തിരുവനന്തപുരം: തെരുവിലെ തെരഞ്ഞെടുപ്പ് ചൂടിനേക്കാൾ പതിന്മടങ്ങ് രാഷ്ട്രീയച്ചൂടിൽ തിളച്ചുമറിയുകയാണ് സാമൂഹിക മാധ്യമങ്ങൾ. മൂർച്ചയേറിയ ആരോപണങ്ങൾ, ഇരട്ടപ്രഹരമുള്ള പ്രത്യാരോപണങ്ങൾ, കത്തിക്കയറുന്ന വിവാദങ്ങൾ, വായടപ്പൻ മറുപടികൾ... റീലുകളും കാർഡുകളും ട്രോളും ഗ്രാഫിക്സുകളുമടക്കം സമാനതകളില്ലാത്ത പോരാട്ടമാണ്. സമൂഹ മാധ്യമങ്ങളിലെ പോരാട്ടത്തിന് യുദ്ധപ്പുരകൾ തന്നെ പാർട്ടികൾ സജ്ജമാക്കിയിട്ടുണ്ട്.
സി.പി.എമ്മിനും കോൺഗ്രസിനും ബി.ജെ.പിക്കുമടക്കം സാമൂഹികമാധ്യമ സേനകളുണ്ടെങ്കിലും തെരഞ്ഞെടുപ്പായതോടെ പ്രത്യേക ദൗത്യമുള്ള വാർ റൂമുകളായി മാറിയിരിക്കുകയാണ് ഇവയെല്ലം. സംസ്ഥാന തലത്തിൽ മാസ്റ്റർ വാർ റൂമുകളും മണ്ഡലാടിസ്ഥാനത്തിൽ സാറ്റ്ലൈറ്റ് സെല്ലുകളുമായുമടക്കം കൊടുമ്പിരി കൊള്ളുകയാണ് ഡിജിറ്റൽ പ്രചാരണം.
എട്ടു വർഷം മുമ്പ് മുതൽ തന്നെ സി.പി.എമ്മിന് വ്യവസ്ഥാപിതമായ സൈബർ പോരാട്ടമുറിയുണ്ട്. ‘സി.പി.എം’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന പല ഹാൻഡിലുകൾ തെരഞ്ഞെടുപ്പ് ആയതോടെ ‘എൽ.ഡി.എഫ്’ എന്ന് മുഖവും വിലാസവും പരിഷ്കരിച്ചാണ് ഇടപെടലുകൾ. ഏജൻസികളെയൊന്നും ആശ്രയിക്കാതെ പ്രവർത്തകരെ ഉപയോഗിച്ചാണ് സി.പി.എം സൈബർമുറികൾ പ്രവർത്തിക്കുന്നത്. തലസ്ഥാനത്ത് പ്രധാന വാർ റൂമിന് പുറമേ 20 മണ്ഡലങ്ങളിലും സൈബർ വിങ്ങുകളുണ്ട്.
ആശയവിനിമയത്തിനും ‘മെറ്റീരിയലു’കൾ കൈമാറുന്നതിനും എണ്ണമറ്റ വാട്സ്ആപ് ഗ്രൂപ് ശൃംഖലകളും. സർക്കാറിന്റെയും സി.പി.എമ്മിന്റെയും നിലപാടുകളും പ്രതിരോധങ്ങളുമടക്കം പൊതുസ്വഭാവവുമുള്ള വിഷയങ്ങളാണ് പ്രധാന വാർറൂം കൈകാര്യം ചെയ്യുന്നത്. പ്രാദേശിക വിഷയങ്ങൾ മണ്ഡലങ്ങളിലെ സൈബർവിഭാഗങ്ങളും.
സംസ്ഥാന സർക്കാറിന്റെ ഭരണനേട്ടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യ കാമ്പയിനുകൾ. ഒപ്പം കോൺഗ്രസിനെയും ബി.ജെ.പിയും ആശയപരമായും കടന്നാക്രമണങ്ങളും. മണിപ്പൂരും പൗരത്വവും കേരള സ്റ്റോറിയും രാമക്ഷേത്രവും മുതൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വവും കെ. സുധാകരന്റെ പഴയ അഭിമുഖങ്ങളുമെല്ലാം ആയുധമാകുകയാണ്.
ചാനൽ ചർച്ചകളിൽ നേതാക്കളുടെ വായടപ്പൻ മറുപടികളടങ്ങിയ ചെറു വിഡിയോകളും തയാറാക്കുന്നുണ്ട്. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥിക്കൊപ്പം സാമൂഹ്യമാധ്യമസംഘങ്ങളുണ്ട്. കാശ് മുടക്കിയുള്ള സ്പോൺസേർഡ് പോസ്റ്റുകൾക്ക് പകരം പ്രവർത്തകരുടെ അക്കൗണ്ടുകളാണ് പ്രചാരണത്തിനുപയോഗിക്കുന്നത്.
കോൺഗ്രസിന് രണ്ട് തരത്തിലാണ് സൈബർ ഇടപെടൽ സംവിധാനങ്ങൾ. കെ.പി.സി.സി നേതൃത്വത്തിലെ സാമൂഹിക മാധ്യമ വിഭാഗമാണ് ഇതിലൊന്ന്. തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമായി രൂപവത്കരിച്ച വാർ റൂം മറ്റൊന്നും. കെ.പി.സി.സി ഓഫിസ് കേന്ദ്രീകരിച്ചാണ് രണ്ട് സംവിധാനങ്ങളും പ്രവർത്തിക്കുന്നത്.
