‘എന്റെ മരണശേഷവും എല്ലാ കൊല്ലവും ഒരുകോടി രൂപ ഈ സ്ഥാപനത്തിന് നൽകും’ -ഭിന്നശേഷിക്കാര്‍ക്കുള്ള പദ്ധതിക്ക് സാമ്പത്തിക സഹായവുമായി എം.എ യൂസഫലി

തിരുവനന്തപുരം: 83 കോടി ചെലവില്‍ ഭിന്നശേഷിയുള്ള കുട്ടികൾക്കായി ആശുപത്രിയും അനുബന്ധസ്ഥാപനങ്ങളും തുടങ്ങാനുള്ള മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്‍റെ സ്വപ്ന പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. പദ്ധതിയുടെ ലോഗോ പ്രകാശന ചടങ്ങിൽ ഒന്നര കോടി രൂപയുടെ ചെക്ക് മുതുകാടിന് അദ്ദേഹം കൈമാറി. കഴക്കൂട്ടത്തെ ഡിഫറന്‍റ് ആര്‍ട് സെന്‍ററിലെത്തിയപ്പോഴാണ് യൂസഫലി പ്രഖ്യാപനം നടത്തിയത്.

Full View

‘ഈ സ്ഥാപനത്തിന് ഒന്നര കോടി ഉറുപ്പിക എന്റെ വകയായി അദ്ദേഹത്തിന് നൽകുന്നു. (തുടർന്ന് ചെക്ക് കൈമാറി). കൂടാതെ എല്ലാ കൊല്ലവും ഈ സ്ഥാപനത്തിന് ഒരു കോടി ഉറുപ്പിക ഈ സ്ഥാപനത്തിന് ഞാൻ കൊടുക്കുന്നതാണ്. എന്റെ മരണശേഷവും ഈ തുക സ്ഥാപനത്തിന് കിട്ടത്തക്ക വിധത്തിൽ ഞാൻ എഴുതിവെക്കും’ -എന്നായിരുന്നു യൂസഫലി പറഞ്ഞത്. യൂസഫലിയെ നിറകണ്ണുകളോടെ ചേർത്തുപിടിച്ചാണ് മുതുകാട് ഈ വാക്കുകൾ സ്വീകരിച്ചത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള അതിവിപുലമായ ഭിന്നശേഷി പുനരധിവാസകേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റുമാണ് ഗോപിനാഥ് മുതുകാടിന്‍റെ ലക്ഷ്യം. അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ക്ലാസ് മുറികള്‍, പ്രത്യേകം തയ്യാറാക്കിയ സിലബസിനെ അധികരിച്ചുള്ള പഠനരീതികള്‍, ആനിമല്‍ തെറാപ്പി, വാട്ടര്‍ തെറാപ്പി, പേഴ്‌സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് ഫാക്ടറികള്‍, തെറാപ്പി സെന്ററുകള്‍, റിസര്‍ച്ച് ലാബുകള്‍, ആശുപത്രി സൗകര്യം, സ്‌പോര്‍ട്‌സ് സെന്റര്‍, വൊക്കേഷണല്‍, കമ്പ്യൂട്ടര്‍ പരിശീലനങ്ങള്‍, ടോയ്‌ലെറ്റുകള്‍ തുടങ്ങിയവ ഈ കേന്ദ്രത്തിലുണ്ടാകും.


Full View

‘‘ഇപ്പോള്‍ കാസര്‍കോട് ആയിരത്തോളം ഭിന്നശേഷി കുട്ടികളെ ഏറ്റെടുക്കാനൊരു പദ്ധതി തുടങ്ങുന്നത്. സ്ഥലം മാത്രമേ ആയിട്ടുള്ളൂ. അവിടുത്തെ പണി തുടങ്ങിയിട്ടേയില്ല. ഒരുപാട് മുന്നോട്ടു പോകാനുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് മാത്രമായൊരു ആശുപത്രിയും ഹൈടെക് തെറാപ്പി യൂണിറ്റുമൊക്കെയായിട്ട് 83 കോടി രൂപയുടെ പ്രോജക്ടാണ് മനസില്‍. ഈ ഭൂമിയില്‍ നിന്നും പോകുന്നതിനു മുന്‍പ് എല്ലാം പൂര്‍ത്തിയാക്കി കഴിയാന്‍ പോകണേ എന്ന് ഓരോ ദിവസവും ഇങ്ങനെ മനസ് കൊണ്ട് ആഗ്രഹിക്കും. പക്ഷെ ഇന്ന് ഞാന്‍ അഭിമാനത്തോടെ പറയട്ടെ.. ഒരുപാട് ആത്മവിശ്വാസവുമായി ഒരു ദൈവദൂതന്‍ എന്‍റെ മക്കളെ കാണാന്‍ വന്നു. ..ശ്രീ എം.എ യൂസഫലി സാര്‍. കാസര്‍കോട് പ്രോജക്ടിന്‍റെ ലോഞ്ചിംഗ് നടത്തിക്കഴിഞ്ഞ ശേഷം അദ്ദേഹം ഒന്നരക്കോടി രൂപ സംഭാവന ചെയ്തു. തുടര്‍ന്നുള്ള പ്രഖ്യാപനമാണ് എന്‍റെ ആത്മവിശ്വാസം ഇരട്ടിയാക്കിയത്. എല്ലാ വര്‍ഷവും ഈ കുട്ടികള്‍ക്കായി ഒരു കോടി രൂപ വീതം തരാമെന്ന്. അതും കഴിഞ്ഞ് അദ്ദേഹം പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ വിതുമ്പിപ്പോയി. തന്‍റെ കാലശേഷവും അതു തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന്...

ഞാന്‍ മനസില്‍ പറഞ്ഞു..ഞാന്‍ ഏറ്റെടുക്കുന്ന മക്കള്‍ അത് തിരുവനന്തപുരത്തായാലും കാസര്‍കോടായാലും യൂസഫലി സാറിനെപ്പോലുള്ള ആളുകളുണ്ടാകുമ്പോള്‍ ഒരിക്കലും അനാഥരാകില്ല. നന്ദിയുണ്ട് ..യൂസഫലി സാര്‍ ഈ ചേര്‍ത്തുപിടിക്കലിന് ...ഈ സ്നേഹത്തിന്. ഇതിലപ്പുറം പറയാന്‍ എനിക്ക് കഴിയില്ല..ഒരുപാട് നന്ദി...’ -മുതുകാട് വിഡിയോ സന്ദേശത്തിൽ പറഞ്ഞു.


Tags:    
News Summary - MA Yusaff ali with financial support for differently abled project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.