തദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അന്തിമമാക്കാൻ കൂടുതല്‍ സമയക്രമം പുതുക്കിയെന്ന് എം.ബി രാജേഷ്

കോഴിക്കോട് : തദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതി അന്തിമമാക്കി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നതിനുള്ള സമയക്രമം പുതുക്കി നിശ്ചയിച്ചതായി മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഫെബ്രുവരി 25ന് മുൻപും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ മാര്‍ച്ച് മൂന്നിന് മുൻപും അന്തിമ വാര്‍ഷിക പദ്ധതി സമര്‍പ്പിക്കണം.

സംസ്ഥാന ബജറ്റ് ഫെബ്രുവരി ആദ്യം അവതരിപ്പിക്കുമ്പോള്‍, വിവിധ തദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന യഥാര്‍ഥ വിഹിതം അറിയാനാകും. ഈ തുകയെ അടിസ്ഥാനമാക്കി വാര്‍ഷികപദ്ധതി അന്തിമമാക്കുകയാണെങ്കില്‍ പദ്ധതി നടത്തിപ്പ് കൂടുതല്‍ സുഗമമായി നിര്‍വഹിക്കാനാക്കാനാകുമെന്ന് കണ്ടാണ് തീരുമാനം. വിവിധ തദേശ സ്ഥാപന അധ്യക്ഷന്മാരും സംഘടനകളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

മുൻവര്‍ഷങ്ങളില്‍ തൊട്ടുമുൻപത്തെ വര്‍ഷത്തെ വിഹിതത്തെ അടിസ്ഥാനമാക്കി ആദ്യം വാര്‍ഷിക പദ്ധതി തയാറാക്കുകയും പിന്നീട് യഥാര്‍ഥ വിഹിതമനുസരിച്ച് പദ്ധതി പരിഷ്കരിക്കുകയുമായിരുന്നു. പദ്ധതി തയ്യാറാക്കുന്നതിന് അടിസ്ഥാനമായ തുകയും ലഭ്യമായ തുകയും തമ്മില്‍ വ്യതിയാനമുണ്ടായത് ഭൂരിപക്ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷങ്ങളില്‍ ബുദ്ധിമുണ്ടാക്കിയിരുന്നു.

ഇക്കാര്യം പരിഗണിച്ച് ബജറ്റിലെ യഥാര്‍ഥ വിഹിതം അറിഞ്ഞതിന് ശേഷം പദ്ധതി അന്തിമമാക്കിയാല്‍ മതിയെന്ന് ജനുവരി 9ന് ചേര്‍ന്ന വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോര്‍ഡിനേഷൻ കമ്മിറ്റിയും തീരുമാനിച്ചിരുന്നു. അതിദാരിദ്ര നിര്‍മാര്‍ജനം, മാലിന്യ സംസ്കരണം, പ്രാദേശിക സാമ്പത്തിക വികസനം, സംരംഭങ്ങളും തൊഴില്‍ സൃഷ്ടിയും തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടാകണം വാര്‍ഷിക പദ്ധതി തയാറാക്കേണ്ടതെന്നും മന്ത്രി നിര്‍ദേശിച്ചു.

ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഫെബ്രുവരി 25നുള്ളില്‍ വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണസമിതിക്ക് സമര്‍പ്പിക്കണം. മാര്‍ച്ച് മൂന്നിനകം പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കും. ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഇ-ഗ്രാംസ്വരാജ് പോര്‍ട്ടലില്‍ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്‍റ് വിനിയോഗിക്കുന്നതിനുള്ള പ്രോജക്ടുകള്‍ മാര്‍ച്ച് 8നുള്ളില്‍ അപ്ലോഡ് ചെയ്യണം. ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ക്ക് മാര്‍ച്ച് മൂന്ന് വരെയാണ് വാര്‍ഷികപദ്ധതി തയാറാക്കി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കാനുള്ള സമയം. മാര്‍ച്ച് ഏഴിനകം പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കും. ഇ-ഗ്രാംസ്വരാജ് പോര്‍ട്ടലില്‍ മാര്‍ച്ച് 10നകം ആവശ്യമായ പ്രോജക്ടുകള്‍ അപ്ലോഡ് ചെയ്യണം.

Tags:    
News Summary - M. B. Rajesh said that more time schedule has been revised to finalize the annual plan of local institutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.