കെ.പി.സി.സി ഓഫിസിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് വാർ റൂമിൽ തകൃതിയാണ് കാര്യങ്ങൾ. 24 മണിക്കൂർ ഈ സൈബറിടം ഉണർന്നിരിക്കുകയാണ്. കേരളത്തിൽ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ളവരിൽ 98 ശതമാനത്തിനും ഫേസ്ബുക് അക്കൗണ്ടുണ്ട്. പെട്ടെന്നുണ്ടാകുന്ന സംഭവങ്ങളും പാർട്ടി നേതാക്കളുടെ പ്രതികരണവുമെല്ലാം വേഗത്തിൽ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിലെത്തിക്കാനും സംവിധാനമുണ്ട്.
നിലവിൽ കോൺഗ്രസ് പ്രകടനപത്രികയിലൂന്നിയ കാമ്പയിനുകളും സർക്കാറിനെതിരെയുള്ള കടന്നാക്രമണങ്ങളും രാഹുൽ ഗാന്ധിയുടെയടക്കം നേതാക്കളുടെ ആവേശപ്രസംഗങ്ങളുമെല്ലാം ഊന്നിയാണ് പ്രവർത്തനങ്ങൾ. വിപുലമായ ഡാറ്റ ബാങ്കാണ് വാർറൂമിന്റെ മറ്റൊരു പ്രത്യേകത. ബൂത്ത് തലം വരെയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും പോരായ്മകൾ സംബന്ധിച്ച് പാർട്ടിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യുന്നുണ്ട്. കോൾ സെന്ററുകളുടെ ഏകോപനമാണ് മറ്റൊന്ന്.
സാമൂഹികമാധ്യമ ഇടപെടലുകൾക്ക് വിപുലമായ സംവിധാനമാണ് ബി.ജെ.പിക്കും. ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽനിന്ന് ഓരോ വോട്ടർമാരുമായി നേരിട്ട് സംവദിക്കുന്ന രീതിയിലാണ് ഇടപെടൽ. ഫേസ്ബുക്, എക്സ്, ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമുകളിലൂടെയാണ് ബി.ജെ.പി സൈബർ വിങ് യുവാക്കളിലേക്കിറങ്ങുന്നത്. സോഷ്യൽ മീഡിയയിൽ ആളുകൾ ഏറ്റവുമധികം സന്ദർശിക്കുന്ന സമയത്തെക്കുറിച്ച് കൃത്യമായി പഠനം നടത്തിയാണ് ഇടപെടലുകൾ.
നിശ്ചിത പ്രായക്കാർക്കായി പ്രത്യേകം കണ്ടൻറുകൾ തയാറാക്കുന്നു. വിഡിയോകൾ വൈറലാക്കുന്നതിനും പ്രത്യേക സംവിധാനവുമുണ്ട്. കേന്ദ്രത്തിന്റെ വികസന നേട്ടങ്ങൾ, കേരള സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പ്രചാരണങ്ങൾ. നേതാക്കളുടെ പ്രതികരണങ്ങൾ, വിമർശനങ്ങൾ എന്നിവയാണ് പ്രധാനമായും കാമ്പയിൻ ചെയ്യുന്നത്.
നേർക്കുനേർ ഇടപെടലുകൾക്ക് പുറമേ സാമൂഹികമാധ്യമങ്ങളിൽ അൽപം കടന്ന വഴികളുമുണ്ട്. ഇതിനായി സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നു. പണം നൽകിയാൽ വ്യാജ അക്കൗണ്ട് ആവശ്യക്കാരന് ലഭിക്കുന്നതാണ് ഇതിലൊന്ന്. പെട്ടെന്ന് ക്രിയേറ്റ് ചെയ്യുന്നതല്ല. മുഖമില്ലാതെ വർഷങ്ങളായി പരിപാലിക്കുന്ന അക്കൗണ്ടുകളാണ് ഇത്തരത്തിൽ വിൽപനക്ക് വെച്ചിരിക്കുന്നത്.
സ്ഥാനാർഥിയോ നേതാക്കളോ വർഷങ്ങൾക്ക് മുമ്പ് നടത്തിയ വിവാദ പരാമർശങ്ങളും അബദ്ധങ്ങളും വ്യാജ അക്കൗണ്ടുകൾ വഴി കുത്തിപ്പൊക്കി നാറ്റിക്കലാണ് മറ്റൊന്ന്. ഇതിനും കൂലിക്ക് ആളെ കിട്ടും. സ്ഥാനാർഥിയുടെതോ പാർട്ടിയുടെയോ പോസ്റ്റിന് കീഴിൽ ആക്രമിക്കാൻ വരുന്നരെ സംഘം ചേർന്ന് ‘തിരിച്ചടിക്കാൻ’ പതിയിരിക്കുന്ന വാടക സംഘങ്ങളാണ് മറ്റൊന്ന്. ഫലത്തിൽ, ചൊറിയാൻ വരുന്നവൻ വിവരമറിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.