കോവിഡ്-19െൻറ ഭീതി മാർച്ച് തുടക്കം മുതലാണ് ഞങ്ങളെ ബാധിക്കാൻ തുടങ്ങിയത്. ഇറ്റലിയിലെ എല്ലാ കോളജുകളും അടച്ചിട്ടിരിക്കുകയാണ്. പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. അത്യാവശ്യത്തിന് പുറത്തേക്ക് പോകുകയാണെങ്കിൽ മാസ്ക്കും കൈയുറയുമെല്ലാം ധരിക്കണം. അമിതമായി ഇറങ്ങിയാൽ ഫൈൻ ഈടാക്കും. ക്ലാസുകൾ ഓൺലൈനായിട്ടാണ് നടക്കുന്നത്. യൂനിവേഴ്സിറ്റിക്ക് കീഴിലെ ഹോസ്റ്റലിലാണ് താമസം.
വടക്കൻ ഇറ്റലിയെപ്പോലെ കൂടുതൽ പേർക്ക് ഇവിടെ അസുഖം ബാധിച്ചിട്ടില്ലെങ്കിലും എങ്ങും കടുത്ത നിയന്ത്രണമാണ്. കറ്റാണിയ നഗരത്തിൽ മൂന്ന് ലക്ഷത്തോളം പേർ ഉണ്ട്. ഇതിൽ നിലവിൽ അഞ്ച് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. സിസിലി സംസ്ഥാനത്ത് എഴുനൂറോളം പേർ നിരീക്ഷണത്തിലാണ്. ഞാൻ പഠിക്കുന്ന യൂനിവേഴ്സിറ്റി ഓഫ് കറ്റാണിയയിലെ അഗ്രികൾച്ചർ വകുപ്പിലെ മൂന്ന് പ്രഫസർമാർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അവർ നോർത്ത് ടൂറിനിൽ പോയി വന്നപ്പോഴാണ് രോഗം ബാധിച്ചത്. ഇതോടെ ആ പഠനവകുപ്പ് മൊത്തമായി അടച്ചു.
നഗരവും റോഡുമെല്ലാം വിജനമാണ്. ജനം തടിച്ചുകൂടുന്ന സ്ഥലങ്ങളെല്ലാം അടച്ചു. ഷോപ്പിങ് മാളുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലെല്ലാം നിയന്ത്രണങ്ങളാണ്. ഹോട്ടലുകൾ, കഫറ്റീരിയ, ബാറുകൾ എന്നിവയെല്ലാം പൂട്ടി. ബസ് സർവിസുകൾ ഭാഗികമാണ്. പ്രവിശ്യകൾക്കിടയിലെ ട്രെയിനുകൾ ഓട്ടം നിർത്തി. മെട്രോയും നിയന്ത്രിച്ചിട്ടുണ്ട്. നാല് ദിവസം ഹോസ്റ്റലിൽ തന്നെയായിരുന്നു. ചൊവ്വാഴ്ച രാത്രി സാധനങ്ങൾ വാങ്ങാനായി പുറത്തിറങ്ങി. സൂപ്പർ മാർക്കറ്റുകൾ അടക്കാൻ സാധ്യതയുള്ളതിനാലാണ് പുറത്തിറങ്ങിയത്. അത്യാവശ്യത്തിന് ഭക്ഷണസാധനങ്ങളെല്ലാം വാങ്ങിവെച്ചു. സൂപ്പർ മാർക്കറ്റുകളിലെല്ലാം നീണ്ട വരിയാണ്. അകത്തേക്ക് പരമാവധി പത്ത് പേരെ മാത്രമാണ് ഒരേസമയം കയറ്റുന്നത്.
