മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷികൂടി കൂറുമാറി. 21ാം സാക്ഷി കക്കുപ്പടി ഊരിലെ വീരനാണ് കൂറുമാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചത്. മറ്റൊരു സാക്ഷിയായ പൊട്ടിക്കൽ ഊരിലെ മുരുകൻ വിചാരണക്കുള്ള സമൻസ് കൈപ്പറ്റിയിട്ടും കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന് മണ്ണാർക്കാട് എസ്.സി-എസ്.ടി സ്പെഷൽ കോടതി വാറന്‍റ് പുറപ്പെടുവിച്ചു. കേസിൽ ഇതോടെ 11 സാക്ഷികളെ പ്രോസിക്യൂഷൻ കൂറുമാറിയതായി പ്രഖ്യാപിച്ചു. 13ാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി കോടതിയിൽ മൊഴി നൽകിയത്. കേസിന്‍റെ നടപടിക്രമങ്ങൾ ഒരു മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈകോടതി നിർദേശമുണ്ടെന്നും അതനുസരിച്ച് ഒരുദിവസംതന്നെ കൂടുതൽ സാക്ഷികളെ വിസ്തരിക്കേണ്ടിവരുമെന്നും കോടതി വാക്കാൽ പറഞ്ഞു. വ്യാഴാഴ്ച 23, 24 സാക്ഷികളെ വിസ്തരിക്കും.
തുടർ കൂറുമാറ്റം പ്രതിസന്ധി -സ്പെഷൽ പ്രോസിക്യൂട്ടർ
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പ്രോസിക്യൂഷൻ സാക്ഷികളുടെ തുടർ കൂറുമാറ്റം പ്രതിസന്ധിയാണെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ. മൊഴിമാറ്റം തടയാൻ വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പാക്കണം. പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയതിനാൽ, പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാൻ അവസരമുണ്ടായി. ഇതും തിരിച്ചടിയായെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.