എൻ.എഫ്​.ഐ അവാർഡ്​ എം.സുന്ദർ രാജി​ന്​: മാൻഹോൾ എന്ന സിനിമയുടെ പിറവിക്ക്​ പിന്നിൽ അവരുടെ ജീവിതമെന്ന്​​ വിധുവിൻസെൻറ്​

കൊല്ലം: സ്കാവഞ്ചിംഗ് തൊഴിൽ ചെയ്യാൻ നിർബന്ധിക്കപ്പെടുന്നവർക്കിടയിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ പരിഗണിച്ച്​ ഈ വർഷത്തെ നാഷണൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യയുടെ ഭാരതരത്​ന സി. സുബ്രഹ്മണ്യം അവാർഡിന് അർഹനായവരിൽ ഒരാൾ കൊല്ലം കപ്പലണ്ടിമുക്ക്​ സ്വദേശിയായ എം.സുന്ദർ രാജാണ്​. ഈ രംഗത്ത് പ്രവർത്തിക്കുന്ന 15 പേർക്കാണ് അവാർഡ്​ ലഭിച്ചത്​.

മാൻഹോൾ എന്ന സിനമയുടെ പിറവിക്ക്​ പിന്നിൽ സുന്ദർരാജിന്‍റെ ജീവിതം കൂടിയുണ്ടെന്ന്​ പറഞ്ഞ്​ അദ്ദേഹത്തെ അഭിനന്ദിച്ചിരിക്കുകയാണ്​ സംവിധായിക വിധു വിൻസന്‍റ്​. സുന്ദർരാജിനെയും അദ്ദേഹത്തിന്‍റെ സുഹൃത്തും ഓട്ടോ ഡ്രൈവറായിരുന്ന രവിയെയും പരിചയപ്പെട്ടില്ലായിരുന്നെങ്കിൽ ആ സിനിമ തന്നെ ഉണ്ടാകില്ലായിരുന്നുവെന്നും വിധു വിൻസന്‍റ്​ സോഷ്യൽമീഡിയയിൽ കുറിച്ചു.

