മലയാളി മറക്കില്ല, ഈ ലളിതാഭിനയം

ശാന്തസുന്ദരം, ലളിതഗംഭീരം...സ്നേഹനിധിയായ അമ്മയായും കലിതുള്ളിയെത്തുന്ന അമ്മായിയമ്മയായും കരുണയുള്ള പെങ്ങളായും കു​ശുമ്പ് നിറഞ്ഞ നാത്തൂനായുമൊക്കെ അരനൂറ്റാ​ണ്ടിലേറെ മലയാളിക്ക് മുമ്പിൽ നിറഞ്ഞാടിയ ലളിതാഭിനയത്തെ മറ്റെന്ത് പറഞ്ഞ് വിശേഷിപ്പിക്കാൻ! ഒരു മൂളലിൽ ഒരായിരം വാക്കുകളേക്കാൾ അർഥങ്ങളൊളിപ്പിച്ചുവെച്ച അഭിനയവിസ്മയം. ഒരു മതിലിനപ്പുറത്ത് നിന്ന് സംസാരിക്കുന്ന കാതരയായ കാമുകിയായ നാരായണിയെ മലയാളികൾ മനസ്സിൽ കണ്ടത് ലളിതയുടെ ശബ്ദത്തിലൂടെയായിരുന്നു. കായംകുളം രാമപുരത്തെ സ്കൂളിൽ വെച്ച് ആദ്യമായി നൃത്തവേദിയിൽ കയറിയതു മുതൽ അസുഖബാധിതയായി അഭിനയജീവിതത്തിൽ നിന്ന് മാറിനിന്നത് വരെയുള്ള കാലം ജീവിതം തന്നെ അരങ്ങാക്കുകയായിരുന്നു കെ.പി.എ.സി ലളിത. അനേകമനേകം നാടകവേദികൾ. മലയാളത്തിലും തമിഴിലുമായി 550ലധികം സിനിമകൾ.


പത്താം വയസ്സിൽ നൃത്തപഠനം ആരംഭിച്ചാണ് ലളിത കലാരംഗ​ത്ത് ചുവടുവെക്കുന്നത്. അന്ന് മഹേശ്വരിയെന്നായിരുന്നു പേര്. ചെങ്ങന്നൂർ അമ്പലത്തിൽ മാതാപിതാക്കളായ കടയ്ക്കൽ തറയിൽ അനന്തൻനായരും ഭാർഗവി അമ്മയും ഭജനമിരുന്ന് പിറന്നതിനാലാണത്രേ ഈ പേരിട്ടത്. ചങ്ങനാശ്ശേരി ഗീഥയുടെ 'ബലി'യെന്ന നാടകത്തിലും എസ്.എൽ പുരം സദാനന്ദന്റെ പ്രതിഭാ ആർട്സ് ട്രൂപ്പിന്റെ 'കാക്കപ്പൊന്ന്' എന്ന നാടകത്തിലും അഭിനയിച്ച ശേഷമാണ് കെ.പി.എ.സിയിലെത്തിയത്. സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളിൽ അഭിനയിച്ചു. തോപ്പിൽ ഭാസി ലളിത എന്നു പേരിട്ടതോടെയാണ് മഹേശ്വരി കെ.പി.എ.സി ലളിതയായത്. കെ.പി.എ.സിയിൽ എട്ടുവർഷത്തോളം തുടർച്ചയായി അഭിനയിച്ച ലളിത മലയാള നാടകരംഗത്ത് ശ്രദ്ധേയയാകാൻ അധികകാലം വേണ്ടി വന്നില്ല.

തോപ്പിൽഭാസിയുടെ 'കൂട്ടുകുടുംബം' എന്ന നാടകം 1969ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ അതിലൂടെയായിരുന്നു ലളിതയുടെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി', 'ഒതേനന്റെ മകൻ', 'വാഴ്വെ മായം', 'ത്രിവേണി', 'അനുഭവങ്ങൾ പാളിച്ചകൾ', 'ഒരു സുന്ദരിയുടെ കഥ', 'സ്വയംവരം' തുടങ്ങി ഒട്ടനവധി തുടക്കകാല ചിത്രങ്ങൾ. സഹനായിക വേഷങ്ങളിലാണ് തുടക്കത്തിൽ തിളങ്ങിയത്. ഹാസ്യവേഷങ്ങൾ അതിഗംഭീരമായി അവതരിപ്പിക്കാനുള്ള കഴിവ് ലളിതയെ ജനപ്രിയ നടിയാക്കുകയും ചെയ്തു. കുശുമ്പും കൗശലവും കുശാഗ്രബുദ്ധിയും പരദൂഷണവും വിടുവായിത്തരവുമുള്ള അമ്മ-ഭാര്യ വേഷങ്ങളിലും ദാരിദ്ര്യത്തിന്റെയും ജീവിത പ്രാരാബ്ധത്തിന്റെയും പ്രതീകങ്ങളായ കഥാപാത്രങ്ങളിലും അവർ ജീവിച്ചു.

