തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ഉച്ചത്തിൽ മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചു. സഹയാത്രികർക്ക് ശല്യമാകുന്ന രീതിയിൽ വിഡിയോകളും പാട്ടുകളും വെക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.
നിരോധനം ബസിനുള്ളിൽ എഴുതി പ്രദർശിപ്പിക്കും. ഇത് സംബന്ധിച്ചുണ്ടാകുന്ന പരാതികൾ കണ്ടക്ടർമാർ സംയമനത്തോടെ പരിഹരിക്കുകയും നിർദേശങ്ങൾ പാലിക്കാൻ യാത്രക്കാരോട് അഭ്യർഥിക്കുകയും ചെയ്യുമെന്ന് കെ.എസ്.ആർ.ടി.സി മാനേജിങ് ഡയരക്ടർ പത്രകുറിപ്പിൽ അറിയിച്ചു. എല്ലാത്തരം യാത്രക്കാരുടേയും താല്‍പര്യങ്ങള്‍ പരമാവധി സംരക്ഷിച്ച് കൊണ്ട് സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യാനാണ് കെ.എസ്.ആർ.ടി.സിയുടെ ശ്രമം.
കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്ര ചെയ്യുന്ന ചിലർ അമിത ശബ്ദത്തിൽ മൊബൈൽ ഫോണിൽ സംസാരിക്കുന്നതും സഭ്യമല്ലാതെ സംസാരിക്കുന്നതും അമിത ശബ്ദത്തിൽ വീഡിയോ, ഗാനങ്ങൾ എന്നിവ കേൾക്കുന്നതും സഹയാത്രക്കാർക്ക് ബുദ്ധിമുണ്ടാക്കുന്നുവെന്ന തരത്തിൽ നിരവധി പരാതികൾ ഉയർന്നിരുന്നു.
ഇത്തരത്തിലുള്ള പെരുമാറ്റം കാരണം ബസിനുള്ളിൽ യാത്രക്കാർ തമ്മിൽ അനാരോഗ്യവും അസുഖകരവുമായ യാത്രാ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സി ഇത്തരത്തിലുള്ള ഉപയോഗങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.