തിരുവനന്തപുരം: ലോക കേരളസഭ ബഹിഷ്കരിച്ച പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബത്തിൽനിന്നും നാട്ടിൽനിന്നും എന്തുകിട്ടുമെന്ന് ചിന്തിക്കാതെ കുടുംബത്തിനും നാടിനും എന്ത് നൽകാനാകുമെന്ന് ചിന്തിച്ച് ഉരുകിത്തീരുന്ന മെഴുകുതിരികളായ പ്രവാസികളെ ബഹിഷ്കരിക്കുന്നത് കണ്ണിൽ ചോരയില്ലാത്ത ക്രൂരതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബഹിഷ്കരിക്കാൻ വേറെയെന്തെല്ലാം വിഷയങ്ങളുണ്ട്. അവയിൽ ഒതുക്കിനിർത്തിയാൽ പോരേ? പ്രവാസികളുടെ പരിപാടി ബഹിഷ്കരിച്ചത് തീർത്തും അപഹാസ്യമായ നിലപാടാണ്.
പ്രവാസികളുടെ ത്യാഗസന്നദ്ധതക്കുമുന്നിൽ നമിക്കുകയാണ് വേണ്ടത്. പ്രവാസികളുടെ ഐക്യവും മനപ്പൊരുത്തവും മനസ്സിലാക്കി പ്രവർത്തനങ്ങളെ വിലമതിക്കുന്ന സർക്കാർ ഇവിടെയുണ്ട്. ആ സത്യത്തിന്റെ സൂര്യവെളിച്ചത്തിന് മുന്നിൽ ഒറ്റപ്പെട്ട ബഹിഷ്കരണത്തിന്റെ സ്വരങ്ങളെ 'നിങ്ങൾക്ക് മറക്കാവുന്നതേയുള്ളൂ'വെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭയുടെ സമാപന സെഷനിലായിരുന്നു പരാമർശങ്ങൾ.
പ്രതിപക്ഷത്തെ നയിക്കുന്നത് ഏതുതരം ജനാധിപത്യബോധമാണെന്ന് ഒരുതരത്തിലും മനസ്സിലാകുന്നില്ല. പ്രവാസിസമൂഹത്തിന്റെ വക്താക്കൾ തന്നെ ബഹിഷ്കരണത്തിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരമൊരു ജനാധിപത്യവേദിയോട് പുറംതിരിഞ്ഞുനിൽക്കൽ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. ഇത്തവണ ഇതിനെക്കുറിച്ച് ആലോചന തുടങ്ങുംമുമ്പ് ബന്ധപ്പെട്ടവരുമായി താൻ ചർച്ച നടത്തിയിരുന്നു.
പങ്കെടുക്കാമെന്ന തരത്തിലുള്ള അഭിപ്രായമാണ് പറഞ്ഞത്. പിന്നീട് ചോദിച്ചപ്പോഴും പങ്കെടുക്കുമെന്ന് തന്നെയാണ് കിട്ടിയ സൂചന. രാഷ്ട്രീയകാരണമാണ് ബഹിഷ്കരണത്തിന് പിന്നിലെന്ന് പറയുന്നത് മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.