കൊച്ചി: വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽനിന്ന് ഭൂമി ഏറ്റെടുക്കുന്നതിനെതിരായ ഹരജികൾ ഹൈകോടതി നവംബർ 26ലേക്ക് മാറ്റി. ചൂരൽമല -മുണ്ടക്കൈ ദുരന്തബാധിതർക്കായി മോഡൽ ടൗൺഷിപ് നിർമിക്കാൻ സർക്കാർ കണ്ടെത്തിയ ഭൂമിയുടെ കൈവശക്കാരായ എസ്റ്റേറ്റ് ഉടമകളായ ഹാരിസൺസ് മലയാളം ലിമിറ്റഡും എൽസ്റ്റോൺ ടീ എസ്റ്റേറ്റും നൽകിയ ഹരജികളാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ പരിഗണനയിലുള്ളത്.
കോടതി ആവശ്യപ്പെട്ടാൽ ഏറ്റെടുക്കുന്ന എസ്റ്റേറ്റുകളുടെ മൂല്യം കണക്കാക്കി നഷ്ടപരിഹാരത്തുക സിവിൽ കേസിലെ തീർപ്പിന് വിേധയമായി കോടതിയിൽ കെട്ടിവെക്കാൻ തയാറാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഏറ്റെടുക്കുന്ന ഭൂമിയുടെ മുഴുവൻ തുകയും ഉടൻ ലഭിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. നഷ്ട പരിഹാരം സംബന്ധിച്ച ധാരണയിലെത്താൻ കോടതി കക്ഷികൾക്ക് നിർദേശം നൽകി. ഇതുസംബന്ധിച്ച വിവരം അറിയിക്കാനാണ് ഒരാഴ്ച സമയം അനുവദിച്ചത്. നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമിയും കൽപറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയും ഏറ്റെടുക്കുന്നതിനെതിരെയാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.