തിരുവനന്തപുരം: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചു കൊണ്ടുള്ള സർക്കാർ നടപടികൾ പൂർത്തികരിച്ചതിനെ തുടർന്ന് ബാങ്കിന്റെ ബിസിനസ് ജനറൽ മാനേജർ (എറണാകുളം) ജില്ലയിലെ സ്‌പെഷ്യൽ ഓഫീസറായി ചുമതലയേറ്റെടുത്തു.
കേരളമാകെ ശാഖകളുള്ള ഏഷ്യയിലെ എറ്റവും വലിയ സഹകരണ ബാങ്കിങ്ങ് സ്ഥാപനമായി കേരളബാങ്ക് മാറിയെന്ന് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. 769 ശാഖകളാണ് ഇന്നലെവരെ കേരളബാങ്കിന് ഉണ്ടായതെങ്കിൽ മലപ്പുറം കൂടി ഭാഗമായതോടെ അത് 823 ആയി ഉയർന്നു എന്നത് ഏറെ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ കൂടുതൽ ജനകീയമായി മാറുന്നതിന്റെ ഭാഗമായി നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് റിസർവ്വ് ബാങ്കിന്റെ അംഗീകാരം നേടി ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിൽ നിന്ന് മലപ്പുറം ജില്ലാ ബാങ്ക് മാത്രം മാറി നിൽക്കുകയായിരുന്നു.
ലയനത്തെ അനുകൂലിച്ച 13 ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന് 2019 ഒക്ടോബർ ഏഴിന് റിസർവ് ബാങ്ക് അനുമതി നൽകി. ആ പതിമൂന്ന് ജില്ലാസഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കുമായി സംയോജിപ്പിക്കുക എന്ന നിയമപരമായ നടപടിയാണ് 2019 നവംബർ 29 ന് പൂർത്തീകരിച്ചത്.
അന്നുമുതൽ കോടതിയിൽ നടന്ന നിയമപോരാട്ടങ്ങളാണ് ഇന്നലയും ഇന്നുമായി പര്യവസാനിച്ചത്. ബാങ്കിങ്ങ് മേഖലയിലെ ഗുണകരമായ മാറ്റങ്ങൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കേരള ഹൈക്കോടടതിയിൽ നിന്ന് ലഭിച്ച വിധിന്യായമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.