടിയും മൺകോരിയും ചിഹ്നത്തിൽ മത്സരിക്കുന്ന എൻ.കെ. പ്രേമചന്ദ്രന്റെ അപരന്റെ ചിഹ്നം മൺകോരിയോട് സാമ്യമുള്ള ഇമേഴ്സൺറോഡ് എന്ന വാട്ടർ ഹീറ്ററാണ്. കൊല്ലം കഴിഞ്ഞാൽ ഏറ്റവും അധികം സംഘടനകൾ മത്സരിക്കുന്നത് കോട്ടയത്തും എറണാകുളത്തുമാണ്, ഇവിടെ ഏഴുവീതം സംഘടനകൾ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.