ശബരിമല: ശബരിമലയിൽ തീർഥാടക തിരക്കേറി. ശനിയാഴ്ച മാത്രം 72,656 തീർഥാടകരാണ് ശബരിമല ദർശനം നടത്തിയത്. നട തുറന്ന് നാല് ദിവസത്തിനുള്ളിൽ 2,26,923 തീർഥാടകരാണ് ശബരിമലയിൽ എത്തിയത്. നാല് ദിവസങ്ങളായി പുല്ലുമേട് വഴി എത്തിയ 936 പേരുടെ എണ്ണം ഉൾപ്പെടെയാണിത്. ആകെ എത്തിയവരിൽ 18,084 പേർ മാത്രമാണ് സ്പോട്ട് ബുക്കിങ്ങിൽ മലകയറിയത്. തീർഥാടകർ കൂടിയെങ്കിലും ദർശനത്തിന് ബുദ്ധിമുട്ടുകൾ ഇല്ല.
നട തുറക്കുന്ന സമയത്ത് മാത്രമാണ് വലിയ നടപ്പന്തലിൽ വരി കാണുന്നത്. അല്ലാത്തപ്പോൾ വരി നിൽക്കാതെ പതിനെട്ടാം പടി ചവിട്ടാൻ കഴിയുന്നു. വെർച്വൽ ക്യൂ കാര്യക്ഷമമായതിനാലും ദിവസവും 18 മണിക്കൂർ ദർശനം അനുവദിച്ചതിനാലുമാണ് തീർഥാടകരുടെ എണ്ണം കൂടിയിട്ടും തിരക്ക് അനുഭവപ്പെടാത്തത്. നട അടഞ്ഞ് കിടക്കുമ്പോഴും പതിനെട്ടാം പടി കയറാനുള്ള സൗകര്യമാണ് നിലവിൽ നൽകുന്നത്.
അതിനാൽ നടപ്പന്തലിൽ വിലയ തിരക്ക് രൂപപ്പെടുന്നില്ല. ഇങ്ങനെ പടികയറുന്നവർക്ക് നട തുറന്ന് കഴിയുമ്പോൾ വടക്കേ നടവഴി കയറി ദർശനം നടത്താനും കഴിയും. രാത്രി ഇത്തരത്തിൽ കയറുന്നവർക്ക് വിരിവെക്കാനുള്ള സൗകര്യം സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്. തീർഥാടകരുടെ നീണ്ട നിര അനുഭവപ്പെടാത്തതിനാൽ ഫ്ലൈഓവർ കയറ്റാതെ നേരിട്ടാണ് നിലവിൽ ദർശനം ഒരുക്കുന്നത്. അനുകൂല കാലാവസ്ഥയും മല കയറ്റം ആയാസരഹിതമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.