'വിയറ്റ്നാം കോളനി'യിലെ പട്ടാളം മാധവി, 'കോട്ടയം കുഞ്ഞച്ചനി'ലെ ഏലിയാമ്മ, 'പിടക്കോഴി കൂവൂന്ന നൂറ്റാണ്ടി'ലെ പുരുഷവിരോധിയായ സൂപ്രണ്ട്, 'ഐസ്ക്രീമി'ലെ എലിസബത്ത്, 'ഗോഡ്ഫാദറി'ലെ കൊച്ചമ്മിണി, 'മേഘ'ത്തിലെ ആച്ചയമ്മ, 'പൈ ബ്രദേഴ്സി'ലെ അല്ലു, 'സി.ഐ.ഡി ഉണ്ണികൃഷ്ണനി'ലെ അമ്മ, 'മണിച്ചിത്രത്താഴി'ലെ ഭാസുര, 'ഇഞ്ചക്കാടൻ മത്തായി'യിലെ ഏലിക്കുട്ടി, 'കാട്ടുകുതിര'യിലെ കല്യാണി, 'പൊൻമുട്ടയിടുന്ന താറാവി'ലെ ഭാഗീരഥി, 'സന്ദേശ'ത്തിലെ ലത, 'ആദ്യത്തെ കൺമണി'യിലെ മാളവിക അങ്ങനെ സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടിനിടെ എത്രയെത്ര വേഷങ്ങൾ.



വാ​ഴ്​​വേ​മാ​യം, അ​നു​ഭ​വ​ങ്ങ​ൾ പാ​ളി​ച്ച​ക​ൾ, മ​രം, ഏ​ണി​പ്പ​ടി​ക​ൾ, പൂ​ന്തേ​ന​രു​വി, ച​ക്ര​വാ​ളം, നീ​ല​പ്പൊ​ന്മാ​ൻ, സൃ​ഷ്​​ടി, സ​ർ​വേ​ക്ക​ല്ല്, യു​ദ്ധ​കാ​ണ്ഡം, ഗു​രു​വാ​യൂ​ർ കേ​ശ​വ​ൻ, കൊ​ടി​യേ​റ്റം, ആ​ര​വം,പെ​രു​വ​ഴി​യ​മ്പ​ലം, ചാ​ട്ട, മ​ർ​മ​രം, പാ​ള​ങ്ങ​ൾ, കാ​റ്റ​ത്തെ​ കി​ളി​ക്കൂ​ട്, മു​ഖാ​മു​ഖം, താ​ള​വ​ട്ടം, സ​ന്മ​ന​സ്സു​ള്ള​വർ​ക്ക് സ​മാ​ധാ​നം, ജാ​ല​കം, കു​ടും​ബ​പു​രാ​ണം, വ​ട​ക്കു​നോ​ക്കി​യ​ന്ത്രം, പെ​രു​വ​ണ്ണാ​പു​ര​ത്തെ ​വി​ശേ​ഷ​ങ്ങ​ൾ, ഹി​സ്​​ ഹൈ​ന​സ്​ അ​ബ്​​ദു​ല്ല, കാ​ട്ടു​കു​തി​ര, ഗ​ജ​കേ​സ​രി​യോ​ഗം, അ​മ​രം, മു​ഖ​ചി​ത്രം, ക​ടി​ഞ്ഞൂ​ൽ​ക​ല്യാ​ണം, സ​ദ​യം, അ​പാ​ര​ത, സ്​​നേ​ഹ​സാ​ഗ​രം, വെ​ങ്ക​ലം, ഗോ​ളാ​ന്ത​ര​വാ​ർ​ത്ത, ജ​നം, പ​വി​ത്രം തു​ട​ങ്ങി​യ​വ​യി​ലെ​ ല​ളി​തയുടെ അഭിനയം എന്നെന്നും ഓർമ്മിക്കപ്പെടും. 'വാ​ഴ്​​വേ​മാ​യം' എ​ന്ന ചി​ത്ര​ത്തി​ലാ​ണ്​ ല​ളി​ത ആ​ദ്യ​മാ​യി പാ​ടി അ​ഭി​ന​യി​ച്ച​ത്.

