മന്ത്രി റിയാസിന് നേരെ കരിങ്കൊടി കാണിച്ച് മഹിള കോൺഗ്രസ് നേതാവിന്‍റെ ഒറ്റയാൾ പ്രതിഷേധം

കി​ളി​മാ​നൂ​ർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫിസ് എസ്.എഫ്.ഐക്കാർ അടിച്ചു തകർത്ത സംഭവത്തിൽ ഒറ്റയാൾ പ്രതിഷേധവുമായി മഹിള കോൺഗ്രസ് നേതാവ്. പുനർനിർമിച്ച കിളിമാനൂർ കൊച്ചു പാലത്തിന്‍റെ ഉദ്ഘാടനത്തിന് എത്തിയ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയാണ് മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്‍റ് ദീപ അനിൽ കരിങ്കൊടി കാണിച്ചത്.

അപ്രതീക്ഷിതമായ കരിങ്കൊടി പ്രതിഷേധം മന്ത്രിയെയും പൊലീസിനെയും ഞെട്ടിച്ചു. നാട മുറിച്ച് പാലം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി പിന്നിലേക്ക് മാറി. മന്ത്രിയുടെ സുരക്ഷക്ക് വനിത പൊലീസ് ഇല്ലാത്തതിനാൽ ഏറെ സമയം കഴിഞ്ഞാണ് ദീപയെ അറസ്റ്റ് ചെയ്ത് പ്രദേശത്ത് നിന്ന് നീക്കിയത്. ഈ സമയം മുഴുവൻ മന്ത്രിക്കു മുന്നിൽ കരിങ്കൊടി വീശി മുദ്രാവാക്യം വിളിച്ച് ദീപ പ്രതിഷേധിച്ചു.

വനിത പൊലീസ് ഇല്ലാതെ കസ്റ്റഡിയിലെടുക്കാനുള്ള പുരുഷ പൊലീസുകാരുടെ ശ്രമം ദീപ എതിർത്തു. ഒടുവിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി ബലമായി ഓട്ടോയിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ദീപയെ പ്രദേശത്ത് നിന്ന് നീക്കിയ ശേഷമാണ് പാലം ഉദ്ഘാടനം മന്ത്രി നിർവഹിച്ചത്. അറസ്റ്റിലായ ദീപയെ പിന്നീട് ജാമ്യത്തിൽ വിട്ടു.

അതേസമയം, ഇടത് പ്രവർത്തകർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ദീപ അനിൽ ആരോപിച്ചു. ഡി.വൈ.എഫ്.ഐക്കാർ പിന്നിൽ നിന്ന് ചവിട്ടിയതായും നട്ടെല്ലിനു ക്ഷതമേറ്റതായും ദീപ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Mahila Congress leader's lone protest against Minister Riyaz with a black flag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.