തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ സി.പി.എം-സി.പി.ഐ പോര് ശക്തമാകുന്നു. ഒപ്പം നിലപാട് കടുപ്പിച്ച് പ്രതിപക്ഷവും. സർക്കാർ നീക്കം ന്യായീകരിച്ച് പാർട്ടി മുഖപത്രത്തിലൂടെ ലേഖനവുമായെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വീണ്ടും രംഗത്തെത്തി. കാനത്തെ പിന്തുണച്ച് സി.പി.ഐ അസി. സെക്രട്ടറി കെ. പ്രകാശ്ബാബുവും എത്തിയതോടെ വിഷയം എൽ.ഡി.എഫിലും ചൂടുപിടിക്കുകയാണ്.
നിയമസഭ ചേരാൻ ഒരുമാസം മാത്രം ബാക്കിനിൽക്കെ ലോകായുക്ത ഓർഡിനൻസ് ഇറക്കുന്നതിന് അടിയന്തര സാഹചര്യമെന്താണെന്നതിന് ആരും മറുപടി നൽകിയില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.
മന്ത്രിസഭയോഗത്തിൽ ഓർഡിനൻസിനെ അനുകൂലിച്ച സി.പി.ഐ മന്ത്രിമാരുടെ നടപടിയിൽ അതൃപ്തി പരസ്യമാക്കിയ കാനം എതിർക്കാത്തതിനെക്കുറിച്ച് അവരോട് ചോദിക്കണമെന്നും പ്രതികരിച്ചു. ലോകായുക്ത ഓർഡിനൻസിൽ മുൻ നിലപാട് ആവർത്തിക്കുകയും ചെയ്തു. കേന്ദ്രം സംസ്ഥാന സർക്കാറിനെ അസ്ഥിരപ്പെടുത്താനോ ഗവര്‍ണര്‍ വഴി ഇടപെടാനോ ചതിക്കുഴി നിലവിലെ നിയമത്തിലുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വാദത്തെ അദ്ദേഹം തള്ളി. സർക്കാറിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രം ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി നേരിടണമെന്നും അതിന് നിയമം മാറ്റുകയല്ല വേണ്ടതെന്നും കാനം പറഞ്ഞു. ഗവർണറെ ഉപയോഗിച്ച് അസ്ഥിരപ്പെടുത്തുന്ന ധാരാളം സംഭവമുണ്ട്. കേരളത്തിലുമുണ്ടാകാം. ഓർഡിനൻസ് ഇറക്കാൻ അവകാശമില്ല എന്ന് ആരും പറഞ്ഞിട്ടില്ല. ഓർഡിനൻസിന് അനിവാര്യത വ്യക്തമാക്കണമെന്നും കാനം പറഞ്ഞു.
സംസ്ഥാന സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം തടയുന്നതിനാണ് ഓർഡിനൻസ് എന്നാണ് ദേശാഭിമാനി ലേഖനത്തിൽ കോടിയേരി വിശദീകരിച്ചത്. ഈ വാദമാണ് കാനം തള്ളുന്നത്. മന്ത്രിസഭയിൽ ചർച്ച ചെയ്താണ് തീരുമാനിച്ചതെന്ന സി.പി.ഐ മന്ത്രി കെ. രാജന്റെ വാദവും തള്ളുന്ന നിലക്കാണ് കാനത്തിന്റെ പ്രസ്താവന. സി.പി.ഐക്കുള്ളിലും ഈ വിഷയത്തിൽ ഭിന്നതയുണ്ടെന്ന് വ്യക്തമാക്കുന്നതാണിത്. സി.പി.ഐ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ നായരാണ് 1999ൽ ലോകായുക്ത ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. ഇപ്പോൾ കൊണ്ടുവരുന്ന ഭേദഗതിയുടെ വ്യവസ്ഥ അന്ന് ബില്ലിൽ ഉണ്ടായിരുന്നെങ്കിലും നിയമസഭയിൽ ഉയർന്ന എതിർപ്പിനെ തുടർന്ന് ഒഴിവാക്കിയിരുന്നു. വിവാദത്തിൽ പ്രതിപക്ഷവും നിലപാട് കടുപ്പിക്കുകയാണ്. കടുത്ത ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാർ നീക്കത്തെ വെള്ളിയാഴ്ചയും വിമർശിച്ചത്. വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തുന്നതോടെ വിഷയം കൂടുതൽ ചൂടുപിടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.