സ്​​ത്രീ ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്ലാ​ത്ത അ​ടൂ​രി​​ന്‍റെ 'മ​തി​ലു​ക​ൾ' എ​ന്ന ചി​ത്ര​ത്തി​ൽ രം​ഗ​ത്തു​വ​രാ​തെ സം​ഭാ​ഷ​ണം കൊ​ണ്ടു​മാ​ത്രം സ​ജീ​വ​മാ​യ നാ​രാ​യ​ണി എ​ന്ന ത​ട​വു​കാ​രി​ക്ക്​ ​ശ​ബ്​​ദം ന​ൽ​കി​യും ലളിത ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.​ ക്യാ​ര​ക്​​ട​ർ റോ​ളു​ക​ളി​ലും ന​ർ​മ​വേ​ഷ​ങ്ങ​ളിലും ഒ​രുപോ​ലെ തി​ള​ങ്ങിയ ലളിതക്ക്​ ​1991​ൽ 'അ​മ​'ര​ത്തി​ലൂ​ടെ​യും 2000ത്തി​ൽ '​ശാ​ന്ത'​ത്തി​ലൂ​ടെ​യും മി​ക​ച്ച സ​ഹ​ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേടി. 1975 (നീലപ്പൊന്മാൻ), 1978 (ആരവം), 1990 (അമരം), 1991 (കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം) എന്നീ വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.

 


1978ലായിരുന്നു സംവിധായകൻ ഭരതനുമായുള്ള വിവാഹം. മാധവിക്കുട്ടി, ചക്രവാകം, നീലകണ്ണുകൾ തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോഴുണ്ടായ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. ഭരതന്റെ എല്ലാചിത്രങ്ങളിലും ലളിത പ്രധാന വേഷത്തിലെത്തിയിരുന്നു. ലളിതയ്ക്ക് ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ച അമരം, ആരവം, വെങ്കലം തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ചിലതുമാത്രം. 1998 ലായിരുന്നു ഭരതന്റെ വിയോഗം.

അതിനുശേഷം കുറച്ച് നാൾ സിനിമയിൽ നിന്ന് മാറി നിന്ന ലളിത, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'വീണ്ടും ചില വീട്ടുകാര്യങ്ങളി'ലൂടെ വീണ്ടും സജീവമായി. 'കാതലുക്ക് മര്യാദൈ', മണിരത്നത്തിന്റെ 'അലൈപായുതേ', 'കാട്രുവെളിയിടെ' തുടങ്ങിയവയാണ് ശ്രദ്ധേയ തമിഴ് ചിത്രങ്ങൾ. മാമനിതൻ, ഒരുത്തി, പാരിസ് പയ്യൻസ്, ഡയറി മിൽക്ക്, പെറ്റമ്മ, ലാസറിന്റെ ലോകം തുടങ്ങിയ ചിത്രങ്ങളിലാണ് ഒടുവിൽ വേഷമിട്ടത്. ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ അ​ധ്യ​ക്ഷ​ സ്ഥാ​ന​ത്തെ​ത്തു​ന്ന ആ​ദ്യ​ത്തെ വ​നി​ത കൂ​ടി​യാ​ണ്. ക​മ്യൂ​ണി​സ്റ്റ്​ പാ​ർ​ട്ടി അ​നു​ഭാ​വിയായതിനാൽ 2016ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​ന് സി.​പി.​എം തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും പാ​ർ​ട്ടി​ക്കു​ള്ളി​ലെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന്​ ഒ​ഴി​വാ​ക്കി. ആ​ദ്യ​കാ​ല​ത്ത്​ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​യു​ടെ മ​ഹി​ള വി​ഭാ​ഗ​ത്തി​ന്റെ സം​സ്​​ഥാ​ന ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 'ക​ഥ​തു​ട​രും' എ​ന്ന​താ​ണ്​ ജീ​വ​ച​രി​ത്ര​ത്തി​ന്റെ പേ​ര്. അതിനു ചെറുകാട് പുരസ്കാരവും ലഭിച്ചു.

Tags:    
News Summary - Malayalee will never forget this simple performance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.