ഫേസ്​ബുക്ക്​ പോസ്​റ്റിന്‍റെ പൂർണ​രൂപം

കോവിഡ് വാർത്തകളിൽ തലപെരുത്ത് ഇരിക്കുമ്പോഴാണ് സുന്ദർ രാജിന്റെ ഫോൺ വന്നത്. നാഷണൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യയുടെ c .സുബ്രഹ്മണ്യം അവാർഡിനായി ഈ വർഷം കേരളത്തിൽ നിന്ന് കൊല്ലം സ്വദേശിയായ M. സുന്ദർ രാജിനെ തെരഞ്ഞെടുത്തിരിക്കുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സ്കാവഞ്ചിംഗ് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്കിടയിൽ നടത്തിയ പ്രവർത്തനങ്ങളെ മാനിച്ച് ഈ വർഷത്തെ NFI അവാർഡുകൾ ഈ രംഗത്ത് പ്രവർത്തിക്കുന്ന സുന്ദർ രാജ് അടക്കമുളള15 പേർക്കാണ് നല്കിയിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.. സുന്ദർരാജിനെ പരിചയപ്പെടുന്നത് 2014ലാണ്.
കൊല്ലം കോർപറേഷനിൽ സ്കാവഞ്ചിംഗ് തൊഴിലാളിയായിരുന്ന പാപ്പാത്തിയുടെ മകൻ സുന്ദർരാജിനെയും ഓട്ടോ ഡ്രൈവറായിരുന്ന രവിയെയും പരിചയപ്പെട്ടില്ലായിരുന്നുവെങ്കിൽ സത്യത്തിൽ മാൻഹോൾ എന്ന സിനിമ തന്നെ ഉണ്ടാകില്ലായിരുന്നു. ഇവരിലൂടെയാണ് തോട്ടിപ്പണി ചെയ്യുന്ന മനുഷ്യരുടെ ജീവിതങ്ങളെ ഞാനടുത്ത് പരിചയപ്പെടുന്നത്. പരിചയപ്പെടുന്ന സമയത്ത് സ്കാവഞ്ചിംഗ് പണി ചെയ്യുന്ന പ്രത്യേക വിഭാഗക്കാരായ തൊഴിലാളികളെ സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു സുന്ദർ രാജ്.
തന്‍റെ അപ്പനും അമ്മയും ഒക്കെ എടുത്തിരുന്ന പണി താനായിട്ട് തുടരേണ്ടതില്ലായെന്ന തീരുമാനത്തെ കുറിച്ച് ചോദിച്ചപ്പോൾ സുന്ദർ അന്ന് പറഞ്ഞ മറുപടി ഞാനിപ്പോഴും ഓർക്കുന്നു. "ഞങ്ങളുടെ ജീവിതങ്ങളിൽ നിന്ന് അന്തസ്സ് ചോർത്തി കളഞ്ഞ ഈ പണി എന്റെ തലമുറയോടെ അവസാനിക്കണമെന്നും ഈ രാജ്യത്തെ ഏതൊരാൾക്കും ആത്മാഭിമാനത്തോടെ ആ പണിയിൽ ഏർപ്പെടാൻ കഴിയുമ്പോ മാത്രമേ താൻ അതിലേർപ്പെടൂ " എന്നും പറഞ്ഞ ഒരു സായാഹ്നം മുതല്ക്കാണ് ഞങ്ങൾക്കിടയിലെ സൗഹൃദം തുടങ്ങുന്നത്. അത് പിന്നീട് വൃത്തിയുടെ ജാതി എന്ന ഡോക്യുമെന്ററിയും മാൻഹോൾ എന്ന സിനിമയും ഒക്കെ ചെയ്യാൻ കാരണമായി. മാൻ ഹോളിൽ അഭിനേതാവായും സുന്ദർ രാജ് ഉണ്ടായിരുന്നു.
2016 ൽ മാഗ്​സെ അവാർഡ്​ ജേതാവ്​ ബസ്വാദാ വിത്സൺ നേതൃത്വം നല്കുന്ന സഫായി കർമ്മ ചാരി ആന്തോളന്‍റെ സംസ്ഥാന തല കൺവീനർ കൂടിയാണ് സുന്ദർ. തോട്ടിപ്പണി ചെയ്യുന്ന തൊഴിലാളികളെ കണ്ടെത്തുന്നതിനും അവരെ സംഘടിപ്പിക്കുന്നതിനും NSKFDC (ദേശീയ സഫായി കർമ്മചാരി ഫിനാൻസ് ആന്‍റ്​ ഡെവലപ്മെന്റ് കോർപറേഷൻ) നും സംസ്ഥാന ശുചിത്വ മിഷനും ചേർന്ന് സംസ്ഥാനത്ത് 4 ജില്ലകളിലായി സംഘടിപ്പിച്ച സർവ്വെയുടെ അമരക്കാരിലൊരാളായി സുന്ദറുമുണ്ടായിരുന്നു.
കൊല്ലം, ആലപ്പുഴ, പാലക്കാട്,എറണാകുളം ജില്ലകളിലായി ആയിരത്തോളം വരുന്ന തൊഴിലാളികളെ ഐഡന്റിഫൈ ചെയ്യുന്നതിനും അവർക്ക് സർക്കാരിൽ നിന്ന് ലഭിക്കേണ്ട ധനസഹായം എത്തിക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ വളരെ നിശ്ശബ്ദമായി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ഇദ്ദേഹം. സുന്ദറിന് ലഭിച്ച ഈ അംഗീകാരത്തിൽ മാൻഹോൾ ടീമിനും ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട്. നമ്മുടെ സിനിമക്ക് കൂടി കിട്ടിയ അംഗീകാരമായി ഈ പുരസ്കാരത്തെ ഞങൾ കരുതുന്നു. ഒരിക്കൽ കൂടി സുന്ദറിന് എല്ലാ ഭാവുകങ്ങളും
Tags:    
News Summary - m sundarraj receives National Foundation for India Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.