മുമ്പ് ആളുകൾ പരസ്പരം കണ്ടാൽ ചിരിക്കുമായിരുന്നു. ഇപ്പോൾ അതില്ല. എല്ലാവരും തലയും താഴ്ത്തിയാണ് നടക്കുന്നത്. അവനവെൻറ ആവശ്യം കഴിഞ്ഞാൽ താമസസ്ഥലം അണയാനുള്ള ഓട്ടത്തിലാണ്. വൈറസിനെക്കുറിച്ച് സർക്കാർ ആദ്യം മുതൽ കർശന നിർദേശങ്ങൾ നൽകിയിരുന്നു. പക്ഷെ, പ്രശ്നം രൂക്ഷമാക്കിയത് ജനങ്ങളുടെ അവജ്ഞ മനോഭാവമാണ്. നിർദേശങ്ങൾ ആരും മുഖവിലക്കെടുത്തില്ല. രോഗം വ്യാപിച്ചതോടെ സർക്കാർ കൂടുതൽ നിയന്ത്രങ്ങൾ കൊണ്ടുവന്നു. അതോടെയാണ് ജനങ്ങളും അനുസരിക്കാൻ തുടങ്ങിയത്. ആശുപത്രികളിലെല്ലാം പ്രത്യേക ഐസൊലേഷൻ വാർഡുകൾ ഉണ്ട്. സംശയമുള്ളവരെ അവിടെ നിരീക്ഷണത്തിൽ വെക്കുകയാണ്. സ്വദേശികൾക്ക് ചികിത്സയെല്ലാം സൗജന്യമാണ്.
കോളജിൽ 14 മലയാളികളുണ്ട്. കൂടാതെ അഞ്ച് മലയാളികളും പ്രദേശത്തുണ്ട്. തൃപയാർ, കോലഞ്ചേരി ഭാഗത്തുള്ള രണ്ട് വിദ്യാർഥികൾ ഫെബ്രുവരി 27, മാർച്ച് അഞ്ച് തീയതികളിലായി നാട്ടിലേക്ക് മടങ്ങി. അവർ ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിലാണ്. മറ്റൊരാൾ മാർച്ച് 15ന് പോകാൻ ഉദ്ദേശിച്ചിരുന്നെങ്കിലും അത് ഉപേക്ഷിച്ചു. കാമ്പസിന് അകത്ത് തന്നെയുള്ള ഹോസ്റ്റലിലായതിനാൽ ഭക്ഷണത്തിന് ബുദ്ധിമുട്ടില്ല. മുമ്പ് േപ്ലറ്റിൽ ഭക്ഷണം വിളമ്പി കഴിക്കുകയായിരുന്നു. ഇപ്പോൾ ഭക്ഷണം കാൻറീനിൽനിന്ന് കവറിലാക്കി തരികയാണ്.
നാട്ടിലേക്ക് മടങ്ങണമെങ്കിൽ വിമാനത്താവളത്തിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിക്കണമെന്ന സർക്കുലറുണ്ട്. ഇതുസംബന്ധിച്ച് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. പക്ഷെ എംബസി അധികൃതർക്ക് മെഡക്കൽ സർട്ടിഫിക്കറ്റിനെക്കുറിച്ച് യാതൊരു ധാരണയുമില്ല. സർട്ടിഫിക്കറ്റ് എവിടെനിന്നാണ് കിട്ടുക എന്നതിനെക്കുറിച്ച് ഡോക്ടർമാർക്കും അറിയില്ല. ഇത് എങ്ങനെ തയാറാക്കണമെന്ന മാർഗനിർദേശങ്ങളും നൽകിയിട്ടില്ല. മെഡിക്കൽ സർട്ടിഫിക്കറ്റില്ലാത്തതിനാൽ ഒരുപാട് പേരാണ് നാട്ടിലേക്ക് പോകാതെ വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുന്നത്. അതേസമയം, എംബസി ഇപ്പോൾ ഇറ്റലിയിലുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിച്ച് കൊണ്ടിരിക്കുകയാണ്.
തയാറാക്കിയത്: വി.കെ. ഷമീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.