പാലക്കാട്: സംസ്ഥാന പൊതുമേഖല സ്ഥാപനമായ വാളയാറിലെ മലബാർ സിമൻറ്സ് ഫാക്ടറിയിലെ അഴിമതി കേസുകളുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ വ്യവസായി വി.എം. രാധാകൃഷ്ണെൻറ കൂടുതൽ സ്വത്തുക്കൾ എൻഫോഴ്സ്മെൻറ് വിഭാഗം കണ്ടുകെട്ടി. 21. 66 കോടി രൂപ വില മതിക്കുന്ന സ്വത്തുക്കളാണ് എറണാകുളത്തെ എൻഫോഴ്സ്മെൻറ് അധികൃതർ കണ്ടുകെട്ടിയതായി നോട്ടീസ് നൽകിയത്.
വി.എം. രാധാകൃഷ്ണനും കുടുംബവും താമസിക്കുന്ന പാലക്കാട് നഗരത്തിലെ വസതി, വിവിധ ജില്ലകളിലെ അപ്പാർട്ടുമെൻറുകൾ, കോഴിക്കോട്, വയനാട്, പാലക്കാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിെൻറ വ്യവസായ സ്ഥാപനങ്ങളിൽ ചിലത് എന്നിവ കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. പാലക്കാട് നഗരത്തിലെ ഫോർട്ട് പാലസ് ഹോട്ടൽ അടക്കം കോടികൾ വില വരുന്ന സ്വത്ത് മാസങ്ങൾക്ക് മുമ്പ് കണ്ടുകെട്ടിയിരുന്നു. 50 കോടിയിലധികം വില വരുന്ന ഈ സ്വത്തുക്കൾക്ക് അധികൃതർ മൂല്യം കണക്കാക്കിയത് കേവലം 1.99 കോടി രൂപയായിരുന്നു.
നാല് കേസുകളിലായി മലബാർ സിമൻറ്സിന് 25 കോടിയോളം രൂപ നഷ്ടം സംഭവിച്ചതായാണ് വിജിലൻസ് കണക്കാക്കിയിട്ടുള്ളത്. 1.99 കോടി കഴിച്ച് ബാക്കി തുകയുടെ കണ്ടുകെട്ടലാണ് കഴിഞ്ഞ ദിവസം നടന്നത്. ഫ്ലൈ ആഷ് ഇറക്കുമതി കരാർ, ബാഗ് കരാർ, ചുണ്ണാമ്പുകല്ല് കരാർ എന്നിവ സംബന്ധിച്ച് വിജിലൻസ് അന്വേഷിച്ച നാല് കേസുകൾ പ്രകാരമാണ് എൻഫോഴ്സ്മെൻറ് നടപടി. നാല് കേസുകളിലുമായി രാധാകൃഷ്ണന് പുറമെ 13 പ്രതികൾ ഉണ്ട്.
കണ്ടുകെട്ടലിനെ പറ്റി രേഖാമൂലം വിവരം ലഭിക്കുന്നതിനനുസരിച്ച് നിയമ നടപടികൾ ആരംഭിക്കുമെന്ന് വി.എം. രാധാകൃഷ്ണൻ പറഞ്ഞു. നേരത്തെ കണ്ടുകെട്ടിയതിനെ ചൊല്ലി ഇപ്പോൾ ഡൽഹിയിൽ കോടതി വ്യവഹാരം നടക്കുകയാണ്. സ്റ്റേ ലഭിച്ചതുപ്രകാരം അന്ന് കണ്ടുകെട്ടിയ സ്വത്തുക്കൾ മുഴുവൻ ഇപ്പോൾ കൊണ്ടുനടക്കുന്നത് താനാണെന്ന് രാധാകൃഷ്ണൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.