മ​ഠ​ത്തി​ൽ വ​ള​പ്പി​ൽ അ​ബ്​​ദു​ല്ല​ക്കു​ട്ടി 

മഠത്തിൽ വളപ്പിൽ അബ്ദുല്ലക്കുട്ടി; ധീരപോരാളിയെ സ്മരിച്ച് നിളയോരം

ആനക്കര: വെള്ളക്കാരുടെ തേര്‍വാഴ്ചക്കെതിരെ പടവാളുയര്‍ത്തിയ ധീരപോരാളിയെ സ്മരിച്ച് നിളയോരം. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന തൃത്താലയിലെ മഠത്തിൽ വളപ്പിൽ അബ്ദുല്ലക്കുട്ടിയാണ് വേറിട്ട വഴികളിലൂടെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനും സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കുമെതിരെ പടപൊരുതിയത്. അബ്ദുല്ലക്കുട്ടിയുടെ വിയോഗത്തിന് അരനൂറ്റാണ്ടാവുമ്പോൾ അദ്ദേഹത്തിന്‍റെ വീരസ്മരണകളെ ഓർക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. 1922 ഏപ്രിൽ അഞ്ചിന് തൃത്താല സബ് രജിസ്ട്രാർ ഓഫിസിന് മുന്നിൽ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി തീപൊരി പ്രസംഗം നടത്തവേ ബ്രിട്ടീഷ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

തുടര്‍ന്ന് കണ്ണൂർ ജയിലിലേക്കും അവിടെനിന്ന് ബല്ലാരി, അലിപുരം ജയിലുകളിലേക്കും കൊണ്ടുപോയി. മൂന്ന് ജയിലുകളിലായി മൂന്ന് വർഷവും ഒമ്പത് മാസവും തടവിലിട്ടു. ഭാര്യ ബീവിഉമ്മ മൂത്തമകനെ ഗർഭം ധരിച്ച സമയത്തായിരുന്നു അറസ്റ്റും ജയിൽ വാസവുമെങ്കിലും ജന്മനാടിന്‍റെ മോചനത്തിനായുള്ള ഭര്‍ത്താവിന്‍റെ പ്രവർത്തനങ്ങളിൽ സന്തുഷ്ടയായിരുന്നു അവർ.അടിച്ചമര്‍ത്തപ്പെടുന്ന ഇടങ്ങളിലെല്ലാം ആധിപത്യം ഉറപ്പിച്ച് മേലാളന്മാര്‍ക്കെതിരെ ജീവൻ ത്യജിച്ചും പോരാടുക എന്നതായിരുന്നു അബ്ദുല്ലക്കുട്ടിയുടെ നിലപാട്.

ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായ അബ്ദുല്ലക്കുട്ടി അയിത്തോച്ചാടന പ്രവർത്തനങ്ങളുടെ മുൻനിര പോരാളിയായി. വള്ളുവനാട്ടിൽ പ്രത്യേകമായി അറിയപ്പെട്ടിരുന്ന ജാതി തിരിച്ചുള്ള 'സർവാണി സദ്യ'യില്‍ കീഴ്ജാതിക്കാരനായ കൃഷ്ണനെ മേല്‍ജാതിക്കാര്‍ക്കൊപ്പം ആദ്യപന്തിയിൽ ഇരുത്തി അദ്ദേഹം ഭക്ഷണം കഴിപ്പിച്ചു. അവർണർ മാറുമറക്കാൻ പാടിെല്ലന്ന നിബന്ധനയെ മറികടന്നത്, അവർക്ക് വേണ്ട മേൽക്കുപ്പായങ്ങൾ തുന്നിനല്‍കാൻ ഇളയ മകൻ അബ്ദുൽ അസീസിനെ തുന്നൽക്കാരനാക്കി.

മാപ്പിളമാർ മൊട്ടയടിക്കണമെന്നത് മത നിയമമാെണന്ന് തെറ്റിദ്ധരിക്കപ്പെട്ട കാലത്ത്, മക്കളുടെ മുടി വളർത്തിയും വൃത്തിയായി വെട്ടിയൊതുക്കിയും മറ്റുള്ളവര്‍ക്ക് പ്രചോദനമേകി. പയ്യഴി തറവാട് വീടും അതിനോടനുബന്ധിച്ച ഭൂമിയും കൂടി ഒന്നിച്ചു വാങ്ങിയപ്പോൾ അവിടെ കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്ന പാവപ്പെട്ട തൊഴിലാളികളുടെ തൊഴിൽ നിലനിർത്താനായി ശീമക്കൊന്ന, കൊഴിഞ്ഞിൽ, നിലക്കടല, കരിമ്പ്, കൈതച്ചക്ക തുടങ്ങിയ കൃഷി അദ്ദേഹം സ്വന്തം മണ്ണിൽ വിളയിറക്കി. നവോത്ഥാന നായകനും നാടകാചാര്യനുമായ വി.ടി. ഭട്ടതിരിപ്പാടുമായുള്ള അബ്ദുല്ലക്കുട്ടിയുടെ അടുത്ത ബന്ധം അദ്ദേഹത്തിന്‍റെ പരിഷ്കരണ ചിന്തകളിൽ പ്രതിഫലിച്ചിട്ടുണ്ട്.

ഒരു നിലക്കുമുള്ള പ്രശസ്തിയും ജീവതകാലത്ത് അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. അതിനാൽ നാലു വർഷത്തോളം ബ്രിട്ടീഷുകാരുടെ കാരാഗ്രഹത്തിൽ കഴിഞ്ഞിട്ടും അതിന്‍റെ ജയിൽ രേഖപോലും അദ്ദേഹം കൈപ്പറ്റിയില്ല. 1972 ജനുവരി അഞ്ചിനായിരുന്നു ഈ ദേശസ്നേഹി വിടവാങ്ങിയത്. 1973ൽ കണ്ണൂർ സെൻട്രർ ജയിലിൽനിന്ന് ജയിൽ മോചനത്തിന്റെ രേഖ നിയമപരമായി കുടുംബത്തിന് ലഭിച്ചു. നാല് ആൺ മക്കളും മൂന്ന് പെൺമക്കളും അടക്കം ഏഴ് മക്കളിൽ ആറ് പേരും ജീവിച്ചിരിപ്പില്ല. 83ലെത്തിയ ഇളയമകന്‍ അബ്ദുള്‍ അസീസ് പിതാവിന്‍റെ ദ്രവിച്ചു പൊട്ടിപ്പൊളിഞ്ഞ ജയിൽ സർട്ടിഫിക്കറ്റ് പ്ലാസ്റ്റിക് ആവരണമണിഞ്ഞ് സൂക്ഷിക്കുന്നു.

Tags:    
News Summary - madathil Abdullakutty the brave warrior

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.