തൃശൂർ: ചേലക്കര ഉപതെരഞ്ഞെടുപ്പിന് പിന്നാലെ വിജയ-പരാജയങ്ങളുടെ കണക്കെടുത്ത് മുന്നണികൾ. ഇടത്, യു.ഡി.എഫ് ക്യാമ്പുകൾ ഒരുപോലെ വിജയപ്രതീക്ഷയിലാണ്. സ്ത്രീ വോട്ടർമാരാണ് ചേലക്കരയിൽ വോട്ടിങ്ങിൽ മുന്നിൽ. ഇവരിൽ പ്രതീക്ഷയർപ്പിച്ചാണ് മുന്നണികളുടെ കണക്കുകൂട്ടൽ. 213103 വോട്ടര്‍മാരില്‍ 155077 പേര് വോട്ട് രേഖപ്പെടുത്തിയതായാണ് പ്രാഥമിക കണക്കുകൾ. ഇതിൽ 82757 പേരും സ്ത്രീകളാണ്- 74.42 ശതമാനം. ഇവരിലാണ് മുന്നണികൾ വിജയപ്രതീക്ഷ വെച്ചുപുലർത്തുന്നത്. പോളിങ് ശതമാനത്തിൽ കഴിഞ്ഞ തവണത്തേക്കാൾ കുറവുണ്ടെങ്കിലും വോട്ട് ചെയ്തവരുടെ എണ്ണത്തിൽ വർധനയുണ്ട്.
വോട്ടെടുപ്പ് ചിത്രം എൽ.ഡി.എഫിന് അനുകൂലമാണെന്നാണ് സ്ഥാനാർഥി യു.ആർ. പ്രദീപ് പ്രതികരിച്ചത്. 10000ത്തിന് മേൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് സി.പി.എം കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഞെട്ടിച്ചതു മുതൽ പ്രചാരണത്തിലടക്കം മേൽക്കൈ നേടി വളരെയേറെ മുന്നേറാൻ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് സാധിച്ചിരുന്നു. വിജയം സുനിശ്ചിതമാണെന്ന് രമ്യ ഹരിദാസ് പറഞ്ഞു. ചിട്ടയായ പ്രചാരണങ്ങളാണ് കോൺഗ്രസ് മണ്ഡലത്തിൽ കാഴ്ചവെച്ചത്. നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും രമ്യ ഹരിദാസ് വിജയിക്കുമെന്ന് യു.ഡി.എഫ് ക്യാമ്പുകൾ ഉറപ്പുപറയുന്നു. വർധിച്ച സ്ത്രീ വോട്ടർമാരുടെ സാന്നിധ്യം ഏക വനിത മത്സരാർഥിയായ രമ്യക്ക് ഗുണം ചെയ്യും എന്നതാണ് അവരുടെ കണക്കുകൂട്ടൽ.
എൻ.ഡി.എ ക്യാമ്പുകളും വിജയപ്രതീക്ഷ കൈവിടുന്നില്ല. ഇത്തവണ ചേലക്കരയിൽ ബി.ജെ.പി വിജയിക്കുമെന്ന് സ്ഥാനാർഥി കെ. ബാലകൃഷ്ണൻ പറഞ്ഞു.
കന്നിയങ്കത്തിനിറങ്ങിയ പി.വി. അൻവർ എം.എൽ.എയുടെ ഡി.എം.കെയും പ്രതീക്ഷയിലാണ്. സ്ഥാനാർഥി സുധീർ 20000ത്തിലധികം വോട്ടുകൾ നേടുമെന്നാണ് അൻവറിന്റെ അവകാശവാദം. മുൻ കോൺഗ്രസ് നേതാവ് കൂടിയായ സുധീർ 2000ത്തിനും 5000ത്തിനും ഇടയിൽ വോട്ടുകൾ പിടിക്കാൻ സാധ്യതയുണ്ടെന്നാണ് പൊതു വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.