കെ. നവീൻ ബാബു 

എ.ഡി.എമ്മിന്റെ മരണം നടന്നിട്ട് ഒരുമാസം; ബിനാമി ഇടപാടും കൈക്കൂലിക്കഥയും ഇപ്പോഴും ദുരൂഹം

കണ്ണൂർ: കേരളത്തെ പിടിച്ചുകുലുക്കിയ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണം നടന്നിട്ട് ഇന്നേക്ക് ഒരുമാസം തികയുന്നു. എ.ഡി.എം ജീവനൊടുക്കുന്നതിന് വഴിയൊരുക്കിയ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ അധിക്ഷേപ പ്രസംഗത്തിനപ്പുറം അതിന് കാരണമായ കൈക്കൂലി ആരോപണവും ബിനാമി ഇടപാടും സംബന്ധിച്ച് കൃത്യമായ വിവരം ഇനിയും പുറത്തുവന്നിട്ടില്ല. പ്രത്യേക അന്വേഷണ സംഘമുണ്ടാക്കിയെങ്കിലും അന്വേഷണം മന്ദഗതിയിലെന്ന ആരോപണം ഇതിനു പുറമെയാണ്.

ഒക്ടോബർ 25ന് പ്രത്യേക അന്വേഷണ സംഘമുണ്ടാക്കിയെങ്കിലും നവീന്റെ കുടുംബത്തിന്റെ മൊഴിയെടുത്തത് ഇന്നലെയാണ്. അതും കോടതിയിൽ ഉൾപ്പെടെ നടന്ന വിമർശനങ്ങൾക്കൊടുവിലും. ആത്മഹത്യാ പ്രേരണക്കേസ് ചുമത്തി പത്തുദിവസം ജയിലിൽ കഴിഞ്ഞ പി.പി. ദിവ്യ ഇപ്പോൾ ജാമ്യത്തിലാണ്.

ഒക്ടോബർ 14നാണ് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ എ.ഡി.എമ്മിനെ അധിക്ഷേപിക്കുന്ന തരത്തിൽ പി.പി. ദിവ്യ സംസാരിച്ചത്. പിറ്റേന്ന് രാവിലെ ഏഴ് മണിയോടെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ എ.ഡി.എമ്മിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ചെങ്ങളായിയിലെ പെട്രോൾ പമ്പിനു എൻ.ഒ.സി നൽകുന്നതിന് എ.ഡി.എം 98,500രൂപ കൈക്കൂലി കൈപ്പറ്റിയെന്ന പമ്പുടമ ടി.വി. പ്രശാന്തിന്റെ പരാതി ഏറ്റെടുത്താണ് ദിവ്യ അധിക്ഷേപ പ്രസംഗം നടത്തിയത്. ഈ കൈക്കൂലി വിഷയത്തിൽ കൃത്യമായ വിവരം ഇപ്പോഴും പുറത്തുവന്നിട്ടില്ല.

പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രീഷ്യനായ ടി.വി. പ്രശാന്ത് ബിനാമിയാണെന്നും ദിവ്യയുടെ ബിനാമി ഇടപാട് അന്വേഷിക്കണമെന്നും ആവശ്യമുയർന്നെങ്കിലും ആ നിലക്കും കാര്യമായ അന്വേഷണമുണ്ടായിട്ടില്ല.

Tags:    
News Summary - One month after the death of ADM; The benami deal and bribery story is still a mystery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.