തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗ കേസ് അഞ്ചുവർഷത്തിന് ശേഷം ലോകായുക്ത തള്ളി. ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും 18 മുൻ മന്ത്രിമാരെയും എതിർകക്ഷികളാക്കി 2018ൽ ഫയൽ ചെയ്ത ഹരജിയാണ് ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷനായ ലോകായുക്ത ഫുൾബെഞ്ച് തള്ളിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് മൂന്നുപേർക്ക് ക്രമവിരുദ്ധമായി 53.66 ലക്ഷം രൂപ അനുവദിക്കുകയും ഒരാളുടെ മകന് നിയമനവും നൽകിയെന്നാരോപിച്ച് കേരള സർവകലാശാല മുൻ ജീവനക്കാരൻ ആർ.എസ്. ശശികുമാറാണ് ഹരജി നൽകിയത്. എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനത്തിലെ പൊലീസുകാരൻ പ്രവീണിന് അപകടം പറ്റിയ സംഭവത്തിൽ 20 ലക്ഷം രൂപയും മുൻ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെ കുടുംബത്തിന് 8.66 ലക്ഷം രൂപയും മകന് ജോലിയും നൽകിയ മന്ത്രിസഭാതീരുമാനത്തിനെതിരെയായിരുന്നു ഹരജി. പണം നല്കാന് മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നും വിധിയിൽ ലോകായുക്ത വ്യക്തമാക്കി. മൂന്ന് ലക്ഷത്തിന് മുകളിലുള്ള തുക നൽകാൻ മന്ത്രിസഭയുടെ അംഗീകാരം വേണമെന്ന ചട്ടം പാലിച്ചെങ്കിലും മറ്റ് നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച പറ്റി.
ഫണ്ട് പൊതുജനങ്ങളുടേതാണ്. പണം ലഭിച്ച മൂന്നുപേരെയും ലോകായുക്ത കേട്ടിട്ടില്ല എങ്കിലും അവരിൽനിന്ന് അപേക്ഷയൊന്നും ലഭിക്കാതെയാണ് പണം അനുവദിച്ചതെന്നും ലോകായുക്ത വിമര്‍ശിച്ചു. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിട്ടില്ല. രാഷ്ട്രീയ തീരുമാനം ആണെന്നതിനും അഴിമതിയും സ്വജനപക്ഷപാതവും നടത്തി എന്നതിനും തെളിവില്ല. പണം അനുവദിച്ചതിലൂടെ മന്ത്രിമാർ വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും അഴിമതിക്ക് തെളിവില്ലാത്തതിനാൽ തുടരന്വേഷണം ആവശ്യമില്ലെന്നും ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി. ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദും ജസ്റ്റിസ് ബാബു മാത്യു പി. ജോസഫും കൂടി ഉൾപ്പെട്ടതാണ് ഫുർബെഞ്ച്.
എന്നാല്‍, ഫണ്ട് അനുവദിച്ച മന്ത്രിസഭാ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കാനുള്ള അധികാരം ലോകായുക്തക്കുണ്ടോയെന്ന കാര്യത്തില്‍ ലോകായുക്തയും ഉപലോകായുക്തമാരും ഭിന്നനിലപാടാണ് സ്വീകരിച്ചത്. പരിഗണിക്കാന്‍ അധികാരമുണ്ടെന്നാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കിയപ്പോള്‍ ഇല്ലെന്നായിരുന്നു ഉപലോകായുക്തമാരുടെ നിലപാട്.
വിധി പറയുന്നതിൽ നിന്ന് രണ്ട് ഉപലോകായുക്തമാരും ഒഴിയണമെന്ന് ആവശ്യപ്പെട്ട് ശശികുമാർ നൽകിയ ഇടക്കാല ഹരജിയും തിങ്കളാഴ്ച തള്ളിയിരുന്നു. വാദം കേട്ട രണ്ട് ഉപലോകായുക്തമാർ കെ.കെ. രാമചന്ദ്രൻനായരുടെ ജീവചരിത്രം പ്രകാശനം ചെയ്തത് വിവാദമായ സാഹചര്യത്തിലായിരുന്നു ഹരജി.
ലോകായുക്തയെ സർക്കാർ സ്വാധീനിച്ചു -ശശികുമാർ
തിരുവനന്തപുരം: ദുരിതാശ്വാസനിധി കേസിലെ ഹരജി ലോകായുക്ത തള്ളിയതിനെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് ഹരജിക്കാരൻ ആർ.എസ്. ശശികുമാർ. അനുകൂല വിധി ഉണ്ടായില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കും. ലോകായുക്തയെ സര്‍ക്കാർ സ്വാധീനിച്ചു. ജഡ്ജിമാർക്ക് പുതിയ ലാവണങ്ങളിലേക്ക് പോകണമെങ്കിൽ സർക്കാറിന് അനുകൂലമായി വിധി എഴുതണം. മുൻ എം.എൽ.എ രാമചന്ദ്രൻനായരുടെ പുസ്തക പ്രകാശന ചടങ്ങിൽ ഉപലോകായുക്തമാർ പങ്കെടുത്തത് ഹൈകോടതിയെ അറിയിക്കും. മന്ത്രിസഭ ഒന്നിച്ചു കട്ടാൽ ചോദ്യം ചെയ്യാൻ പാടില്ലെന്നാണ് നിലപാട്. ഇങ്ങനെയൊരു സ്ഥാപനം വേണോയെന്ന് ചിന്തിക്കേണ്ട സമയമാണെന്നും ശശികുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.