ദുരന്തമുഖത്ത് തളര്‍ന്ന് പോകാതെ പ്രവര്‍ത്തിച്ച പ്രിയപ്പെട്ടവര്‍: അനുഭവം പങ്കുവച്ച് വീണ ജോര്‍ജ്

വയനാട്ടിലെ ദുരന്തമുഖത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ പങ്ക് വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വയനാട്ടിലെ ദുരന്തത്തിനിരയായ ആരോഗ്യ പ്രവര്‍ത്തകരുടെ സേവന സന്നദ്ധതയെപ്പറ്റിയാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഒന്ന് വിശ്രമിക്കാന്‍ പോലും കൂട്ടാക്കാതെ പ്രവര്‍ത്തിച്ചവര്‍. ദുരന്തമുഖത്ത് തളര്‍ന്ന് പോകാതെ പ്രവര്‍ത്തിച്ച പ്രിയപ്പെട്ടവര്‍. ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങളാണ് മന്ത്രി കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

വയനാട്ടിലെ ദുരന്തത്തിനിരയായ ആരോഗ്യ പ്രവര്‍ത്തകരെ കുറിച്ചാണ്...

പ്രിയപ്പെട്ടവരേയും വീടും നഷ്ടമായ ആശാ പ്രവര്‍ത്തകരായ ഷൈജാ ദേവി, സുബൈദ റസാക്ക്, ലാലു വിജയന്‍... പ്രിയപ്പെട്ടവര്‍ നഷ്ടമായിട്ടും ജൂലൈ 30ന് ദുരന്തമുണ്ടായ അന്നുതന്നെ യൂണിഫോമിട്ട് സേവനത്തിനെത്തിയ നഴ്സിംഗ് ഓഫീസര്‍ സഫ്വാന കെ, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഫൈസല്‍ റഫീക്ക്, ഇന്നും ഡ്യൂട്ടിയിലുണ്ട്. സഫ്വാനയ്ക്ക് അടുത്ത ബന്ധുക്കളായ 11 പേരും ഫൈസല്‍ റഫീക്കിന് അടുത്ത ബന്ധുക്കളായ 6 പേരും നഷ്ടമായിരുന്നു.

ഷൈജാ ദേവി തുടക്കം മുതല്‍ മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു. ഇന്‍ക്വസ്റ്റിനും പോസ്റ്റ്മോര്‍ട്ടത്തിനും മൃതദേഹം എത്തിക്കുന്നിടത്ത് കര്‍മ്മനിരതയായിരുന്നു ഷൈജ. നൂറോളം ആളുകളുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതും ഷൈജയാണ്. ഞാന്‍ അവിടെ എത്തുമ്പോഴെല്ലാം ഷൈജയെ കര്‍മ്മനിരതയായി കണ്ടു. ഷൈജയുടെ അടുത്ത ബന്ധുക്കളായ 11 പേരാണ് ഉരുള്‍പൊട്ടലില്‍ നഷ്ടമായത്. ഷൈജയുടെ നിര്‍മ്മാണത്തിലിരുന്ന വീടും നഷ്ടമായി.

സുബൈദ റസാക്ക്. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടയാള്‍ കൂടിയാണ്. സുബൈദയുടെ ബന്ധുമിത്രാദികളില്‍ പലരും ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടു. സുബൈദയുടെ വീട് ഉരുള്‍പൊട്ടി ഒഴുകിയ സ്ഥലത്തിന് തൊട്ട് മുകളിലാണ്. ഉരുള്‍പൊട്ടല്‍ കണ്ട് ബന്ധുക്കളെയും നാട്ടുകാരെയും ഉയരത്തിലുള്ള മദ്രസയിലേക്കും മുകള്‍ ഭാഗത്തെ റോഡിലേക്കും മാറ്റുന്ന രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് താഴെ കല്ലുകള്‍ക്കും ചെളിയ്ക്കുമിടയില്‍ എന്തോ അനങ്ങുന്നത് കണ്ടത്.. ശരീരം ഏതാണ്ട് നിശ്ചലമായ പെണ്‍കുഞ്ഞ്. വായില്‍ നിന്നും ശ്വാസകോശത്തില്‍ നിന്നും ചെളി വലിച്ചെടുത്ത് കളഞ്ഞ് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കി സുബൈദ ആ മകളെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം വിജയകരമായി നടത്തി.

ലാലു വിജയന്‍ ദുരന്തമേഖലയായ ചൂരല്‍മലയിലായിരുന്നു താമസം. മുണ്ടക്കൈ ഭാഗത്ത് ആദ്യ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു ലാലു വിജയന്‍. രാത്രിയില്‍ ഉരുള്‍ പൊട്ടുന്ന വലിയ ശബ്ദം കേട്ടപ്പോള്‍ വീട്ടില്‍ നിന്നിറങ്ങി കുന്നിന്‍ മുകളിലേക്ക് ഓടിക്കയറി. പിന്നീട് വന്ന റെസ്‌ക്യൂ ടീമാണ് അവരെ രക്ഷിച്ചത്. ഉരുള്‍പൊട്ടലില്‍ ഇവരുടെ മൂന്ന് പേരുടേയും വീടുകള്‍ താമസ യോഗ്യമല്ലാതായി.

ദുരന്തബാധിത മേഖലയില്‍ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ഷൈജയും സുബൈദയും ലാലു വിജയനുമൊക്കെ കര്‍മ്മനിരതരാണ്. ഇവരെക്കൂടാതെ ദുരന്തമേഖലയായ മുണ്ടക്കൈ, ചൂരല്‍മല ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ പ്രസന്ന, വനജ, സൗമ്യ എന്നീ ആശാ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്.

നിസ്വാര്‍ത്ഥ സേവനത്തിന് സ്വയം സമര്‍പ്പിച്ച പതിനായിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിനിധികളാണ് ഇവരെല്ലാവരും. ഒന്ന് വിശ്രമിക്കാന്‍ പോലും കൂട്ടാക്കാതെ പ്രവര്‍ത്തിച്ചവര്‍. ദുരന്തമുഖത്ത് തളര്‍ന്ന് പോകാതെ പ്രവര്‍ത്തിച്ച പ്രിയപ്പെട്ടവര്‍.

Tags:    
News Summary - Loved Ones who did not give up in the face of tragedy: Veena George who shared his experience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.