പണം തട്ടിയെന്ന ആരോപണം: മഹിള കോൺഗ്രസ് നേതാവ് ഹസീന മുനീറിനെ സസ്​പെൻഡ് ചെയ്തു

ആലുവ: ആലുവയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് ലഭിച്ച പണം തട്ടിയെടുത്തെന്ന് ആരോപണത്തെ തുടർന്ന് മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി ഹസീന മുനീറിനെ സംഘടന സസ്​പെൻഡ് ചെയ്തു. ഹസീന നൽകിയ വിശദീകരണം തൃപ്തികര​മല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംസ്ഥാന പ്രസിഡൻറിൻറെ നിർദേശ പ്രകാരം സംസ്ഥാന ജനറൽ സെക്രട്ടറി എൽ.അനിതയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.   

ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിൽ നിന്ന് ഹസീനയുടെ ഭർത്താവ് മുനീർ 1,20,000 രൂപ തട്ടിയെടുത്തുവെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെ പണം തിരികെ നൽകി. മഹിള കോൺഗ്രസ് നേതാവായ ഭാര്യക്കും തട്ടിപ്പിൽ പങ്കുള്ളതായി ആരോപിക്കപ്പെടുന്നു. ഇതിനിടയിൽ പണം ലഭിച്ചതോടെ കുട്ടിയുടെ കുടുംബം പരാതിയുമായി മുന്നോട്ടുപോകാനില്ലെന്നാണ് അറിയുന്നത്.

എന്നാൽ, കുട്ടിയുടെ കൊലപാതക കേസ് അന്വേഷിച്ച റൂറൽ പൊലീസ് സംഭവം ഗൗരവമായിട്ടാണ് എടുത്തിട്ടുള്ളത്. ആരോപണം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് എസ്.പി വിവേക് കുമാർ പറഞ്ഞു. ഇതിനെ കുറിച്ച് വിശദമായി പരിശോധിക്കും. സർക്കാർ നൽകിയ ധനസഹായത്തിൽ നിന്നാണ് തട്ടിപ്പ് നടത്തിയതെങ്കിൽ നടപടിയുണ്ടാകുമെന്നും എസ്.പി പറഞ്ഞു.

കുട്ടി കൊല്ലപ്പെട്ട് ആദ്യ ദിവസങ്ങളിൽ കുടുംബത്തെ സഹായിക്കാൻ ഒപ്പം കൂടിയാണ് മുനീർ പണം തട്ടിയത്. എ.ടി.എം ഉപയോഗിക്കാൻ അറിയാത്ത കുട്ടിയുടെ അച്ഛനെ കബളിപ്പിച്ചായിരുന്നു തട്ടിപ്പ്. ആഗസ്റ്റ് അഞ്ച് മുതൽ പത്ത് വരെ ഇരുപതിനായിരം രൂപ വീതം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു. കുട്ടിയെ കാണാതായ വാർത്ത പുറത്തുവന്നതു മുതൽ കുട്ടിയുടെ കുടുബത്തിനെ സഹായിക്കാനായി ഇവർ ഒപ്പം കൂടിയിരുന്നു. ഈ അടുപ്പം മുതലെടുത്തായിരുന്നു തട്ടിപ്പ്.

അൻവർസാദത്ത് എം.എൽ.എയുടെ അടുത്ത ആളെന്ന് കുടുംബത്തെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. കുട്ടിയുടെ കുടുംബം വളരെ മോശപ്പെട്ട കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. അതിനാൽ തന്നെ കുട്ടി കൊല്ലപ്പെട്ട ശേഷം എം.എൽ.എ മുൻകൈയ്യെടുത്ത് ഇവരെ നല്ലൊരു വാടക വീട്ടിലേക്ക് മാറ്റിയിരുന്നു. ഈ വീടിന് വാടക മുൻകൂറായി നൽകാനാണെന്ന പേരിലാണ് ആദ്യം 20,000 രൂപ തട്ടിയെടുത്തത്. എന്നാൽ, വീടിൻറെ വാടക നൽകുന്നത് എം.എൽ.എയാണ്.

പുതിയ വീട്ടിലേക്ക് വിവിധ ഉപകാരണങ്ങളടക്കം വാങ്ങിയതിൻറെ പേരിലും പണം തട്ടി. ഈ വസ്തുക്കൾ തായിക്കാട്ടുകര സഹകരണ ബാങ്കിൻറെ നേതൃത്വത്തിലാണ് സൗജന്യമായി നൽകിയിരുന്നത്. പണം തട്ടിയതായും വഞ്ചിച്ചതായും മനസ്സിലാക്കിയതോടെ പണം തട്ടിയെടുത്ത വിവരം ഒരു മാസം മുൻപ് കുടുംബം പഞ്ചായത്ത് പ്രസിഡൻറിനെയും ചൂർണ്ണിക്കരയിലെ ചില കോൺഗ്രസ് നേതാക്കളെയും അറിയിച്ചിരുന്നു.

പഞ്ചായത്ത് പ്രസിഡൻറ് കുട്ടിയുടെ മാതാപിതാക്കളെ എം.എൽ.എയുടെ അടുത്തേക്ക് പറഞ്ഞു വിടുകയായിരുന്നുവത്രെ. വിവരങ്ങൾ അറിഞ്ഞ അദ്ദേഹം ഹസീനയും ഭർത്താവുമായി സംസാരിച്ചെങ്കിലും പണം വാങ്ങിയില്ലന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ പണം നൽകിയതിൻറെ ബാങ്ക് സ്റ്റേറ്റ്മെൻറ് കാണിച്ചപോൾ ഇരുവരും പണം വാങ്ങിയതായി സമ്മതിച്ചു.

ഇതിനെതിരെ റൂറൽ എസ്.പിക്കു പരാതിനൽകുമെന്ന് എം.എൽ.എ പറഞ്ഞതോടെ പണം തിരികെ നൽകാമെന്ന് പറയുകയായിരുന്നു. ഇതിനിടെ രണ്ട് തവണയായി 70,000 രൂപ ഹസീനയും ഭർത്താവും മടക്കി നൽകി. ബാക്കി 50,000 നവംബറിൽ തിരികെ നൽകാമെന്നാണ് മുനീർ രേഖാമൂലം എഴുതി നൽകിയത്.

പറഞ്ഞ തിയതി കഴിഞ്ഞിട്ടും പണം തിരികെ നൽകാത്തതോടെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. വാർത്ത വന്നതിന് പിന്നാലെ സംഭവം കളവാണെന്ന് പറയാൻ കുട്ടിയുടെ അച്ഛനെ മുനീർ നിർബന്ധിക്കുന്ന ഓഡിയോ സംഭാഷണം പുറത്ത് വന്നു. പണം തിരികെ നൽകാതെ പരാതിയിൽ നിന്ന് പിൻമാറില്ലെന്ന് കുടുംബം ഉറച്ച് നിന്നതോടെയാണ് നൽകാനുള്ള തുക മുനീർ തിരികെ നൽകിയിരിക്കുന്നത്.

Tags:    
News Summary - Mahila Congress leader Haseena Muneer suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.