ബംഗളൂരു: മാതാവിനെ കാണാനും മകൻ ഉമർ മുഖ്താറിെൻറ വിവാഹ ചടങ്ങിൽ പെങ്കടുക്കാനുമായി പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്ക് സുപ്രീംകോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചെങ്കിലും കർണാടക സർക്കാർ വിലങ്ങുതടിയിട്ടതോടെ യാത്ര അനിശ്ചിതത്വത്തിലായി.
അകമ്പടിയേകുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചെലവ് മഅ്ദനിതന്നെ വഹിക്കണമെന്ന ഉപാധിയോടെയാണ് കഴിഞ്ഞദിവസം സുപ്രീംകോടതി ഇളവ് അനുവദിച്ചത്. സുരക്ഷക്കായി 19ഒാളം പൊലീസുകാരടങ്ങുന്ന വൻ പടയെതന്നെ നിശ്ചയിച്ച സിറ്റി പൊലീസ് കമീഷണർ സുനിൽകുമാർ 14,79,875 രൂപ സർക്കാറിൽ കെട്ടിവെക്കാനാണ് നിർദേശിച്ചത്.
സുരക്ഷ ജീവനക്കാർക്ക് വേണ്ടിവരുന്ന യാത്ര, ഭക്ഷണം, താമസ ചെലവുകൾക്ക് പുറമെയാണിത്. ഇത്രയും ഭാരിച്ച സാമ്പത്തിക ചെലവ് വഹിച്ച് നാട്ടിലേക്ക് മടങ്ങേണ്ടതില്ലെന്ന തീരുമാനത്തിലാണ് മഅ്ദനി. കർണാടക സർക്കാറിെൻറ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടണമെന്ന് അഭ്യർഥിച്ച് മഅ്ദനിയുടെ ബന്ധുക്കളും പി.ഡി.പി നേതാക്കളും ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കാണും.
സുപ്രീംകോടതിയിൽ സർക്കാർ അഭിഭാഷകൻ നൽകിയ ഉറപ്പും ഇതോടെ ലംഘിക്കപ്പെട്ടു. സുരക്ഷ ജീവനക്കാരുടെ ചെലവ് മഅ്ദനിതന്നെ വഹിക്കേണ്ടതിനാൽ മിനിമം സുരക്ഷ ഏർപ്പെടുത്തിയാൽ മതിയെന്ന സുപ്രീംകോടതിയുടെ വാക്കാൽ നിർദേശം അംഗീകരിക്കുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ ഉറപ്പുനൽകിയിരുന്നു. കേരളത്തിലേക്കുള്ള യാത്ര സംബന്ധിച്ച വിശദാംശങ്ങൾ ചൊവ്വാഴ്ച രാവിലെയാണ് മഅ്ദനിയുടെ അഭിഭാഷകനായ അഡ്വ. ഉസ്മാൻ മുഖേന ബംഗളൂരുവിലെ എൻ.െഎ.എ പ്രത്യേക കോടതിക്കും സിറ്റി പൊലീസ് കമീഷണർക്കും സമർപ്പിച്ചത്.
പൊലീസ് ഉദ്യോഗസ്ഥ സംഘത്തിന് 12,54,132 രൂപയും ജി.എസ്.ടിയായി 2,25,743 രൂപയും അടക്കം 14,79,875 രൂപയാണ് സർക്കാറിൽ കെട്ടിവെക്കേണ്ടത്. ഇത്രയും പേരുടെ വിമാനയാത്രക്കൂലിയും 13 ദിവസത്തെ താമസവും ഭക്ഷണവും അടക്കമുള്ള ചെലവുകളും ചേരുേമ്പാൾ ലക്ഷങ്ങൾ പിന്നെയും ചെലവു വരും. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് മഅ്ദനി പറഞ്ഞു.
രോഗബാധിതയായി കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിൽ കഴിയുന്ന മാതാവ് അസ്മ ബീവിയെ കാണാനും മൂത്ത മകൻ ഉമർ മുഖ്താറിെൻറ വിവാഹ ചടങ്ങിൽ പെങ്കടുക്കാനുമായി ആഗസ്റ്റ് ഒന്നു മുതൽ 13 വരെയാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.