പാപ്പിനിശ്ശേരി: ഇടതിനെയും വലതിനെയും മാറിമാറി പരീക്ഷിക്കുന്ന മണ്ഡലമാണ് അഴീക്കോട്. ഇരു മുന്നണികൾക്കും പ്രതീക്ഷയും നിരാശയും നൽകുന്ന മണ്ഡലം. അഴീക്കോട്, ചിറക്കൽ, വളപട്ടണം, നാറാത്ത്, പാപ്പിനിശ്ശേരി എന്നീ പഞ്ചായത്തുകളും കണ്ണൂർ കോർപറേഷനിൽപെട്ട പുഴാതി-പള്ളിക്കുന്ന് ഡിവിഷനും ഉൾപ്പെട്ടതാണ് അഴീക്കോട് മണ്ഡലം.
ഇതിൽ വളപട്ടണവും പുഴാതി-പള്ളിക്കുന്ന് ഡിവിഷനും മാത്രമാണ് യു.ഡി.എഫിന്റേത്. ബാക്കി മുഴുവൻ എൽ.ഡി.എഫിന്റെ ഭരണസമിതികൾ. കുറച്ചുകാലമായി ജില്ലയിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ കടുത്ത പോരാട്ടം നടന്നുവരുന്ന മണ്ഡലമാണിത്.
അതിനാൽ, അഴീക്കോട്ടെ മണ്ണിൽ ലോക്സഭ തെരഞ്ഞെടുപ്പിലും ശക്തമായ പ്രചാരണം നടക്കുന്നു. ഇരുമുന്നണികളും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമാണ്.
2011ലും 2016ലും നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ കെ.എം. ഷാജി വിജയിച്ചതോടെയാണ് മണ്ഡലം എങ്ങോട്ടും മാറാമെന്ന നിലവന്നത്. അങ്ങനെ ചരിത്രപരമായി ഇടതുമുന്നണിയോടു ചേര്‍ന്നു നിന്നിരുന്ന അഴീക്കോട് യു.ഡി.എഫിലേക്ക് നീങ്ങി.
2021ൽ കെ.എം. ഷാജിയെ പരാജയപ്പെടുത്തി സി.പി.എമ്മിലെ കെ.വി. സുമേഷ് ആറായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലം തിരിച്ചുപിടിച്ചു. 45.41 ശതമാനം വോട്ട് വിഹിതമാണ് എൽ.ഡി.എഫിന് ലഭിച്ചത്. യു.ഡി.എഫിന്റേത് 41.17ശതമാനവും. 2357 വോട്ട് എസ്.ഡി.പി.ഐ സ്ഥാനാർഥിക്കും ലഭിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥിതിയിൽനിന്ന് നേരെ വ്യത്യസ്തമാണ് ലോക്സഭയിലേത്. 2019ൽ കെ. സുധാകരന് 21857 വോട്ടിന്റെ ഭൂരിപക്ഷമാണ് അഴീക്കോട് ലഭിച്ചത്. ഈ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് പ്രചാരണം. അഴീക്കോടിന്റെ മനസ്സ് യു.ഡി.എഫിനൊപ്പമെന്ന് കണ്ടുള്ള പ്രചാരണം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പതിനായിരത്തിലധികം വോട്ട് ബി.ജെ.പിക്കും മണ്ഡലത്തിൽ ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.