തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പൂർണമായും ഹരിത പ്രോട്ടോകോൾ പ്രകാരം നടത്താനും തെരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹാർദമാക്കാനുമായി ശുചിത്വമിഷൻ മാർഗനിർദേശം നൽകി.
പരസ്യ പ്രചാരണ ബാനറുകൾ, ഹോർഡിങ്ങുകൾ തുടങ്ങിയവക്ക് പുനഃചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ലക്സ്, പോളിസ്റ്റർ, നൈലോൺ, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കരുത്. സർക്കാർ നിർദേശിച്ചതും 100 ശതമാനം കോട്ടൺ/പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പർ/റീസൈക്കിൾ ചെയ്യാവുന്ന പോളി എത്തിലിൻ എന്നിവയിൽ പി.വി.സി ഫ്രീ-റീസൈക്ലബിൾ ലോഗോയും യൂണിറ്റിന്റെ പേരും നമ്പറും മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് നമ്പർ/ക്യുആർ കോഡ് എന്നിവ പതിച്ചുമാത്രമേ ഉപയോഗിക്കാവൂ.
സർക്കാർ നിർദേശിച്ച കോട്ടൺ, പോളി എത്തിലിൻ എന്നിവ നിർമിക്കുന്ന/ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡ് മുഖാന്തരം സാമ്പിളുകൾ സമർപ്പിക്കേണ്ടതും യഥാക്രമം കോട്ടൺ വസ്തുക്കൾ കേന്ദ്രസർക്കാർ സ്ഥാപനമായ ടെക്സ്റ്റൈൽ കമ്മിറ്റിയിൽനിന്ന് ടെസ്റ്റ് ചെയ്ത് 100 ശതമാനമാണെന്ന് സാക്ഷ്യപ്പെടുത്തിയതും പോളി എത്തിലീൻ വസ്തുക്കൾ പി.വി.സി ഫ്രീ, റീസൈക്ലബിൾ പോളി എത്തിലിൻ എന്ന് സാക്ഷ്യപ്പെടുത്തിയും മാത്രമേ വിൽക്കാവൂ.
ഉപയോഗശേഷമുള്ള പോളി എത്തലിൻ ഷീറ്റ് പ്രിൻറിങ് യൂനിറ്റിലേക്കുതന്നെയോ അംഗീകൃത റീസൈക്ലിങ് യൂനിറ്റിലേക്കോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കർമ്മസേനക്ക്/ക്ലീൻ കേരള കമ്പനിക്ക് യൂസർ ഫീ നൽകി റീസൈക്ലിങ്ങിനായി തിരിച്ചേൽപ്പിക്കണം. ഹരിതകർമസേന റീസൈക്ലിങ്ങിനായി അംഗീകൃത ഏജൻസിക്ക് നൽകി പരസ്യ പ്രിൻറിങ് മേഖലയിൽ സീറോ വേസ്റ്റ് ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.