ആലുവ: നിയമ വിദ്യാർഥിനി മൂഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ ആലുവ സി.ഐ സി.എൽ. സുധീറിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പരസ്യ പ്രതിഷേധവുമായി അൻവർ സാദത്ത് എം.എൽ.എ. സുധീറിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് അൻവർ സാദത്ത് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുമ്പിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.
മൂഫിയയുടെ ആത്മഹത്യക്കുറിപ്പിൽ സുധീറിന്‍റെ പേര് പരാമർശിച്ചതിനെ തുടർന്ന് സി.ഐയെ ആലുവ ഈസ്റ്റ് സ്റ്റേഷൻ ചുമതലകളിൽ നിന്ന് മാറ്റിയതായി ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു. എന്നാൽ, ഇന്ന് രാവിലെ സി.ഐ പൊലീസ് സ്റ്റേഷനിൽ എത്തി. ഇതിന് പിന്നാലെയാണ് അൻവർ സാദത്ത് എം.എൽ.എ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ ഡി.ഐ.ജി നീരജ് കുമാർ ഗുപ്തയെയും എസ്.പിയെയും പ്രതിഷേധ സമരം നടത്തിയ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, വനിത ലീഗ് പ്രവർത്തകർ തടഞ്ഞു. സ്റ്റേഷന് മുമ്പിൽ യു.ഡി.എഫ് യുവജന സംഘടനാ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. അതിനിടെ, ജനപ്രതിനിധികളെ പൊലീസ് ചർച്ചക്ക് വിളിച്ചു. സി.ഐക്കെതിരെ നടപടി സ്വീകരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
ആരോപണവിധേയനായ സി.ഐക്കെതിരെ നടപടി സ്വീകരിക്കാൻ കാലതാമസം ആവശ്യമില്ലെന്ന് അൻവർ സാദത്ത് പറഞ്ഞു. ആത്മഹത്യ കുറിപ്പിൽ സി.ഐയെ കുറിച്ച് വ്യക്തമായി വിദ്യാർഥിനി പറഞ്ഞിട്ടുണ്ട്. വിവരം പുറത്തുവന്ന ഉടൻ തന്നെ സി.ഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് മാറ്റുകയാണ് വേണ്ടത്. സി.ഐക്കെതിരെ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അൻവർ സാദത്ത് കുറ്റപ്പെടുത്തി.
ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സർക്കാർ സംരക്ഷിക്കുകയാണ്. എല്ലാ പൊലീസ് ഉദ്യോഗസ്ഥരും മോശക്കാരാണെന്ന് പറയുന്നില്ല. കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത നടപടി അഭിനന്ദാർഹമാണെന്നും അൻവർ സാദത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, അന്വേഷണ റിപ്പോർട്ട് വന്നശേഷം സി.ഐ സുധീറിനെതിരായ നടപടി സ്വീകരിക്കുമെന്ന് ഐ.ജി അർഷിദ അട്ടല്ലൂരി മാധ്യമങ്ങളോട് പറഞ്ഞു.
മൂഫിയ പർവീണിന്റെ ആത്മഹത്യക്കുറിപ്പിൽ പരാമർശിക്കപ്പെട്ട സി.ഐ സി.എൽ. സുധീർ ഉത്ര കൊലപാതകക്കേസിൽ ആരോപണം നേരിട്ട ഉദ്യോഗസ്ഥനാണ്. കൊല്ലത്ത് ഉത്രയെ ഭർതൃവീട്ടിൽ പാമ്പുകടിപ്പിച്ച് കൊന്ന കേസിന്റെ അന്വേഷണ തുടക്കത്തിൽ തെളിവുകൾ ശേഖരിക്കുന്നതിൽ ഇയാൾ വീഴ്ച വരുത്തിയെന്ന് കൊല്ലം റൂറൽ എസ്.പി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് അഞ്ചലിൽ നിന്ന് ഇയാളെ ആലുവയിലേക്ക് മാറ്റിയത്.
ഉത്ര കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുധീർ ഉത്രയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ആദ്യം നടപടിയെടുത്തില്ലെന്ന് ആരോപണം ഉയർന്നിരുന്നു. സുധീറിന്‍റെ അന്വേഷണ വീഴ്ചയെക്കുറിച്ചുള്ള പൊലീസിന്റെ ആഭ്യന്തര അന്വേഷണം ഈ മാസം 19നാണ് പൂർത്തിയായത്.
മുമ്പ് അഞ്ചൽ ഇടമുളക്കലിൽ മരിച്ച ദമ്പതിമാരുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് ഒപ്പിടാൻ സ്വന്തം വീട്ടിലേക്ക് മൃതദേഹം എത്തിച്ച വിവാദത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. 2020 ജൂണിലായിരുന്നു ഈ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.