തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് വേണ്ടി പല വി.ഐ.പികളും കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് മകൻ വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. കലാകാരന്‍റെ യഥാർത്ഥ മനസ്സ് ഉള്ള ഒരാൾക്ക് വർഗീയരാഷ്ട്രീയത്തിനൊപ്പം നിൽക്കാനാവില്ല. വർഗീയ രാഷ്ട്രീയത്തിനായി നിൽക്കുന്നതിനാലാണ് സുരേഷ് ഗോപി ചെയ്യുന്നതെല്ലാം ആളുകളെ ചിരിപ്പിക്കുന്ന കോമാളിത്തരങ്ങളായി മാറുന്നതെന്നും എം.എ. ബേബി വിമർശിച്ചു.
എം.എ. ബേബിയുടെ വാക്കുകൾ...
ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കലാകാരരിൽ അതുല്യനാണ് കലാമണ്ഡലം ഗോപി ആശാൻ. നാട്ടിൽ കലാപ്രതിഭകൾ വിവിധതരമാണ്. അവരോടൊക്കെ ബഹുമാനമുണ്ട്. ഇടിപ്പടത്തിലെ നായകർ പോലും നമ്മെ രസിപ്പിക്കുന്നവർ എന്ന നിലയിൽ ഒട്ടൊക്കെ ബഹുമാനം അർഹിക്കുന്നു. പക്ഷേ, അവർ കലാമണ്ഡലം ഗോപിയാശാനെപ്പോലെ ഒരു അവതാരപുരുഷന് വിലയിടരുത്. ഗോപിയാശാന്‍റെ അസാമാന്യ പ്രതിഭ ജന്മസിദ്ധവും, അസാധാരണ സാധകത്തിലൂടെയും, രാമൻകുട്ടിനായരാശാനെപ്പോലെ അത്ഭുതസിദ്ധിയുള്ള ഗുരുക്കന്മാരുടെ മാർഗ്ഗനിർദ്ദേശത്തിലൂടെയും വികസിപ്പിച്ചെടുത്തതാണ്. അതിനാലാണ് അവതാരപുരുഷൻ എന്ന് ഒരർത്ഥത്തിൽ വിശേഷിപ്പിച്ചത്.
ഭൂരിപക്ഷ മതത്തിന്‍റെ ഹീനമായ വർഗ്ഗീയ-ആധിപത്യ രാഷ്ട്രീയത്തിന് ആത്മാവ് പണയപ്പെടുത്തിയ ആളാണ് സുരേഷ്. സുരേഷിൽ ഉണ്ടായിരുന്ന കലാകാരനെ അങ്ങിനെ സുരേഷ് റദ്ദു ചെയ്തു. കലാകാരന്‍റെ യഥാർത്ഥ മനസ്സുള്ള ഒരാൾക്ക് ഇവർ മുസ്‌ലിം, ഇവർ ക്രിസ്ത്യാനി, ഇവർ താണജാതി എന്നു പറയുന്ന വർഗ്ഗീയ രാഷ്ട്രീയത്തിനുവേണ്ടി, രാജ്യത്തെ എല്ലാ ആവിഷ്കാര സ്വാതന്ത്ര്യത്തിനും മറയിട്ട അധമ രാഷ്ട്രീയത്തിനുവേണ്ടി, നിൽക്കാൻ ആവില്ല. വർഗീയ രാഷ്ട്രീയത്തിനായി നിൽക്കുന്നതിനാലാണ് സുരേഷ് ചെയ്യുന്നതെല്ലാം ആളുകളെ ചിരിപ്പിക്കുന്ന കോമാളിത്തരങ്ങളായി മാറുന്നത് -എം.എ. ബേബി പറഞ്ഞു.
സുരേഷ് ഗോപിക്ക് വേണ്ടി പല വി.ഐ.പികളും അച്ഛനെ സ്വാധീനിക്കാൻ നോക്കുന്നുവെന്നായിരുന്നു കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഫേസ്ബുക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത്. പലരും സ്നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്. എല്ലാവർക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല. അത് നെഞ്ചിൽ അഴ്ന്നിറങ്ങിയതാണെന്നും കുറിപ്പിൽ പറയുന്നു.
നിങ്ങളോടുള്ള ബഹുമാനം മുതലാക്കാൻ നോക്കരുത്. പ്രശസ്തനായ ഒരു ഡോക്ടർ അച്ഛനെ വിളിച്ചിട്ട് പറയുന്നു നാളെ അങ്ങോട്ടു വരുന്നുന്നുണ്ട് സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന്. അച്ഛന് മറുത്തൊന്നും പറയാൻ പറ്റാത്ത ഡോക്ടറായിരുന്നു വിളിച്ചത്. അച്ഛൻ എന്നോട് പറഞ്ഞോളാൻ പറഞ്ഞു ഞാൻ സാറെ വിളിച്ചു പറഞ്ഞു. 'എന്നോട് നിങ്ങളാരാ പറയാൻ അസുഖം വന്നപ്പോൾ ഞാനെ ഉണ്ടായുള്ളൂ' എന്നായിരുന്നു ഡോക്ടറുടെ മറുപടി. ഞാൻ പറഞ്ഞു അത് മുതലെടുക്കാൻ വരരുതെന്ന്. അത് ആശാൻ പറയട്ടെന്നായിരുന്നു ഡോക്ടറുടെ മറുപടി. അവസാനം അച്ഛൻ വിളിച്ചു പറഞ്ഞു വരണ്ടെന്ന്. അപ്പോൾ ഡോക്ടർ ആശാന് പത്മഭൂഷൺ കിട്ടേണ്ടന്ന് തിരിച്ചു ചോദിച്ചു. അങ്ങനെ എനിക്ക് കിട്ടണ്ടെന്ന് അച്ഛൻ മറുപടി നൽകിയെന്നുമാണ് കുറിപ്പിലുള്ളത്. ഇനിയും ആരും ബി.ജെ.പിക്കും, കോൺഗ്രസിനും വേണ്ടി ഈ വീട്ടിൽ കേറി സഹായിക്കേണ്ട ഇത് ഒരു അപേക്ഷയായി കൂട്ടണമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
പോസ്റ്റ് ചർച്ചയായതിന് പിന്നാലെ രഘു ഇത് സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിച്ചിരുന്നു. 'ഇന്നലെ ഞാൻ ഇട്ട പോസ്റ്റ് എല്ലാവരും ചർച്ചയാക്കിയിരുന്നു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ് പോസ്റ്റ്. ഈ ചർച്ച അവസാനിപ്പിക്കാം. നന്ദി' -മറ്റൊരു പോസ്റ്റിൽ രഘു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.