കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥി അഭിമന്യുവിനെ (20) കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം സ്വദേശി ബിലാൽ, പത്തനംതിട്ട സ്വദേശി ഫാറൂഖ്, ഫോർട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവർ ഉൾപ്പെടെ എഴു പേരെയാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഫാറൂഖ് മഹാരാജാസിൽ പുതുതായി ചേർന്ന വിദ്യാർഥിയാണ്. കോട്ടയം സി.എം.എസ് കോളജ് വിദ്യാർഥിയാണ് ബിലാൽ. ഫോർട്ട്കൊച്ചി സ്വദേശി റിയാസ് വിദ്യാർഥിയല്ല. ഇയാൾക്ക് 37 വയസ്സുണ്ട്. സെൻട്രൽ സി.ഐ എ. അനന്തലാലിെൻറ നേതൃത്വത്തിലാണ് സംഭവം അന്വേഷിക്കുന്നത്.
അക്രമി സംഘത്തിലുള്ള മറ്റുപ്രതികൾക്ക് വേണ്ടി പൊലീസ് തിരച്ചിൽ ഉൗർജിതമാക്കി. പതിനഞ്ചംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് സാക്ഷിമൊഴി. ഇവർ രക്ഷപ്പെടാതിരിക്കാൻ കൊച്ചി നഗരപരിധിയിലുടനീളം പൊലീസ് രാത്രി വാഹന പരിശോധന നടത്തി. രണ്ടുപേർ സംസ്ഥാനം വിട്ടതായും സൂചനയുണ്ട്. ഇവർക്കായി ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചു.
അക്രമത്തിൽ അഭിമന്യുവിനൊപ്പം പരിക്കേറ്റ ആശുപത്രിയിലുള്ള രണ്ടാം വർഷ ബിഎ ഫിലോസഫി വിദ്യാർഥിയും കൊട്ടാരക്കര സ്വദേശിയുമായ കെ.വി.അർജുൻ കൃഷ്ണയുടെ നില ഗുരുതരമായി തുടരുന്നു. ശ്വാസകോശത്തിന് മുറിവേറ്റ അർജുൻ ശസ്ത്രക്രിയക്കുശേഷം തീവ്രപരിചരണ വിഭാഗത്തിലാണ്.
ഇടതു തുടയിൽ കുത്തേറ്റ എംഎ ഇക്കണോമിക്സ് വിദ്യാർഥി വിനീത്‌കുമാർ പ്രാഥമികചികിൽസയ്ക്കു ശേഷം ആശുപത്രിവിട്ടു.
സംഘർഷസ്ഥലത്തിന് എതിർവശത്തുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ സിസിടിവി ക്യാമറയിൽനിന്ന് അക്രമികളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
കോളജിെൻറ പിൻമതിലിലെ ചുവരെഴുത്തിനുള്ള അവകാശത്തർക്കമാണു സംഘർഷത്തിൽ കലാശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.