കുന്ദമംഗലം: ഒട്ടേറെ പേരുടെ മരണത്തിനും തിരോധാനത്തിനും കാരണമായ വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ തങ്ങളുടെ ഉറ്റവരെ നഷ്ടമായ വേദനയിൽ ബിഹാറിലെ വൈശാലി ജില്ലയിലെ ഭഗവാൻപൂർ ഗ്രാമവും. മുണ്ടക്കൈയിലെ ഹാരിസൺ എസ്റ്റേറ്റിൽ ജോലിചെയ്തിരുന്ന ആറ് ഭഗവാൻപൂർ സ്വദേശികളാണ് ദുരന്തത്തിൽ അകപ്പെട്ടത്. ഇതിൽ ഒരാൾക്ക് ജീവൻ നഷ്ടമാവുകയും രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. മൂന്നുപേരെ ഇപ്പോഴും കണ്ടുകിട്ടിയിട്ടില്ല. 45 വയസ്സുകാരി ഫൂൽകുമാരി ദേവിയുടെ മൃതശരീരമാണ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തത്. ഉപേന്ദർ പാസ്വാൻ, അരുൺ കുമാർ എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ട് ഇപ്പോൾ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. സാദു പാസ്വാൻ (47), രഞ്ജിത് കുമാർ (22), ബിജിനസ് പാസ്വാൻ (40) എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
മരണപ്പെട്ട ഫൂൽകുമാരി ദേവിയുടെ മകൻ രോസൻ കുമാർ മുഖേനയാണ് ദുരന്തവിവരം ഗ്രാമവാസികൾ അറിയുന്നത്. മരിച്ച അമ്മയുടെ അന്ത്യകർമങ്ങൾക്കായി സ്വദേശത്തേക്ക് മടങ്ങാൻ രോസൻ കുമാറിന് യാതൊരു നിർവാഹവുമില്ലായിരുന്നു. ജീവിതാവസാനം സ്വദേശത്തേക്ക് മടങ്ങണമെന്ന അമ്മയുടെ ആഗ്രഹം പൊലിഞ്ഞെങ്കിലും അന്ത്യകർമങ്ങളെങ്കിലും നാട്ടിലാക്കണമെന്ന ചിന്തയിലായിരുന്നു അദ്ദേഹം.
എന്നാൽ കൈയിലുള്ള സമ്പാദ്യവും വസ്തുക്കളും ദുരന്തത്തിൽ നഷ്ടപ്പെട്ടതോടെ ഇതിന് സാധിക്കുമോ എന്ന ആശങ്കയിലായിരുന്നു. ഈ സാഹചര്യം അറിഞ്ഞ ബിഹാറിലെ വൈശാലി എം.എൽ.എ സിദ്ധാർത്ഥ് പട്ടേൽ ബിഹാർ മർകസിലെ സാബിത്ത് നൂറാനിയുമായി ബന്ധപ്പെട്ടു. വയനാട് സ്വദേശിയായ സാബിത്ത് നൂറാനി വിഷയം ദുരന്തമുഖത്ത് സജീവമായ എസ്.വൈ.എസ് സാന്ത്വനം പ്രവർത്തകരുടെയും മർകസ് ഡയറക്ടർ സി.പി. ഉബൈദുല്ല സഖാഫിയുടെയും ശ്രദ്ധയിൽപെടുത്തി. ഇതേതുടർന്ന് സാന്ത്വനം പ്രവർത്തകർ രോസൻ കുമാറിനെ കണ്ടെത്തി ചൂരൽമലയിലെ സാന്ത്വനം ക്യാമ്പ് ഓഫിസിൽ എത്തിച്ചു. തുടർന്നു നടന്ന അന്വേഷണത്തിലാണ് സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ടുപേരെ കണ്ടെത്തുന്നത്.
കാണാതായവരുടെ വിവരങ്ങളും ഫോട്ടോയും ശേഖരിച്ച സാന്ത്വനം പ്രവർത്തകർ അമ്മയുടെ അന്ത്യകർമങ്ങൾക്കായി ബിഹാറിലേക്ക് മടങ്ങാൻ രോസൻ കുമാറിന് വിമാന ടിക്കറ്റും അടിയന്തര സഹായവും നൽകി. നാട്ടിലെത്തിയ രോസൻ കുമാറിൽനിന്ന് ദുരന്തത്തിന്റെ ഭീകരദൃശ്യം അറിഞ്ഞ കാണാതായവരുടെ ബന്ധുക്കൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹമെങ്കിലും അന്ത്യകർമങ്ങൾക്കായി കണ്ടുകിട്ടിയെങ്കിൽ എന്ന പ്രാർഥനയിലാണ്. കുടുംബങ്ങളുടെ അത്താണിയായിരുന്നവരുടെ വിയോഗത്തിൽ ഉള്ളുലയുന്ന സങ്കടത്തിൽ കഴിയുന്ന ദരിദ്രരായ ഗ്രാമവാസികളുടെ വേദനയും സഹായത്തിനായുള്ള അഭ്യർഥനയും നന്മയുള്ള കേരളം കേൾക്കുമെന്ന പ്രതീക്ഷയിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.