ഒറ്റപ്പാലം: ഇന്ത്യൻ നാഷനൽ കോൺഗ്രസിന് മലബാറിൽ വേരോട്ടമുണ്ടാക്കിയ പ്രഥമ കേരളപ്രദേശ് കോൺഗ്രസ് സമ്മേളനത്തിന് വേദിയായ ഒറ്റപ്പാലത്തിന് ഇഴയടുപ്പം എന്നും ഇടതുപക്ഷത്തോടാണ്. 1921ലായിരുന്നു ചരിത്രത്തിൽ ഇടം നേടിയ ആദ്യ കെ.പി.സി.സി സമ്മേളനം. 2009ലെ തെരഞ്ഞെടുപ്പ് വരെയുള്ള നീണ്ട കാലഘട്ടം രാജ്യത്തെ ലോക്സഭ മണ്ഡലങ്ങളുടെ പട്ടികയിൽ ഒറ്റപ്പാലത്തിന് ശ്രദ്ധേയസ്ഥാനം നേടിക്കൊടുത്തു. പിന്നീട് ഒറ്റപ്പാലം പാലക്കാട് മണ്ഡലത്തിന്റെ ഭാഗമായി. രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണൻ മൂന്ന് തവണ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് വിജയം നേടിയത് ഒറ്റപ്പാലം മണ്ഡലത്തിൽ നിന്നായിരുന്നു.
1984ൽ ഇടത് സ്ഥാനാർഥിയായി മത്സരിച്ച എ.കെ. ബാലനും 1989, 91 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ സംവിധായകൻ ലെനിൻ രാജേന്ദ്രനുമായിരുന്നു കെ.ആർ. നാരായണന്റെ എതിരാളികൾ. 91ൽ കോൺഗ്രസ് അധികാരത്തിലെത്തിയെങ്കിലും മന്ത്രിപദം നാരായണനെ തുണച്ചില്ല. 92ൽ ഉപരാഷ്ട്രപതിയായും 97ൽ രാഷ്ട്രപതിയായും കെ.ആർ. നാരായണൻ തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രപതിയുടെ പദവിയോളം കെ.ആർ. നാരായണനെ കൊണ്ടെത്തിച്ച മണ്ഡലം ഒരു ചുവപ്പ് കോട്ടയായി തന്നെയാണ് വിശേഷിപ്പിക്കപ്പെടുന്നത്. 2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ഒറ്റപ്പാലം മണ്ഡലം ചേർന്ന് നിന്നത് ഇടതുപക്ഷത്തോടായിരുന്നു.
പാലക്കാട് ലോക്സഭ മണ്ഡലത്തിൽ 2019ൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച വി.കെ. ശ്രീകണ്ഠന് ഒറ്റപ്പാലം മണ്ഡലത്തിൽ 54,386 വോട്ടും ഇടത് സ്ഥാനാർഥിയായിരുന്ന എം.ബി. രാജേഷിന് 60,846 വോട്ടും എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറിന് ലഭിച്ചത് 35,683 വോട്ടുമാണ്.
എം.ബി. രാജേഷിന് മണ്ഡലത്തിൽ 6,460 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. കെ.ആർ. നാരായണൻ മത്സരിച്ച ഒറ്റപ്പാലത്ത് 93ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥി എസ്. ശിവരാമന് ലഭിച്ചത് റെക്കോർഡ് ഭൂരിപക്ഷമായിരുന്നു. കോൺഗ്രസിനെ പ്രതിനിധീകരിച്ചത് കെ.കെ. ബാലകൃഷ്ണനായിരുന്നു. പിന്നീട് നടന്ന ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ഇടതുസ്ഥാനാർഥികളായി എസ്.അജയകുമാർ, എം.ബി. രാജേഷ് എന്നിവർ മണ്ഡലത്തെ പ്രതിനിധീകരിച്ചു വിജയിച്ചു. മണ്ഡലത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുക്കാൻ പിടിക്കുന്ന രാഷ്ട്രീയ പാർട്ടികളിലും മുൻതൂക്കം ഇടതുപക്ഷത്തിനാണ്.
