പാലക്കാട്/അഗളി: അട്ടപ്പാടിയിൽ കേരള മനഃസാക്ഷിയെ ഞെട്ടിച്ച് ആദിവാസി യുവാവ് മധു ആൾ ക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ടിട്ട് ഒരുവർഷം. 2018 ഫെബ്രുവരി 22നാണ് മധു പലചരക്ക ് കടയിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്ന കുറ്റത്തിന് ആൾക്കൂട്ട വിചാരണ നേരിടുകയും മ ർദനത്തിൽ പരിക്കേറ്റ് കൊല്ലപ്പെടുകയും ചെയ്തത്. മധു മരിക്കുന്നതിന് മുമ്പ് കൈകൾ കൂട്ടിക്കെട്ടി പ്രതികൾ എടുത്ത സെൽഫി ചിത്രം പിന്നീട് പ്രതീകമായി കൊണ്ടാടപ്പെട്ടു. സംഭവം രാജ്യാന്തരതലത്തിൽ ചർച്ച ചെയ്യപ്പെടുകയും സംസ്ഥാന-ദേശീയ നേതാക്കൾ അട്ടപ്പാടിയിലെത്തുകയും ചെയ്തു.
മാനസികാസ്വാസ്ഥ്യം നേരിടുന്ന മധു (27) വർഷങ്ങളായി ഗുഹാവാസിയായിരുന്നു. അട്ടപ്പാടി മുക്കാലിഭാഗങ്ങളിൽ പതിവായി മോഷണം നടക്കുന്നുവെന്ന ആരോപണമുണ്ടായിരുന്നു. അങ്ങനെയാണ് കുറച്ച് അരി, ബീഡി, മഞ്ഞൾപ്പൊടി തുടങ്ങിയ സാധനങ്ങളുമായി മധുവിനെ ചിണ്ടക്കി വനത്തിലെ ഗുഹയിൽവെച്ച് ആൾക്കൂട്ടം പിടികൂടുന്നത്. അവിടെവെച്ച് മർദിക്കുകയും മധുവിനെ പശ്ചാത്തലമാക്കി ചിത്രമെടുക്കുകയും ചെയ്തു. പിന്നീട് തലയിൽ സാധനങ്ങളുമായി കിലോമീറ്ററുകൾ നടത്തിച്ച് മുക്കാലി കവലയിലെത്തിച്ച് ആൾക്കൂട്ട വിചാരണ നടത്തി, മർദിച്ച ശേഷം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പൊലീസ് ജീപ്പിനുള്ളിൽ വെച്ചാണ് മധു മരിക്കുന്നത്.
വാരിയെല്ലുകൾ തകർന്നതും തലക്കേറ്റ ക്ഷതവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു. കേസിൽ മൊത്തം 16 പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികൾ ഇപ്പോൾ ജാമ്യത്തിലാണ്. പ്രതികൾക്കെതിരെ കൊലക്കുറ്റമടക്കം വകുപ്പുകൾ ചുമത്തി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മണ്ണാർക്കാട് എസ്.സി-എസ്.ടി സ്പെഷൽ കോടതിയുടെ പരിഗണനയിലാണ് കേസ്. തെളിവുകൾ ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹരജിയിൽ തീരുമാനമാകാത്തതിനാൽ വിചാരണ തുടങ്ങിയിട്ടില്ല. മധുവിെൻറ ഓർമദിനമായ വെള്ളിയാഴ്ച അമ്മ മല്ലി, സഹോദരി സരസു, സഹോദരീ ഭർത്താവ് മുരുകൻ എന്നിവർ തിരുവില്വാമലയിൽ ബലിതർപ്പണം നടത്തി.
അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ വെള്ളിയാഴ്ച ബൈക്ക് റാലിയും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. മധുവിനെ അടക്കം ചെയ്ത സ്ഥലത്ത് പുഷ്പാർച്ചനയും സമൂഹപ്രാർഥനയും നടത്തി. അമ്മ മല്ലി, സഹോദരി, ആനവായ് ഊരു മൂപ്പൻ കക്കി എന്നിവർ പങ്കെടുത്തു. 2019ലെ മധു സ്മൃതി പുരസ്കാരം ഗോത്ര കവി മണികണ്ഠൻ കൊളപ്പടികക്ക് വേണ്ടി മല്ലിയിൽനിന്ന് പട്ടിമളം രങ്കൻ മൂപ്പൻ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.