പന്തളം: വീട്ടുജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ കുവൈത്തിലെത്തിച്ച് ഗാർഹിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ മലപ്പുറം തിരൂർ തിരുനാവായ എടക്കുളം പള്ളി താഴേതിൽ പുതുപ്പറമ്പിൽ വീട്ടിൽ ഷംസുദ്ദീനെ (48) പൊലീസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് പിടികൂടി. കൂട്ടുപ്രതി ബാലൻ പിള്ളയെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു.
2015 ജൂണിലാണ് കൊടുമൺ ഐക്കാട് മഠത്തിനാൽ മേലേതിൽ മണിയെ (46) കുവൈത്തിലേക്ക് കൊണ്ടുപോയത്. ആഹാരവും അടിസ്ഥാനസൗകര്യവും ഒന്നേമുക്കാൽ വർഷത്തെ ശമ്പളത്തിൽ ഒരു പൈസപോലും നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. സമീപവാസിയായ അറബിയാണ് വീട്ടുകാരുമായി ബന്ധപ്പെടാൻ അവസരമൊരുക്കിയത്.
ആദ്യ മൂന്ന് മാസം വീട്ടിലേക്ക് പണം അയച്ചിരുന്നു. പിന്നീട് ഒരു ബന്ധവും ഇല്ലാതായി. മക്കളായ നന്ദുജ (18), നന്ദുകുമാർ (24) എന്നിവർക്ക് മാതാവിനെ അന്വേഷിക്കാനും മാർഗമില്ലായിരുന്നു.
ആറുമാസം കഴിഞ്ഞ് ദുരവസ്ഥ വിവരിച്ച് മണിയുടെ സന്ദേശം നന്ദുവിനു കിട്ടി. തുടർന്ന് നൽകിയ പരാതിയിലാണ് ബാലൻപിള്ളയെ അറസ്റ്റ് ചെയ്തത്. സൗദിയിലെ പ്രവാസി മലയാളി ഫെഡറേഷൻ, ഇന്ത്യൻ എംബസി എന്നിവയുടെ സഹായത്തോടെയാണ് നാട്ടിലെത്താനായത്. ഒന്നേമുക്കാൽ വർഷം കൊടിയ മർദനമാണേറ്റത്. കുറേനാൾ കുവൈത്ത് ഷെൽറ്റർ ഹോമിലും താമസിച്ചു.
വിമാനച്ചെലവ് എംബസിയാണ് വഹിച്ചത്. പന്തളം സി.ഐ ഈ.ഡി. ബിജു, കൊടുമൺ എസ്.ഐ ആർ. രാജീവ്, എ.എസ്.ഐ സണ്ണി, സി.പി.ഒ അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണ സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.