കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലുണ്ടായ വിദ്യാർഥി സംഘർഷത്തിൽ കെ.എസ്.യു പ്രവർത്തകൻ മുഹമ്മദ് ഇജിലാൽ അറസ്റ്റിൽ. എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അബ്ദുൽ നാസറിന് കുത്തേറ്റ സംഭവത്തിലാണ് അറസ്റ്റ്. എസ്.എഫ്.ഐയുടെ പരാതിയിൽ കെ.എസ്.യു- ഫ്രട്ടേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. കെമിസ്ട്രി മൂന്നാംവർഷ വിദ്യാർഥിയായ ഇജിലാൽ കേസിലെ എട്ടാം പ്രതിയാണ്.
ബുധനാഴ്ച അർധരാത്രിയുണ്ടായ സംഘർഷത്തിലാണ് എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അബ്ദുൽ നാസറിന് കുത്തേറ്റത്. തുടർന്ന് കെ.എസ്.യു പ്രവർത്തകൻ അമൽ ടോമി, ഫ്രറ്റേണിറ്റി പ്രവർത്തകനും മൂന്നാം വർഷ ബിരുദ വിദ്യാർഥിയുമായ ബിലാൽ എന്നിവർക്കും മർദനമേറ്റിരുന്നു. എസ്.എഫ്.ഐ ഏരിയ കമ്മിറ്റി അംഗം ഇ.വി. അശ്വതിക്കും പരിക്കുണ്ട്. സംഭവത്തെത്തുടർന്ന് കോളജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
തങ്ങളെ ആക്രമിച്ചത് എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് കെ.എസ്.യുവും ഫ്രറ്റേണിറ്റിയും അക്രമത്തിന് പിന്നിൽ കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകരാണെന്ന് എസ്.എഫ്.ഐയും ആരോപിച്ചു.
നാടകപരിശീലനത്തിനിടെ 20ഓളം പേരടങ്ങുന്ന കെ.എസ്.യു, ഫ്രറ്റേണിറ്റി സംഘം തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നാണ് എസ്.എഫ്.ഐ നേതൃത്വം പറയുന്നത്. നവംബറിൽ നടന്ന കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ മൂന്നാം വർഷ പ്രതിനിധി സ്ഥാനത്തേക്ക് എസ്.എഫ്.ഐ പരാജയപ്പെടുകയും കെ.എസ്.യു വിജയിക്കുകയും ചെയ്തിരുന്നു. ഇതേച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന സംഘർഷങ്ങളുടെ തുടർച്ചയാണ് ബുധനാഴ്ച നടന്നതെന്നാണ് വിവരം.
കോളജിന് പുറത്ത് റോഡിലൂടെ നടക്കുമ്പോഴാണ് അമലും ബിലാലും മർദിക്കപ്പെട്ടതെന്ന് ഫ്രറ്റേണിറ്റി, കെ.എസ്.യു നേതാക്കൾ പറഞ്ഞു. കോളജിന് പുറത്തുകൂടി പോകുകയായിരുന്ന തന്നെ എസ്.എഫ്.ഐക്കാർ തടഞ്ഞുനിർത്തി ‘ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് ബിലാൽ പറഞ്ഞു.
കമ്പികൊണ്ട് തലക്കടിയേറ്റ് അബോധാവസ്ഥയിലായ തന്നെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ 20ഓളം എസ്.എഫ്.ഐ പ്രവർത്തകർ അത്യാഹിത വിഭാഗത്തിൽ കയറിയും ആക്രമിച്ചു. അധികൃതർ തടഞ്ഞതോടെ വാതിൽചില്ലുകൾ തകർത്തു. സുരക്ഷിതമല്ലെന്ന് തോന്നി ആശുപത്രി മാറാൻ ശ്രമിക്കവെ പൊലീസിന്റെ കൺമുന്നിൽ ആംബുലൻസിൽ കയറിയും എസ്.എഫ്.ഐക്കാർ കത്തികൊണ്ട് ഉപദ്രവിക്കുകയും ക്രൂരമായി അടിക്കുകയും ചെയ്തതായി ബിലാൽ പറഞ്ഞു.
ആശുപത്രിയിലുണ്ടായ അക്രമത്തിൽ എസ്.എഫ്.ഐ പ്രവർത്തകരടക്കം കണ്ടാലറിയാവുന്ന 20ഓളം പേർക്കെതിരെയും ബിലാലിന്റെ പരാതിയിൽ പത്തോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആശുപത്രിയിലും ആംബുലൻസിലും നടന്ന അക്രമങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.