കോന്നി: കോൻ-ടി- ഊർ അതായിത് രാജാവ് പാർക്കുന്ന ഗ്രാമം ഇത് ലോപിച്ചാണ് പിൽക്കാലത്ത് കോന്നി എന്ന നിയോജക മണ്ഡലമായത്. 1965ലാണ് കോന്നി ആസ്ഥാനമായി മണ്ഡലം രൂപവത്കൃതമായത്. വനത്താൽ ചുറ്റപ്പെട്ട് പ്രകൃതി ഭംഗിയിൽ സമ്പുഷ്ടമായ വിസ്തൃതിയിൽ കേരളത്തിലെ ഏറ്റവും വലിയ നിയോജക മണ്ഡലമാണ് കോന്നി. കോടമഞ്ഞ് പെയ്തിറങ്ങുന്ന ഗവി മുതൽ ഏനാദിമംഗലം വരെ വ്യാപിച്ചുകിടക്കുന്നതാണ് മലയോര മണ്ഡലമായ കോന്നി.
1965 മുതൽ 2021വരെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ വിവിധ മുന്നണികളെ വിജയിപ്പിച്ച ചരിത്രമാണ് മണ്ഡലത്തിനുള്ളത്. മണ്ഡലം രൂപീകൃതമായ സമയത്ത് കേരള കോൺഗ്രസിലെ പി.ജെ. തോമസാണ് നിയമസഭ സമാജികനായി. ’67ൽ സി.പി.ഐയിലെ പന്തളം പി.ആറും 70 മുതൽ 77വരെ കോൺഗ്രസിലെ പി.ജെ. തോമസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് രണ്ടുതവണ സി.പി.എമ്മിലെ വി.എസ്. ചന്ദ്രശേഖരൻ പിള്ള നിയമസഭയിലെത്തി. ’87ൽ വി.എസിനെ പരാജയപ്പെടുത്തി എൻ.ഡി.പിയിലെ ചിറ്റൂർ ശശാങ്കൻ നായർ വിജയിച്ചു. ’91ൽ വീണ്ടും സി.പി.എമ്മിലെ എ. പത്മകുമാർ വിജയിച്ചു. പിന്നീട് ’96ൽ കോൺഗ്രസിലെ അടൂർ പ്രകാശിന്റെ രംഗപ്രവേശത്തോടെ കളം മാറി.
സി.പി.എമ്മിലെ പത്മകുമാറിനെ 806 വോട്ടിന് പരാജയപ്പെടുത്തിയ അടൂർ പ്രകാശ് 23 വർഷം കോന്നി മണ്ഡലത്തിനെ പ്രതിനിധാനം ചെയ്തു. 2019ൽ അടൂർ പ്രകാശ് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ കോന്നിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ കെ.യു. ജനീഷ് കുമാർ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു 2021ലും നിയസഭയിലേക്ക് ജനീഷ് കുമാർ വിജയിച്ചു.
അടൂർ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന വേളയിൽകോന്നിയിലെ വോട്ടർമാർ കോൺഗ്രസ് സ്ഥാനാർഥിക്കാണ് ഭൂരിപക്ഷം നൽകിയിരുന്നത്. ആ പതിവ് മാറ്റിയത് ചെങ്ങറ സുരേന്ദ്രൻ ഇടതുസ്ഥാനാർഥിയായി മത്സരിച്ച തെരഞ്ഞെടുപ്പുകളിലാണ്. 1998ൽ കൊടുക്കുന്നിൽ സുരേഷിനെ തോൽപിച്ച് ചെങ്ങറ സുരേന്ദ്രൻ എം.പിയായപ്പോൾ പതിനായിരത്തിനടുത്ത് ഭൂരിപക്ഷമാണ് കോന്നി മണ്ഡലം നൽകിയത്. ’99ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ചെങ്ങറ സുരേന്ദ്രൻ പരാജയപ്പെട്ടപ്പോഴും കോന്നി മണ്ഡലം ഇടതുമുന്നണിക്കൊപ്പം നിന്നു. 2004ലെ പൊതു തെരഞ്ഞെടുപ്പിൽ അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നൽകിയാണ് കോന്നി മണ്ഡലം ചെങ്ങറ സുരേരന്ദൻെ ലോക്സഭയിലേക്ക് അയച്ചത്. കോന്നി നിയമസഭ മണ്ഡലം ഉൾപ്പെടെ കൂട്ടിച്ചേർത്ത് 2009ൽ പത്തനംതിട്ട ലോക്സഭാ മണ്ഡലംനിലവിൽ വന്നതിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ കോന്നിയുടെ മനസ്സ് കോൺഗ്രസിന് ഒപ്പമായിരുന്നു. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ആന്റോ ആന്റക്ക് 53480 വോട്ട് നൽകിയ കോന്നി 2019ൽ 49667 വോട്ടും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.