ശബരിമല: മണ്ഡല - മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ഭക്തലക്ഷങ്ങളെ വരവേൽക്കാൻ ഒരുങ്ങി പമ്പയും ശബരീശ സന്നിധാനവും. വെള്ളിയാഴ്ച ആരംഭിക്കുന്ന തീർഥാടന കാലത്തിന്‍റെ ഭാഗമായുള്ള അവസാന വട്ട ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പമ്പയിൽ തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
വെയിലും മഴയും ഏൽക്കാതെ ക്യൂ നിൽക്കുന്നതിനായി ഏഴ് ക്യൂ കോംപ്ലക്സുകളുണ്ടാകും. പഴയ രാമമൂർത്തി മണ്ഡപം നിലനിന്നിരുന്ന സ്ഥലത്ത് അതേ വലിപ്പത്തിൽ വിരി വെച്ച് വിശ്രമിക്കുന്നതിനായി ജർമൻ സാങ്കേതികവിദ്യയിൽ നിർമിച്ച പന്തൽ ഒരുക്കിയിട്ടുണ്ട്. പമ്പാ നദിയും തീരവും പുണ്യ സ്നാനത്തിനായി വൃത്തിയാക്കിക്കഴിഞ്ഞു. വെർച്ച്വൽ ക്യൂ വഴിയല്ലാതെ എത്തുന്ന തീർഥാടകർക്കായുള്ള സ്പോട്ട് ബുക്കിംഗ് കൗണ്ടറുകൾ പമ്പ മണപ്പുറത്ത് സജ്ജീകരിച്ചിട്ടുണ്ട്. നിലക്കലിലെ പാർക്കിംഗ് കൂടാതെ ചക്കുപാലം രണ്ട്, പമ്പ ഹിൽ ടോപ്പ് എന്നിവിടങ്ങളിൽ കൂടി ഇത്തവണ പാർക്കിംഗ് അനുവദിച്ചിട്ടുണ്ട്. ഇതോടെ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഉണ്ടാവും.
പതിനെട്ടാം പടിക്ക് മീതെയുള്ള ചലിക്കുന്ന മേൽക്കൂര പ്രവർത്തനക്ഷമമായി. ഭക്തരെ പതിനെട്ടാം പടി കയറ്റുന്നതിന് പരിചയസമ്പന്നരായ പൊലീസുകാരെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. സന്നിധാനത്ത് 16,000 ചതുരശ്ര അടി സ്ഥലമാണ് വിരിവെക്കാൻ സജ്ജമാക്കിയിരിക്കുന്നത്. കുടിവെള്ള വിതരണത്തിനായി പമ്പ മുതൽ സന്നിധാനം വരെ 50 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിലെ അരവണ ക്ഷാമം കണക്കിലെടുത്ത് 40 ലക്ഷം ടിൻ അരവണയാണ് കരുതൽ ശേഖരമായി സൂക്ഷിച്ചിരിക്കുന്നത്. തീർഥാടകർക്ക് കൊണ്ടുപോകുന്നതിന് 10 ടിന്നുകൾ അടങ്ങുന്ന അരവണയുടെ പാക്കുകളും ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.