ബി.ജെപി ഓരോ തെരഞ്ഞെടുപ്പിലും നില മെച്ചപ്പെടുത്തുന്നു. നിലവിൽ രണ്ടാമൂഴത്തിലാണ് വി.കെ. ശ്രീകണ്ഠൻ. ഇടത് സ്ഥാനാർഥിയായി എ.വിജയരാഘവനും എൻ.ഡി.എ സ്ഥാനാർഥിയായി സി. കൃഷ്ണകുമാറുമാണ് ഗോദയിലുള്ളത്.
1957ൽ മണ്ഡലം രൂപംകൊണ്ടതുമുതൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ രണ്ടു ഘട്ടങ്ങളിൽ ഒഴികെ ചുവപ്പ് കോട്ടക്ക് കോട്ടം തട്ടാതെ കാക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസ് നേരിട്ടിരുന്ന പതിവ് പരാജയം തിരുത്തിക്കുറിച്ചത് പാർട്ടി നേതാക്കളായ പി. ബാലനും കെ. ശങ്കരനാരായണനുമായിരുന്നു. അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് പി. ബാലനെ മണ്ഡലം തുണച്ചത്. 1987 ലെ തെരഞ്ഞെടുപ്പിലായിരുന്നു കെ.ശങ്കരനാരായണന്റെ വിജയം. ഇതിന് മുമ്പും ശേഷവും നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ പുറത്തുവന്ന ഫലങ്ങൾ കോൺഗ്രസിനെ നിർദാക്ഷിണ്യം രണ്ടാം നിരയിലേക്ക് മാറ്റിനിർത്തി. മണ്ഡലം പുനർ നിർണയത്തെ തുടർന്ന് യു.ഡി.എഫിന് ഏറെ സ്വാധീനമുള്ള തച്ചനാട്ടുകര ഒറ്റപ്പാലം മണ്ഡലത്തോട് ചേർക്കപ്പെട്ട ശേഷവും ചുവപ്പിന്റെ ആധിപത്യത്തിന് മാറ്റം വന്നില്ല. എട്ട് പഞ്ചായത്തുകളും ഒറ്റപ്പാലം നഗരസഭയും ഉൾപ്പെടുന്ന മണ്ഡലത്തിൽ കരിമ്പുഴ, തച്ചനാട്ടുകര പഞ്ചായത്തുകൾ മാത്രമാണ് യു.ഡി.എഫ് ഭരണത്തിൻ കീഴിലുള്ളത്.
ഇടത് മുന്നണിയുടെ പ്രതിനിധിയായി കോൺഗ്രസ്-എസിലെ വി.സി. കബീർ തുടർച്ചയായി അഞ്ചുതവണയാണ് ഒറ്റപ്പാലം മണ്ഡലത്തിൽ മത്സരിച്ച് അസംബ്ലിയിലെത്തിയത്. ഇടത് മുന്നണിയുമായുള്ള ബാന്ധവം അവസാനിപ്പിച്ച് കോൺഗ്രസിലേക്ക് മടങ്ങിയ കബീർ 2006ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും കന്നിക്കാരനും ഇടത് സ്ഥാനാർഥിയുമായ എം. ഹംസയോട് പരാജയപ്പെട്ടു. അടുത്ത തെരഞ്ഞെടുപ്പിലും ഹംസക്കായിരുന്നു വിജയം. കോൺഗ്രസ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠനായിരുന്നു എതിർ സ്ഥാനാർഥി.
2021ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയും നിലവിലെ ഒറ്റപ്പാലം എം.എൽ.എ യുമായ അഡ്വ. കെ.പ്രേംകുമാർ 74,859 വോട്ടുകൾ നേടി എൽ.ഡി.എഫിന്റെ ആധിപത്യം നിലനിർത്തി. 15,152 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. കോൺഗ്രസ് സ്ഥാനാർഥി പി. സരിന് 59,707 വോട്ടും എൻ.ഡി.എ സ്ഥാനാർഥി പി. വേണുഗോപാലിന് 25,056 വോട്ടുമാണ് ലഭിച്ചത്. ദീർഘദൂര ട്രെയിനുകൾക്ക് ഒറ്റപ്പാലത്ത് സ്റ്റോപ്പ് ഇല്ലെന്നതുൾപ്പടെ നിരവധി വികസനപോരായ്മകൾ മണ്ഡലത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.