തിരുവനന്തപുരം: ലോകായുക്തയുടെ അധികാരത്തിൽ പൂട്ടിടാനുള്ള നീക്കത്തിൽ വെട്ടിൽവീണ് സര്‍ക്കാർ. ലോക്പാല്‍ ശക്തിപ്പെടുത്തണമെന്നും അഴിമതി തുടച്ചുനീക്കണമെന്നും സി.പി.എം തുടർച്ചയായി ആവശ്യപ്പെടുന്നതിനിടെയാണ് പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ലോകായുക്തയുടെ അധികാരം ഇല്ലാതാക്കുംവിധം നിയമം ദുർബലപ്പെടുത്തുന്നെന്ന ആക്ഷേപമുയരുന്നത്.
ശക്തമായി പ്രതിഷേധിച്ച പ്രതിപക്ഷം ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്കി. നിയമസഭ ചേരാനിരിക്കെ, തിടുക്കപ്പെട്ട് ഓർഡിനൻസ് കൊണ്ടുവരുന്നതിലെ അനൗചിത്യവും അവർ ചോദ്യം ചെയ്യുന്നു. രാജ്യത്ത് ഒരിടത്തുമില്ലാത്ത വ്യവസ്ഥയാണ് മാറ്റുന്നതെന്നും എ.ജിയുടെ ഉപദേശപ്രകാരമാണ് നടപടിയെന്നുമാണ് ഭരണപക്ഷ വിശദീകരണം. വിജിലൻസ് കമീഷന്റെ ചിറകരിഞ്ഞ നരേന്ദ്ര മോദിയുടെ തീരുമാനവുമായാണ് പിണറായി സർക്കാറിന്റെ തീരുമാനത്തെ പ്രതിപക്ഷം താരതമ്യം ചെയ്യുന്നത്. അതിനെ പ്രതിരോധിക്കാൻ സർക്കാറും ഭരണപക്ഷവും അധ്വാനിക്കേണ്ടിവരും.
മുഖ്യമന്ത്രിക്കും മന്ത്രി ആര്. ബിന്ദുവിനുമെതിരായ പരാതികളിൽ തിരിച്ചടി ഉറപ്പായതാണ് ലോകായുക്തക്ക് കൂച്ചുവിലങ്ങിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനു പിന്നിലെന്നാണ് പ്രതിപക്ഷ ആക്ഷേപം. അന്തരിച്ച എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് മുഖ്യമന്ത്രിയുടെ ഫണ്ട് ദുരുപയോഗിച്ച് 25 ലക്ഷം രൂപ നല്കി, അന്തരിച്ച എം.എല്‍.എ രാമചന്ദ്രന് നായരുടെ കാർ വായ്പ അടക്കാനും മറ്റും 8.5 ലക്ഷം നല്കി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷാചുമതലയുള്ള പൊലീസുകാരന് അപകടത്തില്‍പെട്ടപ്പോള്‍ കുടുംബത്തിന് 20 ലക്ഷം നല്കി എന്നിങ്ങനെയാണ് മുഖ്യമന്ത്രിക്കെതിരായ പരാതികള്‍.
കണ്ണൂര്‍ വൈസ്ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് ഗവര്‍ണര്‍ക്ക് കത്തയച്ചതാണ് മന്ത്രി ബിന്ദുവിനെതിരായ പരാതി. ലോകായുക്ത വിധി എതിരായാല്‍ ബന്ധപ്പെട്ടവർക്ക് രാജിവെക്കേണ്ടിവരുമെന്നതിനാൽ കാലേക്കൂട്ടി ലോകായുക്തയെ തളയ്ക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം. നിയമങ്ങള്‍ സ്വാഭാവിക നീതിക്കും ഭരണഘടനക്കും വിധേയമായിരിക്കണമെന്നാണ് സർക്കാർ വാദം. ഭേദഗതി നീക്കം വിവാദത്തിലായതോടെ ഗവർണറുടെ തീരുമാനമായിരിക്കും ശ്രദ്ധേയം. പൊതുരംഗത്തെ അഴിമതി തടയാനുള്ള ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാൻ സര്‍ക്കാര്‍ നീക്കമെന്ന ആക്ഷേപം ഗവർണർക്കും കണക്കിലെടുക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.