കോഴിക്കോട്: അട്ടപ്പാടി മധു കൊലക്കേസ് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. കേസിലെ 12 പ്രതികളുടെയും ജാമ്യമാണ് മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതി റദ്ദാക്കിയത്. ഹൈകോടതി നിർദേശിച്ച ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കേസിലെ 16 പ്രതികളിൽ 12 പേരുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അപ്പോഴും കൊല്ലപ്പെട്ട മധു കേരളത്തോട് ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.
താൻ കൊല്ലപ്പെട്ടതിന് ശേഷം ശാസ്ത്രീയമായ അന്വേഷണം നടത്താനോ തെളിവുകൾ ശേഖരിക്കാനോ പൊലീസിന് കഴിഞ്ഞോ? കുറ്റമറ്റ രീതിയിൽ കുറ്റപത്രം തയാറാക്കാൻ പൊലീസിന് ശ്രമിച്ചുവോ? ഇക്കാര്യത്തിൽ ഗുരുതര വീഴ്ച വരുത്തിയത് ആരെല്ലമാണ്? ഭരണ സംവിധാനം അട്ടപ്പാടിയിലെ ആദിവാസികിളോട് എന്നെങ്കിലുമൊരിക്കൽ നീതിപുർവം പെരുമാറിയിട്ടുണ്ടോ? ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥയല്ലേ പൊലീസ് കാണിച്ചത്? സംഘടിത വിഭാഗം ഒറ്റക്കെട്ടായി നിന്ന് ആദിവാസികൾക്കെതിരെ നരവേട്ട നടത്തുമ്പോൾ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം അവർക്കൊപ്പം ചേർന്നില്ലേ? അരുതെന്ന് പറയാൻ ഏതെങ്കിലുമൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന് കഴിഞ്ഞോ? തന്നെ ആൾക്കൂട്ടം മർദിച്ച് അവശനാക്കി പൊലീസിനെ ഏൽപ്പിക്കുമ്പോൾ എല്ലാവരും അമിതാഹ്ലാദത്തിൽ കൈകൊട്ടുകയായിരുന്നില്ലേ?
കൊല്ലപ്പെടതിന് ശേഷം വീട്ടിലെത്തിയ മന്ത്രി സർക്കാരിന്റെ നഷ്ടപരിഹാരം കൊടുത്തപ്പോൾ സന്തോഷമായില്ലേ എന്നല്ലേ അമ്മയോട് ചോദിച്ചത്? ആദിവാസികളെ വേട്ടയാടുന്ന സമൂഹത്തിന്റെ കൂടെയല്ല സർക്കാർ സംവിധാനം നിന്നത്‍?. ആദിവാസികളുടെ മേൽ കടന്നാക്രമണം നടത്താനുള്ള അവകാശം സംഘടിത വിഭാഗങ്ങൾക്കുണ്ടെന്ന് അട്ടപ്പാടി നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുകയല്ലേ?. കേസ് തേച്ചുമാച്ച് കളയുന്നതിന് സംഘടിതമായ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടില്ലേ? തന്റെ മരണത്തിനുശേഷം അട്ടപ്പാടിയിലെ ആദിവാസികളെ നിരന്തരം ഭയപ്പെടുത്തുകയല്ലേ? ഇനിയും ആരെല്ലാം കൊല്ലപ്പെടുംഎന്നാല്ലേ അവർ ചിന്തിക്കുന്നത്?
ആദിവാസികൾക്ക് സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താൻ സർക്കാർ സംവിധാനം വേട്ടക്കാർക്കൊപ്പല്ലേ? ആദ്യം കേസ് ഏറ്റെടുത്ത വക്കീലിന് മണ്ണാർക്കാട് ഓഫീസ് തുറക്കാൻ പോലും സർക്കാർ അനുവദിച്ചില്ല. സാക്ഷികളെ പഠിപ്പിക്കാൻ മിനിമം ഒരു മുറി പോലും ലഭിച്ചില്ല. സർക്കാരിന്‍റെ അനാസ്ഥ കൊണ്ടല്ലേ അദ്ദേഹം കേസ് ഉപേക്ഷിച്ചത്? കേസ് വിചാരണ നാലുവർഷം നീട്ടിയത് പ്രതികൾക്ക് എല്ലാ അവസരവും നൽകാനല്ലേ? സാക്ഷികളെ ഭയപ്പെടുത്തി സ്വാധീനിക്കാൻ പ്രതികൾക്ക് അവസരം ഉണ്ടാക്കിയത് സർക്കാരല്ലേ? ആൾക്കൂട്ട മർദനമാണ് നടന്നതെന്ന് കേരളം മുഴുവൻ കണ്ടിട്ടും പൊലീസ് ദുർബലമായ കുറ്റപത്രം തയാറാക്കിയത് ആർക്കുവേണ്ടിയാണ്?
അട്ടപ്പാടിയിലെ ആദിവാസികളെ വേട്ടയാടുന്നതിനും അവരുടെ ഭൂമി കൈയേറുന്നതിനും പൊലീസും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടല്ലേ? സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് ആദിവാസികൾക്ക് എന്നെങ്കിലും നീതി ലഭിച്ചിട്ടുണ്ടോ? നിസഹായർക്കെതിരായി ശക്തന്മാർ നടത്തിയ കടന്നാക്രമണമല്ലേ അട്ടപ്പാടിയിൽ നടന്നത്? ഗുജറാത്ത് കൂട്ടക്കൊലയിലെ സാക്ഷികൾ കൂറുമാറിയത് പോലെയല്ലേ ഈ കേസിലും സംഭവിച്ചത്?
അടിയന്തരാവസ്ഥയിൽ കക്കയം പൊലീസ് ക്യാമ്പിൽ കൊല്ലപ്പെട്ട രാജന്റെ അച്ഛൻ ഈച്ഛരവാര്യർ നിസഹായനായി നിന്നപ്പോൾ പൗരാവകാശ പ്രവർത്തകരല്ലേ അദ്ദേഹത്തെ ചേർത്തു പിടിച്ചത്. തന്റെ അമ്മയുടെ നിയമപോരാട്ടത്തെ സഹായിക്കാൻ പൗരാവകാശ പ്രവർത്തകർ പോലുമില്ലേ? അട്ടപ്പാടിയിൽ നടക്കുന്നത് കരുത്തരായ സംഘം ദുർബലർക്കെതിരെ നടത്തുന്ന ആക്രമണമല്ലേ? പൗരസമൂഹം ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതിന് കാരണമെന്താണ്? ഈ കേസിൽ സിവിൽ സൊസൈറ്റി ഇടപെടുമോ? ആദിവാസികൾക്ക് നീതി ലഭിക്കുമോ? അട്ടപ്പാടിയിൽ സർക്കർ സ്പോൺസേഡ് കൊലകൾ തുടരമോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.