തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുരുപയോഗക്കേസിലെ ലോകായുക്ത വിധിയിൽ താൽക്കാലികാശ്വാസമുണ്ടെങ്കിലും ഡിവിഷൻ ബെഞ്ചിലെ ന്യായാധിപന്റെ ഭിന്നാഭിപ്രായവും കേസ് അവസാനിക്കാത്തതും സർക്കാറിനും മുഖ്യമന്ത്രിക്കും ഭീഷണിയായി തുടരും. ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയെന്ന പ്രതിപക്ഷ ആക്ഷേപത്തെയും പ്രതിരോധിക്കേണ്ടിവരും. വിശദവാദം കേട്ട് വിധി പറയാൻ ഫുൾബെഞ്ചിന് കൈമാറിയെങ്കിലും എത്രകാലത്തേക്ക് നീട്ടിക്കൊണ്ടുപോകാനാകുമെന്നതും സർക്കാറിന് വെല്ലുവിളിയാണ്. അതിനുമുമ്പ് ലോകായുക്തയുടെ ചിറകരിയുന്ന ബില്ലിൽ തീരുമാനമാക്കുകയാണ് പ്രധാന പോംവഴി.
ബിൽ നിയമമായാൽ ലോകായുക്ത വിധി എന്തായാലും സർക്കാർതലത്തിൽ അന്തിമതീരുമാനം കൈക്കൊള്ളാം. അതിന് പ്രതിബന്ധം ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്. നിയമസഭ പാസാക്കി മാസങ്ങൾ കഴിഞ്ഞിട്ടും ഗവർണർ ഒപ്പിടാത്തതിനാലാണ് ബിൽ നിയമമാകാത്തത്. ഗവർണറെ അനുനയിപ്പിച്ച് ബിൽ ഒപ്പിടുവിക്കാനാകും ഇനി സർക്കാർ ശ്രമം.
മന്ത്രിസഭയുടെ നയപരമായ തീരുമാനങ്ങൾ ലോകായുക്തക്ക് പരിഗണിക്കാനാകില്ലെന്ന വാദം സർക്കാർ നേരത്തേ ഉന്നയിച്ചതാണ്. ലോകായുക്തയിലെ ഭിന്ന നിലപാടാണ് മുഖ്യമന്ത്രിയുടെയും സർക്കാറിന്റെയും പിടിവള്ളി. വിധി എതിരായിരുന്നെങ്കിൽ മുഖ്യമന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങിയേനെ.
വിശാലബെഞ്ചിനു മുന്നിൽ വീണ്ടും വാദമുഖങ്ങൾ അവതരിപ്പിക്കാനാകുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ. സ്വജനപക്ഷപാതമെന്നതാണ് പ്രധാന ആരോപണം. അത് പ്രഥമദൃഷ്ട്യാ കണ്ടെത്തിയെന്ന നിലയിലുള്ള വിലയിരുത്തൽ മുമ്പ് ലോകായുക്ത നടത്തിയതിനാൽ കേസ് ഹൈകോടതിയിലെത്തിയാൽ തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്. ലോകായുക്ത പരാമർശത്തെ തുടർന്നാണ് ഒന്നാം പിണറായി സർക്കാറിൽ കെ.ടി. ജലീലിന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നത്.
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ കേസ് ലോകായുക്ത പുതിയ ബെഞ്ചിന് വിട്ടതിൽ സി.പി.എമ്മിന് പ്രത്യേകിച്ചൊന്നുമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജഡ്ജിയെ ഭീഷണിപ്പെടുത്തിയുള്ള വിധിയെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കില്ല. ഭീഷണിക്ക് വിധേയപ്പെടുന്നവരാണ് ജഡ്ജിമാരെങ്കിൽ അവരെ ജഡ്ജിയെന്ന് പറയാൻ പറ്റുമോ? ഡീൽ നടന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് പറയുന്നത് അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം തുടർന്നു.
പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതിൽ കോൺഗ്രസ് നിലപാട് ഇരട്ടത്താപ്പാണ്. ബി.ആർ.എസ് നേതാവ് കവിത, ആംആദ്മി പാർട്ടിയുടെ ഡൽഹി ഉപമുഖ്യമന്ത്രി സിസോദിയ തുടങ്ങിയവർക്കെതിരായ നടപടിയിൽ കോൺഗ്രസ് കാര്യമായി പ്രതികരിച്ചിട്ടില്ല. അവരുടെ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ വരുമ്പോൾ മാത്രമാണ് പ്രതിഷേധം. ജനകീയ പ്രതിരോധജാഥ വേണ്ടത്ര വിജയിച്ചില്ലെന്നതരത്തിൽ സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായമുയർന്നെന്ന വാർത്ത ശരിയല്ല. പാർട്ടി ജാഥയെ ഗോവിന്ദന്റെ ജാഥ എന്നൊക്കെ വിശേഷിപ്പിക്കുന്നത് തെറ്റായ പ്രയോഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം: ലോകായുക്ത വിധിയോടെ സംശയ നിഴലിലായ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. ഭിന്നാഭിപ്രായത്തിന്റെ സാങ്കേതികത്വത്തിൽ കടിച്ചുതൂങ്ങി അധികാരത്തിൽ തുടരാനുള്ള ശ്രമം ഉപേക്ഷിക്കണം. മുഖ്യമന്ത്രി അധികാരത്തിൽ തുടരുന്നത് ആ കസേരയുടെ മഹത്വം കെടുത്തും. രണ്ട് ജഡ്ജിമാരിൽ ഒരാൾ സ്വജനപക്ഷപാതം നടന്നെന്ന് കണ്ടെത്തി. ഇത് ഗുരുതരമാണ്. സ്വജനപക്ഷപാതമെന്ന കേസ് തള്ളിയിട്ടില്ല. നീതി വൈക്കുന്നത് നീതി നിഷേധമാണ്. ന്യൂനപക്ഷ പാർട്ടിക്ക് രൂപംനൽകാൻ ബി.ജെ.പിക്ക് കഴിയില്ല. ആരെങ്കിലും പാർട്ടി രൂപവത്കരിക്കുന്നുണ്ടെങ്കിൽ അക്കാര്യം അവരാണ് പറയേണ്ടത്. ബി.ജെ.പിക്ക് ഇക്കാര്യത്തിൽ അറിവൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.