കാളികാവ് (മലപ്പുറം): മലയോരരത്ത് തിങ്കളാഴ്ച വൈകീട്ടുണ്ടായ ശക്തമായ മഴയിൽ കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ പുഴകളും തോട്ടുകളും കവിഞ്ഞു. നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാനപാതയിൽ സ്രാമ്പിക്കല്ല് അങ്ങാടിയിൽ വെള്ളം കയറി ഗതാഗതം മുടങ്ങി.
കടകളിലും നിരവധി വീടുകളിലും വെള്ളം കയറി. ചാഴിയോട് പാലത്തിെൻറ അപ്രോച്ച് റോഡും വെള്ളം മൂടി. മങ്കുണ്ടിലും വെള്ളം കയറി. പുല്ലങ്കോട്-ചേനപ്പാടി മലവാരങ്ങളിൽനിന്നുള്ള ചോലകളും തോടുകളും കവിഞ്ഞൊഴുകിയാണ് സ്രാമ്പിക്കല്ല് അങ്ങാടിയിൽ വെള്ളം കയറിയത്.
രണ്ടു മണിക്കൂർ നേരമാണ് പ്രദേശത്ത് മഴ പെയ്തത്. ഏറെ ദൂരം റോഡിലൂടെ പരന്നൊഴുകുന്ന മലിനജലം കടകളിലേക്കും വീടുകളിലേക്കും കയറി. മുൻ വർഷങ്ങളിലും അഴുക്കുചാൽ അടഞ്ഞ് മലിനജലം റോഡിലൂടെ ഒഴുകിയിരുന്നു.
കോഴിക്കോടം മുണ്ടതോട് നിറഞ്ഞൊഴുകിയതോടെ സ്രാമ്പിക്കല്ല് ഭാഗത്തെ നിരവധി വീടുകളിൽ വെള്ളം കയറി. തോടിന് കുറുകെയുള്ള ഓവുപാലം നിറഞ്ഞൊഴുകിയതാണ് പ്രദേശത്തെ വീടുകളിൽ വെള്ളം കയറാൻ കാരണം. അധികൃതരോട് വർഷങ്ങളായി പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. അമ്പതോളം വീടുകളിൽ സ്ഥിരമായി മഴക്കാലത്ത് വെള്ളം കയറി പ്രദേശവാസികൾ ദുരിതത്തിലായിരിക്കുകയാണ്.
വർഷങ്ങൾ പലത് കഴിഞ്ഞിട്ടും അധികൃതരുടെ നിസ്സംഗത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ആളുകൾ ഭീതിയോടെയാണ് ഈ പ്രദേശങ്ങളിൽ കഴിയുന്നത്. കഴിഞ്ഞ വർഷം പ്രദേശത്ത് ഒരു വീട് തകരുകയും ചെയ്തിരുന്നു.
സ്രാമ്പിക്കല്ലിലെ കോന്ദാടൻ അസീസ്, ചേലാമാoത്തിൽ ജമാലുദ്ദീൻ, നെച്ചിക്കാടൻ സുൽഫീക്കർ, പേവുങ്ങൽ ഹംസ, അയ്യൂബ്, സൂസമ്മ, വിനോദ്, കുറുങ്കാട്ടിൽ പോക്കർ, ചേലാമoത്തിൽ ഫാത്തിമ്മ, നസീർ ബാബു, പാറക്കൽ നാസർ, കരിമ്പിൽ അബ്ദു, പാറക്കൽ നാസർ തുടങ്ങിയ നിരവധി കുടുംബങ്ങളുടെ വീടുകളിൽ വെള്ളം കയറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.